മോഹൻലാൽ സാറിന്റെ മാജിക് ഞാനും കണ്ടു: അല്ലുസിരീഷ്

1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന മോഹന്‍ലാല്‍ ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ ഒരു യുവതാരം വലിയ പ്രതീക്ഷയിലാണ്. ചിത്രത്തില്‍ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു സിരീഷ് ആണ് മലയാളസിനിമയിലെ അരങ്ങേറ്റത്തെ പ്രതീക്ഷയോടെ കാണുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരമായ അല്ലു അര്‍ജുന്‍ന്‍റെ സഹോദരനാണ് അല്ലുസിരീഷ്. 

സയന്‍സ്ഫിക്ഷന്‍ ത്രില്ലറുകളും റൊമാന്‍റിക് സിനിമകളും ഇഷ്ടപ്പെടുന്ന അല്ലു സിരിഷിന് യുദ്ധചിത്രങ്ങളോട് വലിയ താല്‍പര്യമാണ്. മേജര്‍ രവിയുടെ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന ബിഗ്് ബജറ്റ് ചിത്രത്തെക്കുറിച്ചും വലിയ പ്രതീക്ഷയിലാണ്. മലയാളസിനിമയെക്കുറിച്ച് സഹോദരന്‍ അല്ലു അര്‍ജുന്‍ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പടെ മനസില്‍വച്ചാണ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഭാഗമായത്. 

‘മോഹൻലാൽ സാറിനെപ്പോലെ ഒരു ഇതിഹാസത്തിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുക എന്നതായിരുന്നു വലിയ സന്തോഷം. ഈ സിനിമയില്‍ അഭിനയിക്കാന്‍ കാരണമായതും അതുകൊണ്ടാണ്. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ. അതെന്റെ ഭാഗ്യം. മറ്റൊരു ഭാഗ്യം കൂടിയുണ്ട്. തിരക്കഥയിൽ എഴുതിവച്ചിരിക്കുന്നതിനെ രംഗങ്ങളാക്കി മാറ്റുന്ന അദ്ദേഹത്തിന്റെ മാജിക്. അത് കണ്ട് പഠിക്കാൻ സാധിച്ചു. ഞാൻ പരിചയപ്പെട്ടതിൽ ഏറ്റവും വിനയവും താഴ്മയുമുള്ള ആളാണ് മോഹൻലാൽ സാർ. പുതുമുഖമായ എന്നെ ഒരംഗത്തെപ്പോലെ തന്നെ നോക്കി. ഞങ്ങൾ ഒരുമിച്ച് സീനുകൾ റിഹേർസൽ ചെയ്തു. അദ്ദേഹത്തിന് ഒരുപാട് നന്ദി–അല്ലു സിരീഷ് പറഞ്ഞു.

ചിത്രത്തിലെ ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങള്‍ ഉള്‍പ്പടെ തികഞ്ഞസാങ്കേതികത്തികവോടെയാണ് ചിത്രീകരിച്ചത്. മലയാള സിനിമകള്‍ ഏറെ ഇഷ്ടമാണ്. മലയാളത്തില്‍ ഏറെ ഇഷ്ടം നിവിന്‍പോളിയെയും. 

ടേക് ഒാഫ് പോലുള്ള മലയാള സിനിമകള്‍ അതിശയിപ്പിക്കുന്നതാണ്. മലയാളി പ്രേക്ഷകര്‍ ഇതരഭാഷാസിനിമകള്‍ കാണുന്നവരാണ്. എന്നാല്‍ തെലുങ്ക് സിനിമാ ആസ്വാദകര്‍ ആ ശീലമുള്ളവരല്ല. 

ന്യൂയോര്‍ക് ഫിലിം അക്കാദമിയില്‍നിന്നുള്ള ഫിലം മേക്കിങ് കോഴ്സ് കഴിഞ്ഞാണ് അല്ലു സിരീഷ് സിനിമയില്‍ സജീവമായത്. ആയോധനകലകളിലും മികച്ച പരീശീലനം നേടിയ അല്ലുസിരീഷ് നടന്‍ പ്രകാശ് രാജ് നിര്‍മിച്ച ഗൗരവം എന്ന തമിഴ് തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.