‘ടേക്ക് ഓഫ് കണ്ട് ഭാര്യ പറഞ്ഞു, പാർവതി ഒരു സംഭവമാണ്’

പ്രശസ്ത ചിത്രസംയോജകൻ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ടേക്ക് ഓഫ് മികച്ച വിജയത്തിലേക്ക്. റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം ഗംഭീരപ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകർ മാത്രമല്ല സിനിമാപ്രവർത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.

ടേക്ക് ഓഫ് ഗംഭീരമെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞത്. സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മികച്ച മേയ്ക്കിങ് നിറഞ്ഞ സിനിമയാണ് ടേക്ക് ഓഫെന്ന് രഞ്ജിത് ശങ്കർ. മലയാളസിനിമയുടെ വളർച്ചയെ ആണ് ഈ ചിത്രത്തിലൂട കാണാനാകുന്നത്. ഇത് മലയാളസിനിമയുടെ ടേക്ക് ഓഫ്.–രഞ്ജിത് പറഞ്ഞു.

ബോബൻ സാമുവല്‍– മലയാളസിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ

ജോജു ജോർജ്– ടേക്ക് ഓഫ് ഒരു മാസ്റ്റർ പീസ്

ജൂഡ് ആന്തണി ജോസഫ്– രാജ്യാന്തരനിലവാരത്തിലുള്ള മലയാളസിനിമയാണ് ടേക്ക് ഓഫ്. ബ്രില്യന്റ് സിനിമ. ഫഹദ്, നിങ്ങള്‍ വേറെ ലെവലാണ്. ആസിഫ് ഉൾപ്പടെയുള്ള അഭിനേതാക്കൾ മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ചാക്കോച്ചാ, നിങ്ങളിൽ അഭിമാനിക്കുന്നു. നിങ്ങൾ അത്ഭുതപ്പെടുത്തുന്നു. പാര്‍വതി, സിനിമ കാണുന്നതിനിടെ ഒരു നഴ്സായ എന്‍റെ ഭാര്യ എന്‍റെ കൈ പിടിച്ചു പറഞ്ഞു, പാര്‍വതി ഒരു സംഭവമാണെന്ന്. ഈ വേഷത്തിനായി നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്രശംസയും ഇതുതന്നെയായിരിക്കും.

ഗോപി ചേട്ടന്റെ ബിജിഎം ഗംഭീരം. ചെറിയ ബഡ്ജറ്റില്‍ ഇത്രയും സാങ്കേതിക തികവോടെ ഒരു സിനിമ ചെയ്യാം എന്ന് കാണിച്ചു തന്ന മഹേഷേട്ടാ, അതിന് താങ്ങായി നിന്ന ആന്റോ ചേട്ടാ, സല്യൂട്ട്.
രാജേഷേട്ടന് ഇതിലും നല്ല ആദരം നൽകാനില്ല. അദേഹത്തിന്റെ പേരുഴുതി കാണിച്ചപ്പോള്‍ കിട്ടിയ കയ്യടി ട്രാഫിക്കിനെ ഓർമിപ്പിച്ചു. ഇനി ഒരുപാട് കാലം മലയാള സിനിമയ്ക്കു മുന്നോട്ടു പോകാന്‍ ഈ ഊര്ജം ധാരാളം മതി.

ബേസിൽ ജോസഫ്–മലയാള സിനിമക്ക് അഭിമാനിക്കാൻ മറ്റൊരു സിനിമ കൂടി...

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നുപേരുടെ അഭിനയപ്രകടനവും ട്രെയിലറിന്റെ മറ്റൊരു ആകർഷണമാണ്. രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നഴ്സുമാരുടെ ജീവിതകഥ പറയുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിനു വേണ്ടി വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ കഥ. ഇറാഖിലും സുഡാനിലുമെല്ലാം കടുത്ത പ്രതിസന്ധിയുടെ ദിനങ്ങളിലും പിടിച്ചു നിന്ന മലയാളി നഴ്സുമാരുടെ ജീവിതമാണു സിനിമയുടെ പ്രമേയം.

12 വർഷത്തിലേറെയായി മലയാള സിനിമയിൽ എഡിറ്ററുടെ വേഷത്തിൽ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. മലയാളത്തിൽ നവതരംഗത്തിന്റെ വക്താവായി തിളങ്ങി നിൽക്കവെ മരണത്തിനു കീഴടങ്ങിയ രാജേഷ് പിള്ളയുടെ പ്രൊഡക്ഷൻ ഹൗസാണു ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ഒപ്പമുണ്ട്.