ഇറാഖിനെ എറണാകുളം തമ്മനത്ത് കൊണ്ടുവന്ന കലാസംവിധായകൻ

ടേക്ക് ഓഫ് കണ്ടിറങ്ങുന്ന ഓരോരുത്തരും ചോദിച്ചു പോകും, ഇറാഖ് പോലുള്ളൊരു രാജ്യത്ത്, ഒട്ടേറെ പ്രശ്നങ്ങൾക്കു നടുവിൽ എങ്ങനെ ഷൂട്ട് ചെയ്തു എന്ന്. അത്രമേൽ സ്വാഭാവികമാണ് ഓരോ രംഗവും. എന്നാൽ ഒരു ഷോട്ട് പോലും ഇറാഖിൽ ചിത്രീകരിച്ചിട്ടില്ലെന്നറിയുമ്പോഴാണ് സന്തോഷ് രാമൻ എന്ന കലാസംവിധായന്റെ ‘ബ്രില്യൻസ്’ തെളിയുന്നത്. യുദ്ധചിത്രങ്ങളിലും വാർത്താ ചാനലുകളിലും മലയാളി കണ്ടു പരിചയിച്ച, പൊടി കലർന്ന ഇറാഖിനെ പറിച്ചു നട്ടിരിക്കുകയാണ് ചിത്രത്തിൽ.

ഇറാഖിൽ നഴ്സുമാർ ജോലി ചെയ്യുന്ന ആശുപത്രിയുടെ ഉൾഭാഗം മുഴുവൻ ഷൂട്ട് ചെയ്തത് എറണാകുളം തമ്മനത്തെ ‘പൂമ്പാറ്റ ഫ്ലോർ’ എന്ന കെട്ടിടത്തിലാണ്. അത്യാഹിതവിഭാഗവും കോറിഡോറും വാർഡുകളുമെല്ലാം ഒരൊറ്റ ഫ്ലോറിൽ ചിതിരീകരിച്ചു. നഴ്സുമാരെ ഭീകരർ തടവിലാക്കുന്ന ഭൂഗർഭ നിലവറയായി മാറിയതും ‘പൂമ്പാറ്റ’ തന്നെ. ആശുപത്രിയുടെ പുറം ഭാഗം ഹൈദരാബാദ് റാമോജിറാവു ഫിലിം സിറ്റിയിലെ സെറ്റാണ്. മൊസൂളിലെ ‘ഗോസ്റ്റ് വില്ലേജും’ മറ്റും ഷൂട്ട് ചെയ്തത് ദുബായിലെ റാസൽ ഖൈമയിലും.

‘‘മഹേഷ് നാരായണൻ എന്ന സംവിധായകനുള്ളിലെ മികച്ച എഡിറ്ററാണ് ജോലി എളുപ്പമാക്കിയത്. പൂർണമായും എഡിറ്റ് ചെയ്ത തിരക്കഥയാണ് എനിക്കു ലഭിക്കുന്നത്. സംവിധായകൻ മനസ്സിലുദ്ദേശിച്ചത് പോലെ സെറ്റുകൾ നിർമിക്കാൻ സാധിച്ചു. സൂക്ഷമമായ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധിച്ചത്.’’

സ്ഫോടനങ്ങളും വെടിവയ്പ്പുമെല്ലാം ഏച്ചുകെട്ടലില്ലാതെ ചിത്രീകരിക്കാനായതാണ് മറ്റൊരു പ്രത്യേകത. ആശുപത്രിക്കകത്തു ഷെൽ വീണു പൊട്ടുന്ന രംഗം ചിത്രീകരിച്ചത് സെറ്റിനകത്തു തന്നെ നിയന്ത്രിത സ്ഫോടനം നടത്തിയാണ്. സ്ഫോടനത്തിൽ തകരുന്ന പട്ടാള ടാങ്കുകൾ ചിത്രത്തിനു വേണ്ടി പ്രത്യേകം നിർമിച്ചു. റോഡുകളും തകർന്ന കെട്ടിടങ്ങളും യഥാർഥ ടെലിവിഷൻ രംഗങ്ങൾ വാങ്ങി മിക്സ് ചെയ്തു. ഇറാഖ് വിമാനത്താവളം ഹൈദരാഹാദിലാണ് സെറ്റിട്ടത്. നഴ്സുമാർ ഇറാഖ് അതിർത്തി കടക്കുന്ന ക്ലൈമാക്സ് രംഗം ചിത്രകരിച്ചിരിക്കുന്നത് ഹൈദരാബാദിലെ ഒരു ഹൈവേയിലാണെന്നതു മനസ്സിലാക്കാൻ ഒരു തുമ്പും ചിത്രത്തിലില്ല.

‘‘ചിത്രത്തിൽ തെറ്റുകൾ കണ്ടുപിടിക്കാൻ പ്രേക്ഷകർക്ക് ഇന്നു വളരെ എളുപ്പമാണ്. ഹൈദരാബാദിലും ദുബായിലും ചിത്രീകരണം മാറി മാറി നടക്കുമ്പോൾ വാഹനങ്ങളിലോ മറ്റു വസ്തുക്കളിലോ ഒരു മാറ്റവും വരാതെ നോക്കി. നമ്പർ പ്ലേറ്റുകൾ മുതൽ പുറമേയുള്ള സ്റ്റീൽ പ്ലേറ്റിങ് പോലും ഒരുപോലെയാക്കാൻ ശ്രദ്ധിച്ചു. ഷൂട്ടിങ്ങിനിടെ ഭക്ഷണം കൊണ്ടു വരുന്നയാൾക്കു പോലും ഞങ്ങൾ ചെയ്യുന്നത് എന്താണെന്നുള്ള കൃത്യമായ അറിവ് ഉണ്ടായിരുന്നു. പാളിച്ചകൾ കണ്ടു പിടിച്ചു തിരുത്താൻ ഈ ജാഗ്രത സഹായകമായി’’.

സിനിമയിൽ കലാസംവിധായകനുള്ള പ്രാമുഖ്യം കുറവാണെന്നാണ് സന്തോഷിന്റെ അഭിപ്രായം. ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള മേഖലയാണ് രംഗസജ്ജീകരണം. നല്ല കലാ സംവിധായകരുടെ കൈകളിൽ തിരക്കഥകൾ ഭദ്രമാകുമെന്നും സന്തോഷ് പറയുന്നു. ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് രാമൻ കലാസംവിധാന രംഗത്തേക്കു വരുന്നത്. ഇന്ത്യൻ റുപീ, പേരറിയാത്തവർ, കസബ, ആകാശത്തിന്റെ നിറം, ലീല, റിങ്മാസ്റ്റർ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. രഞ്ജിത്തിന്റെ പുത്തൻപണമാണ് ഒടുവിൽ ചെയ്ത ചിത്രം. ഇന്റീരിയർ ഡിസൈനിങ്, പരസ്യ ചിത്രീകരണം തുടങ്ങിയവയിലും സന്തോഷിന്റെ കയ്യൊപ്പുണ്ട്. തലശ്ശേരി സ്വദേശിയായ സന്തോഷ് രാമൻ കോഴിക്കോടാണ് താമസം. ഭാര്യ ബബിതയും മക്കളായ അച്യുതും നിവേദിതയും പ്രോത്സാഹനവുമായി കൂട്ടിനുണ്ട്.