‌‌‌ഞാനാകെ കടമെടുത്തത് എന്റെ അച്ഛനെ; ടിനി ടോം മനസ്സു തുറക്കുന്നു

നടൻ ടിനി ടോമിന്റെ അഭിനയജീവിതത്തിലെ വേറിട്ട കഥാപാത്രമാണ് ഡഫേദാർ അയ്യപ്പൻ. അറുപത്തിയഞ്ചുകാരനായി ജീവിക്കുകയായിരുന്നു ടിനി. മലയാള സിനിമയില്‍ ഇതുവരെ ആരും പറയാനും ചെയ്യാനും തയ്യാറാകാതിരുന്ന ഒരു പ്രമേയമാണ് ഡഫേദാർ എന്ന സിനിമയുടേത്. ഈ കഥാപാത്രം ഏറ്റെടുക്കുമ്പോൾ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടതായി ടിനി പറയുന്നു. കൂടുതൽ വിശേഷങ്ങളുമായി ടിനി ടോം മനോരമ ഓൺലൈനിൽ....

∙ സീരീയസ് റോളുകൾ ഇതിനു മുൻപ് ചെയ്തിട്ടുണ്ടെങ്കിലും ഡഫേദർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ഇത്രയും പ്രായമുള്ള വേഷം ആദ്യമായാണ് ചെയ്യുന്നത്. ഉർവശി ചേച്ചി എന്നോടു പറഞ്ഞു, ‘ടിനി അതു ചെയ്യണം.’ ഒരു അഭിനേതാവ് നമ്മുടെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രം ചെയ്യുമ്പോഴാണ് ഇംപ്രൂവ് ചെയ്യപ്പെടുന്നത്. ഇയാൾക്ക് കപ്പാസിറ്റി ഉണ്ടെന്നറിയുന്നത്. നമ്മുടെ ഈ പ്രായത്തിൽ അധ്യാപകനായോ പൊലീസ് ഓഫീസറായോ അഭിനയിക്കാം. ഒരു അഭിനേതാവിന് വേഷപ്പകർച്ച ഉണ്ടാകണം. ആ വേഷപ്പകർച്ച ലഭിച്ചത് ഡഫേദാർ എന്ന സിനിമയിലാണ്. ബാക്കി എല്ലാത്തിലും എന്റെ പ്രായത്തിലുള്ള കഥാപാത്രം തന്നെയായിരുന്നു.

65 വയസുള്ള ഒരു വേഷം ചെയ്യുമ്പോൾ അത്രയും ഡെഡിക്കേറ്റഡ് ആകുന്നത് അത് സ്വീകരിക്കപ്പെടുമ്പോഴാണ്. പ്രേക്ഷകർ കണ്ട് വിലയിരുത്തുമ്പോഴാണ് ഇതിന് ഒരു ഫലം കിട്ടിയെന്ന് ഞാൻ കരുതുന്നത്. മാധ്യമങ്ങളിൽ നിന്നൊക്കെ ഇന്റർവ്യൂന് വിളിക്കുമ്പോഴും നല്ല റിവ്യൂ വരുമ്പോഴും സന്തോഷമുണ്ട്. പിന്നെ പ്രേക്ഷകർ നൽകുന്ന പ്രതികരണം. അതൊരു ഗിഫ്റ്റ് ആണ്. സാധാരണ ജനങ്ങൾ ഈ ചിത്രത്തെക്കുറിച്ച് അറിഞ്ഞു തുടങ്ങി തിയറ്ററിലേക്ക് എത്തുന്നതിനു മുമ്പ‌േ തിയറ്ററുകാർ പടം എടുത്തു മാറ്റുന്ന ഒരു പ്രവണത ഉണ്ട്. കാത്തിരിക്കാനുള്ള ഒരു ക്ഷമ അവർക്കുമില്ല.

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പടം പോലെ ഒരു ഇനിഷ്യൽ ഇത്തരം സിനിമകള്‍ക്കു കിട്ടില്ല. പറഞ്ഞറിഞ്ഞ് സാധാരണക്കാർ എത്തുമ്പോഴേക്കും ചിത്രം തിയറ്ററിൽ നിന്ന് എടുത്തുമാറ്റുകയും ചെയ്യും. അതാണ് ഇത്തരത്തിലുള്ള ചിത്രങ്ങളുടെ പ്രശ്നം. സലിംകുമാറിന്റെ ആദാമിന്റെ മകൻ അബു, സുരാജിന്റെ പേരറിയാത്തവർ ഇതിനൊക്കെ സംഭവിച്ചതും ഇതു തന്നെയാണ്.

