ചെമ്പന്‍ ചേട്ടന്‍ കലക്കി: വിനയ് ഫോര്‍ട്ട്

സംവിധായകന്‍ ഏല്‍പ്പിക്കുന്ന ഏത് കഥാപാത്രവും വിനയ് ഫോര്‍ട്ട് എന്ന നടനില്‍ തികച്ചും ഭദ്രമായിരിക്കും. വിനയിയുടെ കഥാപാത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇതിനൊരു പ്രധാനകാരണം.

ജാവാ മാഷിന്റെ കാര്യം പറയാതെ തന്നെ അറിയാമല്ലോ. വിനയുടെ മാവ-ജാവ ഡയലോഗുകളും സബർജല്ലി തോട്ടവുമെല്ലാം സോഷ്യൽമീഡിയയിൽ ഇന്നും ആഘോഷമാണ്. ‘വിമല്‍’ എന്ന കഥാപാത്രത്തിന് ശേഷം വിനയ്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിനയ് സംസാരിക്കുന്നു....

ഈ ഉറുമ്പുകളും ഉറങ്ങുന്നില്ല

വളരെ അധികം സന്തോഷത്തിലാണ് ഞാൻ. പ്രതീക്ഷിച്ചതിലും ഉപരി ചിത്രം പ്രേക്ഷകരിൽ എത്തി. ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം, സിനിമ തീർന്നു കഴിഞ്ഞപ്പോൾ പ്രേക്ഷകർ എഴുന്നേറ്റു നിന്ന് കൈയടിക്കുന്നത് കാണാനിടയായി. ഒരിടത്തും പ്രേക്ഷകർ നിരാശരാകുന്നില്ല എന്നതാണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത്.

താരമൂല്യമില്ലാത്തതിനാലും സ്റ്റാർവാല്യു ചിത്രത്തിനൊപ്പം റിലീസ് ചെയ്തതിനാലും ചിത്രം എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തുമെന്ന ഒരു ഭീതിയും ഉണ്ടായിരുന്നു. ആദ്യ ദിവസം തീരെ ആളു കുറവായിരുന്നെങ്കിലും പിന്നീടു ലഭിച്ച മൗത്ത് പബ്ലിസിറ്റി കൊണ്ട് ബാക്കി ഷോകൾ ഹൗസ്ഫുൾ ആയിരുന്നു. ബോർ അടിപ്പിക്കാതെ പ്രേക്ഷകരെ മുന്നോട്ടു കൊണ്ടുപോകും. സിനിമയുടെ വിഷയം തന്നെ രസകരായിട്ടുള്ളതാണ്. ഒരു കോമഡി ത്രില്ലർ മൂവിയാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. എല്ലാത്തരം ആളുകളിലേക്കും എളുപ്പത്തിൽ എത്തുന്ന പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം പുറത്തിറക്കിയ ഒരു കൊച്ചു സിനിമ.

ചെമ്പന്‍ ചേട്ടന്‍ കലക്കി

വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളൻമാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചെമ്പൻ വിനോദ്, അജു വർഗീസ്, ജോജു ജോർജ്, സുധീർ കരമന, ശ്രീജിത് രവി, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇത് ഒരു കൂട്ടായ്മയിൽ നിന്നുണ്ടായ ചിത്രമാണ്. എല്ലാ കഥാപാത്രങ്ങൾക്കും ഒരു പോലെ പ്രശംസ കിട്ടിയെങ്കിലും എടുത്തു പറയേണ്ടത് ചെമ്പൻ വിനോദിന്റെ പെർഫോമൻസ് ആണ്. ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ ചെമ്പന് ലഭിച്ച ഒരു മികച്ച വേഷം കൂടി ആയിരുന്നു ഇതിലെ ബെന്നി എന്ന കഥാപാത്രം. എന്നു നിന്റെ മൊയ്തീനൊപ്പം തന്നെ ഒരു സ്പേസ് ഈ ഉറുമ്പുകൾക്കും തന്നതിൽ പ്രത്യേക നന്ദി.

ഉറുമ്പുകൾ ഉറങ്ങുമോ?

ഉറുമ്പുകൾ ശരിക്കും ഉറങ്ങാറില്ല. അതുപോലെയാണ് കള്ളൻമാരും. ഉറുമ്പുകളെയും കള്ളൻമാരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം കൂടിയാകുന്നു ഇത്. ആ ബന്ധിപ്പിക്കൽ ചിത്രം കണ്ടാൽ മാത്രമേ മനസിലാകൂ.

പ്രേമത്തിനു ശേഷം

പ്രേമത്തിലെ വിമൽ മാഷിനു ശേഷം കിട്ടുന്ന ഒരു ലീഡ് റോൾ കാരക്ടർ ആണ് ഇതിലെ മനോജിന്റെ വേഷം. അ‍ഞ്ച് പ്രധാന കള്ളൻമാരിൽ ഒരു കള്ളനായാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു ഹീറോയിസവും ഇല്ല. പച്ചയായ മനുഷ്യരുടെ കഥയാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾക്ക് സിനിമയുമായി റിലേറ്റ് ചെയ്യാനും സാധിക്കുന്നുണ്ട്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം തന്നെയാണ് എനിക്കു ലഭിച്ചത്.