മഹേഷിന്റെ ചെരുപ്പും പ്രതികാരവും

മഹേഷിന്റെ പ്രതികാരത്തിലെ ആദ്യത്തെ സീനിൽ റബർ ചെരുപ്പ് കല്ലിൽ ഉരച്ചുകഴുകി കരയിൽവച്ച് മഹേഷ് ഭാവന വെള്ളത്തിലേക്കു ചാടുമ്പോൾ ഏതെങ്കിലും പ്രേക്ഷകൻ വിചാരിച്ചിട്ടുണ്ടാകുമോ വെറുമൊരു ചെരുപ്പിനു സിനിമയിൽ ഇത്രയും പ്രാധാന്യമുണ്ടാകുമെന്ന്? വൈകിട്ടത്തെ ചായയ്ക്കൊപ്പം ചക്കപ്പഴം കിട്ടാത്തതിന് അമ്മയുമായി അടിയുണ്ടാക്കുന്നതാണു ജിംസിയുടെ ഇൻട്രോ സീൻ. എപ്പോൾ കവലയിലേക്കിറങ്ങിയാലും ക്രിസ്പിന് സോഡ സർബത്തോ ചായയോ നിർബന്ധമാണ്. 

ഇങ്ങനെ കുറേ കൗതുകങ്ങൾ ചെറിയ ഷോട്ടുകളിൽ മഹേഷിന്റെ പ്രതികാരം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. വിശദാംശങ്ങളാണ് തിരക്കഥയുടെ ദൈവമെന്നു വിശ്വസിക്കുന്ന ആളാണു മഹേഷിന്റെ കഥ പറഞ്ഞ ശ്യാം പുഷ്കരൻ. 

മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥ എഴുതാൻ ഇടുക്കി പ്രകാശ് സിറ്റിയിലെ വീട്ടിൽ ശ്യാം പുഷ്കരൻ മൂന്നു മാസത്തോളം താമസിച്ചു. ദിവസവും രാവിലെ എഴുന്നേറ്റു കാപ്പി കുടിക്കാൻ സിറ്റിയിലേക്കു പോകും. ആളുകളുമായി വെറുതെ സംസാരിച്ചുകൊണ്ടിരിക്കും. തിരിച്ചുവന്നു കഥയെഴുത്ത്.  

മെംബർ താഹിറിന്റെ സൈക്കിൾ തട്ടി മറിഞ്ഞുവീണ നെല്ലിക്കാച്ചാക്കും പ്ലാവിൽനിന്നു വീണു മരിച്ച വർക്കിപ്പാപ്പനുമൊക്കെ ഈ മൂന്നു മാസം കൊണ്ട് ഇടുക്കിക്കാരിൽനിന്നു കണ്ടറി‍ഞ്ഞ കഥകളാണ്. എപ്പോഴും കീ ചെയിൻ കയ്യിൽവച്ചു നടക്കുന്നയാളാണ് മഹേഷ് ഭാവന. കഥാപാത്രത്തിന് ആ മാനറിസം സജസ്റ്റ് ചെയ്തതു ഫഹദ് ആണ്.- ശ്യാം പറയുന്നു. വളരെ ഓപ്പൺ ആയി സംസാരിക്കുന്നവരാണ് ഇടുക്കിക്കാർ. 

എല്ലാം വളച്ചുകെട്ടില്ലാതെ നേരെ തന്നെ പറയും. അവരുടെ പ്രത്യേകതകൾ നിരീക്ഷിക്കാനും കൗതുകകരമായി തോന്നുന്നതു ശ്രദ്ധയിൽപ്പെടുത്താനും മൂന്ന് അസിസ്റ്റന്റ് ഡയറട്കർമാരെ ശ്യാം നിയോഗിച്ചു. സിനിമയിലെ വീടുകൾ തിര‍ഞ്ഞെടുക്കാൻ ശ്യാമും സംവിധായകൻ ദിലീഷ് പോത്തനും  ഇടുക്കി മുഴുവൻ സഞ്ചരിച്ചു. ഓരോ വീട്ടിൽ ചെന്നപ്പോഴും പേരയ്ക്ക, കുമ്പിളപ്പം, വാട്ടുകപ്പ, ചക്കപ്പഴം ഒക്കെ കഴിക്കാൻ കിട്ടി. അങ്ങനെ അവയെല്ലാം സിനിമയിലുമെത്തി. ‌ – ശ്യാം പറയുന്നു.