സേതുരാമ അയ്യർ അഞ്ചാം വരവിനൊരുങ്ങുന്നു?

സിനിമകളുടെ ചരിത്രത്തില്‍ യഥാര്‍ഥ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയെടുത്ത ഒട്ടേറെ സിനിമകളുണ്ട്. മലയാളത്തിൽ അതിൽ ഏറ്റവും ശ്രദ്ധേയമായ സിനിമകളാണ് മമ്മൂട്ടി നായകനായ സിബിഐ പരമ്പര. 1988 ലാണ് എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു ഒരു സിബിഐ ഡയറിക്കുറിപ്പെന്ന സിനിമ ഒരുക്കുന്നത്. സിബിഐയുടെ കേസ് അന്വേഷണം സിനിമയുടെ ചരിത്രവിജയമായി. മലയാളികൾ ഇന്നും ആവേശത്തോടെയാണ് സേതുരാമ അയ്യരെ ഓർക്കുന്നതും. 

സേതുരാമ അയ്യരുടെ അടുത്ത വരവിനായി കേരളം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എസ് എൻ സ്വാമിയുടെ തൂലികയിൽ കെ മധുവും മമ്മൂട്ടിയും ഒന്നിച്ചപ്പോഴെല്ലാം പിറവിയെടുത്തത് സൂപ്പർഹിറ്റുകൾ മാത്രം. ഇപ്പോഴിതാ സസ്പൻസ് നിലനിർത്തി കെ മധു സിബിഐ സിനിമകളെക്കുറിച്ചെഴുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കുറിപ്പില്‍ സിബിഐ പരമ്പകളെക്കുറിച്ചും സേതുരാമയ്യരുടെ അഞ്ചാം വരവിന്റെ സൂചനയും അദ്ദേഹം നൽകുന്നു. 

കെ മധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം–

എന്‍റെ സിബിഐ ചിത്രങ്ങളിലൂടെ.....

ഇന്നലെ (23/04/17) ഈ വാർത്ത കണ്ടപ്പോൾ, S.N സ്വാമി ആ ചിത്രങ്ങളെ കുറിച്ച് സംസാരിയ്ക്കുന്നതു കേട്ടപ്പോൾ, ഒരുപാടു ഓര്‍മ്മകള്‍ എന്‍റെ മനസ്സിലേയ്ക്ക് കടന്നു വന്നു. എന്‍റെ CBI പരമ്പരകളെ കുറിച്ച്, സ്വാമിയും ഞാനുo ശ്രീ.മമ്മൂട്ടിയും ഒന്നിച്ചുള്ള തിരക്കഥ ചര്‍ച്ചയെ കുറിച്ച്, മമ്മൂട്ടി സേതുരാമയ്യരിലേക്കുള്ള ഭാവപകർച്ചയ്ക്കായി നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച്, ഒപ്പം സംഗീത സംവിധായകൻ ശ്യാമിനെ കുറിച്ച്, അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ച്, അങ്ങനെ എല്ലാം........ 

മമ്മൂട്ടിയും ഞാനും S.N സ്വാമിയും കൂടി 1988ൽ ആരംഭിച്ചതാണ് ഈ കൂട്ടായ്മ. ആത്മാര്‍ത്ഥയോടെ ഒരേ മനസ്സോടെ ഞങ്ങള്‍ പ്രവത്തിര്‍ച്ചതു കൊണ്ടാണ്, ഒരു സി ബി ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ സിബിഐ എന്നീ നാലു ചിത്രങ്ങൾ ഒരുക്കാൻ സാധിച്ചത്. ഇനി ഒരിയ്ക്കൽ കൂടി മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത് കാണാൻ ഞങ്ങളുടെ കുട്ടായ്മയെ അഗീകരിച്ച പ്രേക്ഷകർ ആഗ്രഹിയ്ക്കുന്നുണ്ടെന്ന് അറിയാം. മലയാള സിനിമയുടെ ചരിത്രമാകാന്‍ പോകുന്ന സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിയ്ക്കുക....

മനോരമ ന്യൂസിലെ കുറ്റപ്പത്രത്തില്‍ എസ്‍ എൻ സ്വാമിയുടെ അഭിമുഖം കണ്ട ശേഷമായിരുന്നു കെ മധുവിന്റെ പ്രതികരണം.