തള്ളേ, ഇവരുടെ തള്ള് തീരുന്നില്ലല്ലോ !

സുരാജ് വെഞ്ഞാറന്മൂട്

തൃശൂരിലേക്ക് ഷൂട്ടിങ്ങിന് പോകും വഴി ദാഹം തോന്നിയ സൂരാജ് വെഞ്ഞാറന്മൂട് ഒരു കടയ്ക്കു മുമ്പിൽ ഇറങ്ങി വെള്ളം വാങ്ങിക്കുടിച്ചു. ഇതു കണ്ട് ഒരു ആരാധകൻ സുരാജിനോട് ചോദിച്ചു. മൊത്തം ക്ഷീണമാണല്ലോ ചേട്ടാ. സിനിമയിലൊന്നും കാണുന്നില്ല? അവതാരകനായതു കൊണ്ടു പിടിച്ചു നിൽക്കുവാണല്ലേ? ചോദ്യം കേട്ട സുരാജിന് വെള്ളം തൊണ്ടയിൽ കുടുങ്ങിയ പോലൊരു തോന്നൽ. മുഖത്ത് ചിരി വരുത്തി അവിടുന്ന് വേഗം സ്ഥലം വിട്ടു. ടിവിയിൽ പരിപാടി അവതരിപ്പിക്കാൻ തുടങ്ങിയ ശേഷം സുരാജ് വെ‍ഞ്ഞാറന്മൂട് ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണിത്. സിനിമയിലൊന്നും കാണുന്നില്ലല്ലോ എന്ന്. ഇതിനുത്തരം സുരാജ് തന്നെ പറയും.

ശരിക്കും സിനിമ കുറച്ചോ?

ദേ പിന്നേം അതേ ചോദ്യം. എനിക്കു വയ്യ. ഞാൻ ടിവിയിൽ പരിപാടി അവതരിപ്പിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ സിനിമ കുറച്ചിട്ടൊന്നുമില്ല. അവതരണം എനിക്കിഷ്ടമാണ്. സിനിമ പോലെയല്ല. നേരിട്ട് ആളുകളോട് സംസാരിക്കാം. അവരുടെ കഥകൾ കേൾക്കാം. പോരാത്തതിന് ഞാൻ അവതരിപ്പിക്കുന്നത് കോമഡി പരിപാടിയാണ്. അതു കൊണ്ട് തന്നെ കുറെ ചിരിക്കാം. സിനിമയെ ബാധിക്കാത്ത തരത്തിലാണ് അവതരണം. നിങ്ങള‌ുടെ അവതരണം ഭയങ്കര രസമാണ് കെട്ടോ എന്ന് ആളുകൾ പറയുന്നതു കേൾക്കുമ്പോൾ സന്തോഷം. ഞാൻ ഞാനായി നിന്നുകൊണ്ടാണ് അവതരിപ്പിക്കുന്നത്. ആരെയും അനുകരിക്കുന്നില്ല.

ദേശീയ അവാർഡ് ജേതാവ് അവതാരകനാകുന്നതിനെ ആരെങ്കിലും കുറ്റം പറഞ്ഞോ?

അതെല്ലാം എന്റെ ഇഷ്ടമാണ്. അവതരണം ഒരു പുതിയ അനുഭവമാണ്. പ്രോത്സഹനം ഒരുപാട് കിട്ടുന്നുണ്ട്. കൂടുതൽ അറിവ് കിട്ടുന്നുണ്ട്. ഒരു പാട് ജീവിതകഥകൾ നേരിട്ട് കേൾക്കാം. സിനിമയിലും കഥാപാത്രങ്ങൾ ചെയ്യാൻ ഇൗ അറിവ് സഹായിക്കും. പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാക്കാം. ഒരു പാട് ചിരിക്കാം. ചിരിക്കുന്ന ആളുകളുമായി കൂട്ടുകൂടാം. ഞാൻ ഒരുപാട് ചിരിക്കാൻ ഇഷ്ടമുള്ള ആളാണ്. ഇതൊക്കെയല്ലേ നമ്മുടെ ചെറിയ ജീവിതത്തിൽ അവസാനം ബാക്കിയാവൂ.

അവതാരക വേഷം ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം?

പ്രധാനമാറ്റം ആളുകൾ സിനിമയൊന്നും ഇല്ലല്ലേ എന്ന ചോദിക്കുന്നതാണ്. അവതാരകനാകുമ്പോ ഒരു ലുക്കിനു വേണ്ടി ജിമ്മിലൊക്കെ പോയി വയറു കുറച്ചു.ഇത് കണ്ട് ആളുകൾ ചോദിച്ചു, എന്തു പറ്റി ഷുഗറാണോന്ന്?. ഇത്തിരി തടിച്ചാൽ ചോദിക്കും വയറൊക്കെ ചാടി വൃത്തി കേടായല്ലോ? സിനിമയിൽ എങ്ങനെ പിടിച്ചു നിൽക്കുമെന്ന്? മെലിഞ്ഞാൽ ഷുഗറാണോന്നും ചോദിക്കും. അതാണ് മലയാളി. സിനിമയില്ലേ എന്ന് ചോദിക്കുന്നവരോട് റിലീസാവുന്ന സിനിമയുടെ പേരുകൾ ഒാരോന്നായി പറഞ്ഞു കൊടുക്കും. ചോദിക്കുന്നവരെല്ലാം സിനിമ കാണാത്തവരാണ്. ഞാൻ ജീവിതത്തിൽ എല്ലാം പോസിറ്റീവായി കാണാൻ ആഗ്രഹിക്കുന്നയാളാണ്.

അവാർഡ് ലബ്ധിക്കു ശേഷം സീരിയസ് കഥാപാത്രങ്ങൾ തേടി വന്നോ?

അങ്ങനെ വരാറില്ല. വന്നാൽ എടുക്കുകയുമില്ല. ഞാൻ നായകവേഷം ചെയ്യുമെങ്കിൽ എനിക്ക് പറ്റിയതേ ചെയ്യു. യാതൊരു വാശിയുമില്ല. നായക വേഷത്തിലുള്ള ‌ഒരു കഥ റെഡിയായി വരുന്നുണ്ട്. ഇപ്പോൾ പേര് പറയില്ല. ആദ്യം മനോരമ ഒാൺലൈനോട് വെളിപ്പെടുത്താം.. ഏത് കാഥാപാത്രം കിട്ടിയാലും ചെയ്യും. ഒന്നിനോടും നോപറയില്ല.

കോമഡിക്ക് അവാർഡ് നൽകണമെന്ന് ഇപ്പോഴും അഭിപ്രായമുണ്ടോ?

എനിക്ക് കോമഡിക്ക് അവാർഡ് കിട്ടിയപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. നമ്മൾ ചെയ്യുന്ന പ്രവർത്തിക്കുള്ള അംഗീകാരമാണത്. പുരസ്കാരങ്ങൾ എപ്പോഴും സന്തോഷമാണ് തരുന്നത്. എല്ലാവർക്കും നായകനായും സ്വഭാവനടനായുമൊന്നും അഭിനയിക്കാൻ കഴിയില്ലല്ലോ? അപ്പോൾ അവാർഡ് ലഭിച്ചാൽ നല്ലത്. തന്നില്ലെങ്കിൽ വേണ്ട, അത്രേ ഉള്ളൂ.