ബിഗ് ബി ഞങ്ങളുടെ അവസാന നൗകയായിരുന്നു; മമ്മൂക്ക ഇല്ലായിരുന്നെങ്കിൽ

ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അമൽ നീരദ് സംവിധാനരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ. ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 

തങ്ങൾക്കിതൊരു സിനിമ മാത്രമല്ലായിരുന്നെന്നും ഇതൊരു അതിജീവനമായിരുന്നെന്നും അമൽനീരദ് പറയുന്നു. ‘നോഹയുടെ പേടകം പോലെ ഇതായിരുന്നു ഞങ്ങളുടെ അവസാന നൗക. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് നന്ദി. ഞങ്ങളുടെ പേടകത്തിലെ ഹീറോയും രക്ഷകനും മമ്മൂക്കയായിരുന്നു. ഇക്കാലമത്രയും ഞങ്ങളുടെ തെറ്റുകുറ്റങ്ങളെയും നല്ലതിനെയും അംഗീകരിച്ച് കൂടെ നിന്ന ഏവർക്കും നന്ദി.’ അമൽ നീരദ് പറഞ്ഞു.

രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്.  ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും.

അല്‍ഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തലസംഗീതം. ഛായാഗ്രഹണം –സമീർ താഹിർ, സംഭാഷണം– ഉണ്ണി ആർ.

എന്നാൽ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തി. ടോറന്റിലും മറ്റും ഹിറ്റായ ബിഗ് ബി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്. ബിഗ് ബി പുറത്തിറങ്ങി പത്തുവർഷം പിന്നിടുമ്പോൾ അമൽ മമ്മൂട്ടിയുടെ മകൻ ദുൽക്കറിനെ നായകനാക്കി മറ്റൊരു ചിത്രം സംവിധാനം ചെയ്യുകയാണ്. 

സിഐഎ എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് അഞ്ചിന് തിയറ്ററുകളിലെത്തും.