‘ഇപ്പോൾ വലിയ സന്തോഷമാണ് ആശ്വാസവും’; ഭാവന മനസ്സു തുറക്കുന്നു

ഇതു സ്നേഹത്തിന്റെ സെൽഫികൾ. വിവാഹ നിശ്ചയത്തിനു ശേഷം ഭാവനയും പ്രതിശ്രുത വരൻ നവീനും ചേർന്നെടുത്ത സെൽഫികളും ഫോട്ടോകളും മനോരമ ഓൺലൈനിനു സമ്മാനിച്ചു. ഫോട്ടോകൾ അയക്കുമ്പോൾ ഭാവന പറഞ്ഞു, ‘ജീവിതം എനിക്കു എന്തെല്ലാമാണു സമ്മാനിക്കുക എന്നറിയില്ല. ഇപ്പോൾ വലിയ സന്തോഷമാണ്. ആശ്വാസവും.’ വിവാഹനിശ്ചയത്തിന് ശേഷം ഇതാദ്യമായാണ് ഒരു മാധ്യമത്തിനോട് ഭാവന മനസ്സു തുറക്കുന്നത്.

വിവാഹമോഹ ബന്ധം ഇരു വീട്ടുകാരും അംഗീകരിച്ചതോടെ ഭാവനയ്ക്കും നവീനും സൗഹൃദകാലം. ഈ വർഷാവസാനമാണു വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഭാവന കഴിഞ്ഞ ദിവസം നവീനിന്റെ ബന്ധുക്കളെ സന്ദർശിച്ചിരുന്നു. നവീന്റെ വീട്ടുകാർ ഭാവനയുടെ വീട്ടിലുമെത്തി. വിവാഹത്തിനു മുൻപു ഭാവനയ്ക്കു രണ്ടു മലയാള സിനിമയും ഒരു കന്നഡ സിനിമയും പൂർത്തിയാക്കാനുണ്ട്. വിവാഹ ശേഷം ബെംഗളൂരുവിലാകും കുടുംബമുണ്ടാകുക... ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയാകുന്നു. 

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടു നടന്നത്. നടിയും ഭാവനയുടെ അടുത്ത സുഹൃത്തുമായ മഞ്ജുവാര്യരും സംയുക്താ വർമയും മാത്രമാണ് സിനിമാ മേഖലയില്‍ നിന്നു പങ്കെടുത്തത്. വരന്റെ വീട്ടുകാർ വധുവിനെ കാണാനെത്തുന്ന ചടങ്ങ് പെട്ടന്നു വിവാഹനിശ്ചയ ചടങ്ങാക്കി മാറ്റുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പാണ് നവീനിനെ പരിചയപ്പെടുന്നത്. ഭാ‌വന നായികയായ കന്നഡ ചിത്രമായ റോമിയോ നിര്‍മിച്ചത് നവീനാണ്. ഈ പരിചയം പിന്നീട് പ്രേമമായി മാറുകയായിരുന്നു.

മലയാളത്തില്‍ ചെറിയ ഇടവേള വന്നെങ്കിലും ഭാവനയുടെ പുതിയ ചിത്രം ഹണീ ബി 2 റിലീസിനെത്തിയിരുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രം.