മൗഗ്ലിയുടെ റെക്കോർഡ് തകർക്കാൻ ബാഹുബലി

കഴിഞ്ഞ വർഷം ഇതേസമയം കേരളത്തിലെ നൂറോളം തിയറ്ററുകളിൽ റിലീസ് ചെയ്ത് 12 കോടിയോളം വാരിക്കൂട്ടിയ സിനിമയാണ് ജംഗിൾ ബുക്ക്. ഗ്ലോബൽയുണൈറ്റഡ് മീഡിയ ആയിരുന്നു സിനിമയുടെ വിതരണം കേരളത്തിൽ ഏറ്റെടുത്തത്. ഇപ്പോഴിതാ ഈ വർഷം മറ്റൊരു ബ്രഹ്മാണ്ഡചിത്രവുമായി ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ വരുന്നു. ബാഹുബലി 2 ആണ് ഗ്ലോബൽ യുണൈറ്റഡ് മീഡിയ വിതരണത്തിനെത്തിക്കുന്ന ഏറ്റവും പുതിയ ചിത്രം.

ബാഹുബലിയുടെ ആദ്യഭാഗവും ഗ്ലോബൽ യുണൈറ്റഡ് മീഡിയ തന്നെയാണ് വിതരണത്തിനെടുത്തത്. കേരളത്തിലെ കലക്ഷൻ റെക്കോർഡുകളിൽ മുന്നിട്ടു നിൽക്കുന്ന അന്യഭാഷാ ചിത്രങ്ങളിൽ ‘ബാഹുബലി’ തന്നെ രാജാവ്. തിയറ്ററുകളിൽ തരംഗമായി മാറിയ സിനിമ 22 കോടിയോളം  രൂപ കേരളത്തിൽ നിന്നു മാത്രം വാരിയത്. ആദ്യം 30 തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ബാഹുബലി വൻ തരംഗമായതോടെ ഇരുനൂറോളം തിയറ്ററുകളിൽ ഓടിയാണു കളം ഒഴിഞ്ഞത്.‌‌

ഏപ്രിൽ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്. വിതരണം മാത്രമല്ല നിർമാണരംഗത്തും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ വരവറിയിച്ചിരുന്നു. കമ്മട്ടിപ്പാടം നിർമിച്ചിരിക്കുന്നത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്.