ഇത് സുരഭിയുടെ മധുര പ്രതികാരം

മലയാളത്തിന്റെ അഭിമാനമായി സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന് ചിത്രത്തിലൂടെ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കോഴിക്കോട് ജില്ലയിലെ തനിനാടൻ പ്രദേശമായ നരിക്കുനിക്കാരിയിലെ നാടൻഭാഷ പറഞ്ഞ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സുന്ദരിയാണ് സുരഭി. സംസ്ഥാന അവാർഡ് സുരഭിക്ക് നൽകാത്തതിൽ ഒട്ടേറെ പ്രതിഷേധമുയർന്നിരുന്നു. സംഗീതസംവിധായകൻ ഒൗസേപ്പച്ചനുൾപ്പെടെ നിരവധി പേർ സുരഭിക്ക് പിന്തുണയുമായി അന്ന് രംഗത്തെത്തിയിരുന്നു. പ്രത്യേക പരാമർശം മാത്രമാണ് സുരഭിക്ക് സംസ്ഥാന സർക്കാർ നൽകിയത്. 

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് സുരഭി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ ചെറിയ വേഷമാണ് സുരഭിക്ക് ലഭിച്ചത്. പകൽ നക്ഷത്രങ്ങൾ, അയാളും ഞാനും തമ്മിൽ തുടങ്ങി മുപ്പത്താറോളം മലയാള സിനിമയിൽ സുരഭി അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കുറവായിരുന്നു. എന്തായാലും സുരഭിയുടെ അഭിനയമികവിനുള്ള പൊൻതൂവലാണ് ലഭിച്ച ഇൗ പുരസ്കാരം. സുരഭിയുടെ മധുര പ്രതികാരമാണ് ഇൗ ദേശീയ അവാർഡ്.

ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും സുരഭി അഭിനയിച്ചിട്ടുണ്ട്. ബിസിനസുകാരനായ വിപിനാണ് സുരഭിയുടെ ഭർത്താവ്. 

‘‘സത്യസന്ധമായി അഭിനയിക്കാനാണ് എനിക്കിഷ്‌ടം. കഥാപാത്രങ്ങൾ വലുതായാലും ചെറുതായാലും അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന ഫ്ലക്‌സിബിളായിട്ടുള്ള നടിയാകാൻ ഞാൻ ശ്രമിക്കുന്നു. നാടകത്തെക്കുറിച്ചും സ്‌റ്റേജുകളിൽ കഥാപാത്രങ്ങളെ അറിഞ്ഞും അഭിനയിക്കുക എന്നതാണ് എന്റെ തീരുമാനം. പഠനവും അഭിനയവും സീരിയസ്സായി കാണുന്നു. മികച്ച പെർഫോമർ ആകണം എന്നാണാഗ്രഹം. എനിക്കൊരു ഡോക്‌ടറേറ്റ് കിട്ടുന്നത് എന്റെ നാട്ടുകാരുടെ അഭിമാനമാണ്’’. സുരഭി പറയുന്നു.

സ്‌റ്റേറ്റ് കലോത്സവവും വൊക്കേഷണൽ ഹയർസെക്കൻഡറി കലോത്സവുമൊക്കെ രസകരങ്ങളായ ഓർമ്മകളായി സുരഭിയുടെ മനസ്സിലുണ്ട്. ഹയർസെക്കന്ററി കലോത്സവത്തിൽ ബെസ്‌റ്റ് ആക്‌ടറസ് ആയിരുന്നു. അപ്പോഴത്തെ ചിന്തകളിൽ നിന്നാണ് നാടകത്തോട് അഭിനിവേശം ഉണ്ടായത്. ഡിഗ്രിക്ക് ഭരതനാട്യമായിരുന്നു. എം.എക്ക് നാടകമെടുത്തു. എം.ജി. സർവകലാശാലയിൽ നിന്ന് എം.ഫിൽ നേടി. ഒരു അസംസ്‌കൃത വസ്‌തുവായിരുന്ന എന്നെ പോളിഷ് ചെയ്‌ത് എടുത്തത് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയാണ്.

അമ്മ ലക്ഷ്‌മിയാണ് എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത് അമ്മയെക്കാൾ കൂടുതൽ ധൈര്യമുള്ളവളാണ് അമ്മമ്മ. എന്റെ ഇഷ്‌ടത്തിനനുസരിച്ചാണ് പഠിക്കുന്നത്. എന്റെ ഇഷ്‌ടങ്ങൾക്ക് ആരും തടസ്സം നിൽക്കാറില്ല. എല്ലാവരോടും സൗഹൃദം സ്‌ഥാപിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ മനസ്സാണ് എന്റേത്. ഒരുതാരമല്ല ജനുവിൻ ആക്‌ടർ ആവുക എന്നതാണ് ലക്ഷ്യം., സുരഭി പറഞ്ഞു.