തമാശ ഇല്ലാത്ത ഒരു ചിത്രമാണിത്. തമാശ ചെയ്തിട്ടുള്ള ഒരാൾ എന്ന രീതിയിൽ, വീണ്ടും തമാശയാണ് ചെയ്യുന്നതെന്ന രീതിയാണ് പലരുടേതും. ഡഫേദാർ ഒരുതവണ കാണുന്ന ഒരാൾക്ക് ആ ക്യാരക്ടർ മനസിൽ തങ്ങി നിൽക്കും അത്രമാത്രം റിസ്ക്കുകൾ ഈ ചിത്രത്തിനു വേണ്ടി ഞാൻ എടുത്തിട്ടുമുണ്ട്

∙ പ്രായമുള്ള വേഷം ആദ്യമായാണ് ചെയ്യുന്നതെന്നു പറഞ്ഞു. ചിത്രത്തിനു വേണ്ടി പ്രത്യേകം തയാറെടുപ്പുകൾ വല്ലതും നടത്തിയിരുന്നോ?

65 വയസുള്ള കഥാപാത്രമാകുമ്പോൾ ശബ്ദം, ശരീരം, രൂപം ഇവയൊക്കെ മാറണം. പക്ഷേ ഇതൊരു ഫാൻസിഡ്രസ് ആയി മാറരുത്. അതിനു വേണ്ടി ഒരു നടനെയും അനുകരിക്കാൻ സാധിക്കില്ല. ഇത് ആരെപ്പോലെ ആയിരിക്കണമെന്നതിന് ഒരു റഫറൻസ് നോക്കുമല്ലോ. ഇപ്പോൾ തിലകൻ ചേട്ടനും നെടുമുടി ചേട്ടനുമൊക്കെ ചെയ്തുവച്ചിരിക്കുന്നത് കടമെടുത്താൽ അപ്പോൾ തന്നെ പ്രേക്ഷകർക്കു മനസിലാകും. പ്രത്യേകിച്ച് ഞാനൊരു മിമിക്രിക്കാരൻ കൂടി ആയതുകൊണ്ട് അപ്പോൾ തന്നെ പിടിക്കും. അതുകൊണ്ട് ഇതിേക്ക് ഞാനാകെ കടമെടുത്തത് എന്റെ അച്ഛന്റെ ചേഷ്ടകളും കാര്യങ്ങളുമൊക്കെയാണ്( അച്ഛൻ കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയാണു മരിച്ചത്). അദ്ദേഹത്തിന്റെ ജീൻ എന്നിൽ ഉണ്ടല്ലോ. അതാകുമ്പോൾ സിങ്ക് ആകുമെന്ന് വിചാരിച്ചു. അതുമാത്രമാണ് ഞാൻ എവിടുന്നെങ്കിലും കടമെടുത്തിട്ടുള്ളത്.

ഡഫേദാർ അയ്യപ്പൻ എങ്ങനെ ആയിരിക്കുമെന്നത് മനസിലാക്കാൻ ഒരു മാസം മറ്റെങ്ങും പോകാതെ ആ സിനിമയുടെ കൂടെത്തന്നെ നിന്നു. എന്റെ മീശ വളർത്തി വലുതാക്കി. എന്റെ വരുമാന സ്രോതസെല്ലാം നിർത്തിയിട്ടായിരുന്നു ഇതു ചെയ്തത്. അതായത് സ്റ്റേജ് ഷോകളും ചാനൽ പരിപാടികളും വിദേശ പരിപാികളുമാണ് ആകെ വരുമാന സ്രോതസ്. ഇതെല്ലാം ചിത്രത്തിനു വേണ്ടി മാറ്റിനിർത്തിയിരുന്നു. അതുകൊണ്ടാണ് കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ സാധിച്ചതും കണ്ടവരെല്ലാം ഇതുവരെയും നല്ല അഭിപ്രായമാണ് പങ്കു വച്ചതും.

∙ കലാഭവൻ മണിക്കു പകരക്കാരനായി എത്തിയ ടിനിടോം?

