ലാലേട്ടന്റെ പിന്തുണ ഒപ്പമുള്ളപ്പോൾ എന്തിന് ടെൻഷൻ: ഉണ്ണി മുകുന്ദൻ

തെലുങ്കു സിനിമയുടെ സെറ്റിലെത്തിയപ്പോൾ നടൻ ഉണ്ണി മുകുന്ദൻ പ്രൊഡക്‌ഷൻ മാനേജരോട് ആദ്യം ചോദിച്ചത് ‘എനിക്കു വെള്ളം വേണം’ എന്ന് എങ്ങനെ തെലുങ്കിൽ പറയാമെന്നാണ്. അൽപം കഷ്ടപ്പെട്ടിട്ടാണെങ്കിലും ‘മജാ നീരു പവാലി’ എന്ന വാക്കു പഠിച്ചെടുത്തു. തെലുങ്കിൽ ഉണ്ണിയുടെ ആദ്യ സിനിമ, ജനതാ ഗാരേജ്, മോഹൻലാലിനൊപ്പമാണ്. അതും വില്ലനായി.രണ്ടാമത്തെ ചിത്രത്തിൽ നായകനാണ്. തെന്നിന്ത്യയിലെ സുന്ദരിമാരിൽ പ്രമുഖയായ അനുഷ്ക ഷെട്ടിയാണു ഉണ്ണിയുടെ നായിക.

∙ തെലുങ്ക് തെരുസാ

ജനതാ ഗാരേജിന്റെ സെറ്റിൽ ലാലേട്ടൻ തെലുങ്ക് ഡയലോഗ് പഠിച്ചെടുക്കുന്നതു കണ്ടപ്പോഴാണ് എന്നാ പിന്നെ തെലുങ്കിനെ പേടിക്കുന്നതെന്തിനെന്നു തോന്നിയത്. ഡയലോഗ് മനഃപാഠമാക്കി പഠിക്കുകയായിരുന്നു. അതു പിന്നീടു ഡബ്ബിങ്ങിനെത്തിയപ്പോൾ സഹായകരമായി. നാലു മണിക്കൂർ കൊണ്ടു ഡബ്ബിങ് പൂർത്തിയാക്കിയപ്പോൾ ലോകം കീഴടക്കിയ സന്തോഷം. ഒരു ഭാഷയെക്കൂടി വളച്ചെടുത്ത ചാരിതാർഥ്യം. പുതുമുഖമായി ആദ്യ സിനിമയുടെ സെറ്റിലെത്തിയ അതേ വികാരമായിരുന്നു ജനതാ ഗാരിജിന്റെ സെറ്റിലും. കരിയറിന്റെ ഏറ്റവും വലിയ സംഭവം, ആദ്യമായി മറ്റൊരു ഭാഷയുടെ മുറ്റത്തെത്തുമ്പോഴുള്ള ഒരു ടെൻഷൻ. പക്ഷേ, ലാലേട്ടന്റെ പിന്തുണ ഒപ്പമുള്ളപ്പോൾ പിന്നെയെന്തിനു ടെൻഷൻ. – ഉണ്ണിക്കു ആത്മധൈര്യമേറി.

∙ അനുഷ്ക പോന്നോട്ടെ

ജനതാ ഗാരേജിൽനിന്ന് ഉണ്ണി പോകുന്നത് അടുത്ത തെലുങ്ക് സിനിമയിലേക്കാണ്. പ്രമുഖ ബാനറായ യുവി പ്രൊഡക്‌ഷൻസിന്റെ ബാഗ്മതി എന്ന ചിത്രത്തിൽ നായകനായി. അനുഷ്ക ഷെട്ടിയാണു നായിക. ഓഗസ്റ്റിൽ ചിത്രീകരണ സംഘത്തിനൊപ്പം ചേരുന്ന ഉണ്ണിക്കിപ്പോൾ നോ ടെൻഷൻ. തെലുങ്കു പറയാനും പറയിക്കാനും അഭിനയിക്കാനും ഇപ്പോൾ എക്സ്ട്രാ ആത്മധൈര്യമാണ്. അൽപം കട്ടിയുള്ള ഡയലോഗ് തൊണ്ടയിൽ കുരുങ്ങിയാൽ മജാ നീരു പവാലി എന്നു പറഞ്ഞാ മതിയെന്ന് ഉണ്ണിക്കറിയാം..!!