കലാഭവൻ മണിക്ക് പകരമാകാൻ എനിക്കൊരിക്കലും സാധിക്കില്ല. അദ്ദേഹം സ്റ്റേജിൽ കൂലിപ്പണിയാണു ചെയ്യുന്നത്. വിയർത്തൊലിച്ചു വന്ന് വിരലുകൊണ്ട് നെറ്റിയിൽ നിന്ന ആ വിയർപ്പ് നീക്കി സ്റ്റേജിൽ ഇട്ടിട്ടേ പോകാറുള്ളൂ. പല കലാകാരൻമാരും ഇറങ്ങിപ്പോകുമ്പോഴും മേക്കപ്പിലാണ് ശ്രദ്ധിക്കുന്നത്. മേക്ക്അപ് ഇട്ടിട്ടാണ് ഇറങ്ങിപ്പോകുന്നതും. അതിനു പകരക്കാരനാകാൻ ലോകത്ത് ഒരു കലാകാരനും സാധിക്കില്ല. ഡഫേദാർ അയ്യപ്പനാകാനായി ഞാൻ പരമാവധി ശ്രമിച്ചു. അതു വിജയത്തിലെത്തിയെന്നും ഞാൻ വിശ്വസിക്കുന്നു.

∙ തിയറ്റർ പ്രശ്നം ടിനി തന്നെ നേരത്തേ സൂചിപ്പിച്ചു. ഇപ്പോൾ സ്റ്റാർവാല്യു ഉള്ള ചിത്രങ്ങൾക്കു മാത്രമേ തിയറ്റർ കിട്ടൂ എന്നുള്ള പ്രവണത ഉള്ളതായി തോന്നിയിട്ടുണ്ടോ?

സ്റ്റാർ വാല്യു ചിത്രങ്ങൾക്ക് ഇനിഷ്യൽ കിട്ടും. അതിനു നല്ല അഭിപ്രായം കൂടിയുണ്ടെങ്കിൽ ചിത്രം കയറിപ്പോകുകയും ചെയ്യും. നമ്മുടെയൊക്കെ സിനിമ ആകുമ്പോൾ വളർത്തി വലുതാക്കണം. അതായത് ഒരു കുഞ്ഞു ജനിച്ച് വരുന്നതുപോലെ. അതുകൊണ്ട് ഇതുപോലെയുള്ള പടങ്ങൾക്ക് ഒരു സാവകാശം കൊടുക്കണം. ആദ്യം തന്നെ ജനങ്ങൾ നമ്മളെപ്പോലുള്ളവരുടെ പടങ്ങൾക്ക് ഇടിച്ചു കയറില്ല. കഥാമൂല്യമുള്ള ചിത്രങ്ങൾക്ക് സാവധാനമേ കയറിവരാറുള്ളൂ.

ശങ്കരാഭരണം എന്ന ചിത്രം രണ്ടുമൂന്നാഴ്ചയ്ക്കു ശേഷമാണ് തിയറ്ററുകളിൽ കയറിവന്നത്. റാംജിറാവു സ്പീക്കിങ്ങ് രണ്ടാഴ്ച കാത്തിരുന്നിട്ടാണ് പ്രേക്ഷകർ കയറിത്തുടങ്ങിയത്. ഇത് രണ്ടു ദിവസം പോലും കാത്തു നിൽക്കാതെ മാറ്റുമ്പോഴുള്ള ഒരു വിഷമമുണ്ട്.

∙ കേട്ടതിൽ മികച്ച പ്രതികരണം?

സാധാരണ പ്രേക്ഷകരുടെ പ്രതികരണത്തിനാണു ഞാൻ ഏറ്റവും വില കൽപിക്കുന്നത്. അല്ലാതെ മറ്റാരും എന്തു പറഞ്ഞിട്ടും കാര്യമില്ല. പത്രങ്ങളും ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരെങ്കിലുമൊക്കെ എവിടെ നിന്നെങ്കിലും ഇതുപോലുള്ള സപ്പോർട്ടുകൾ തരുന്നത് ഇതുവരെ ചെയ്ത അധ്വാനത്തിന്റെ ഫലമാണെന്നു വിശ്വസിക്കുന്നു. പ്രേക്ഷകരുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി ഞാൻ കാതോർത്തിരിക്കുന്നു.