അക്ഷയ് കുമാർ ചോദിച്ചു, ‘സെൽഫി എടുത്തോട്ടേ; സുരഭിയുടെ തലകറങ്ങി!

അവാർഡ് ദാന ചടങ്ങിന് തലേന്ന്... രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ ജേതാക്കൾക്കുള്ള റിഹേഴ്സൽ നടക്കുകയാണ്. ദേശീയ അവാർഡ് ലഭിച്ച എല്ലാവരുമുണ്ട്. ഒരു മൂലയിൽ ഈ പാവം ഞാനും. അപ്പൊ ദേ വരണ്... സാക്ഷാൽ അക്ഷയ്കുമാർ. എന്റെ അടുത്തേക്കാണ് പുള്ളീടെ വരവ്... നെഞ്ചിടിപ്പ് കൂടി. അടുത്തു വന്നു, കൈ നീട്ടി. സ്വപ്നം പോലെയാണ് തോന്നിയത്. അങ്ങേർ എന്നെ പരിചയപ്പെട്ടു. സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ തലകറങ്ങും പോലെ തോന്നി. പുള്ളി ക്ലിക് ചെയ്തതിനു തൊട്ടടുത്ത നിമിഷം ഞാനും എടുത്തു ഒരു സെൽഫി.

പിന്നെ ലാലേട്ടനെ മനസിൽ ധ്യാനിച്ച് ആറാം തമ്പുരാനിൽ പറയും പോലെ ദർബാർ രാഗത്തിൽ ഞാനൊരു കാച്ചു കാച്ചി. അക്ഷയ് കുമാറിന്റെ ഖിലാഡിയോൻ കി ഖിലാഡി മുതൽ റഫ് ആൻഡ് ടഫിന്റെ ആ പരസ്യം വരെ എടുത്തിട്ടലക്കി. അങ്ങേർ ഫ്ളാറ്റ്...!!! ‘ദേശീയ അവാർഡ്’ അനുഭവങ്ങൾ ‘വനിത ഓൺലൈനോട്’ പങ്കുവയ്ക്കുമ്പോൾ സുരഭി ലക്ഷ്മിക്ക് അകമ്പടിയായി പൊട്ടിച്ചിരിയും എത്തി പലപ്പോഴും.

ദിസ് ഈസ് മൈ അനദർ ബ്രദർ!

അച്ഛൻ അനിൽ കപൂറിനൊപ്പമാണ് സോനം കപൂർ എത്തിയത്. കാമുകനും ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കെ അയാൾ അക്ഷയ് ജിക്ക് ഒരു മിന്റ് മിഠായി നൽകി. അദ്ദേഹം അത് എനിക്കു കൈമാറി. ഞാനാകട്ടെ അതു സോനത്തിന് വായിൽ വച്ചു കൊടുത്തു. അടുത്ത നിമിഷം സോനം ബോയ് ഫ്രണ്ടിന്റെ പക്കൽ നിന്ന് ഒരു മിഠായി വാങ്ങി എനിക്ക് വായിൽ വച്ചു തന്നു. പകച്ചു പോയി എന്റെ ബാല്യം. പ്രിയദർശൻ സാർ അടക്കമുള്ള ജൂറി അംഗങ്ങളെയും പരിചയപ്പെട്ടു.

മലയാളത്തിൽ നിന്ന് എന്ത് അനൗൺസ് ചെയ്താലും അക്ഷയ് ചോദിക്കും, ദിസ് ഈസ് യുവർ മൂവീ..? അപ്പോ ഞാൻ പറയും നോനോ...ദാറ്റ് ഈസ് മൈ ബ്രദേഴ്സ് മൂവീ.’’ പിന്നെ മികച്ച തിരക്കഥയ്ക്ക് ശ്യാപുഷ്കർ വന്നപ്പോ ചോദിച്ചു വീണ്ടും ദിസ് ഈസ് യുവർ മൂവീ...?’ അപ്പോ ഞാൻ പറഞ്ഞു. ‘‘ദിസ് ഈസ് മൈ അനദർ ബ്രദേഴ്സ്’. അങ്ങനെ ദിലീപ് പോത്തുനും ആഷിഖ് അബുവുമൊക്കെ അക്ഷയ് കുമാറിന്റെ മുന്നിൽ ഈ പാവം സുരഭിയുടെ ബ്രദർമാരായി.

റിഹേഴ്സൽ കഴിഞ്ഞ് തിരിച്ച് വരുമ്പോ ‘ഇംഗ്ലീഷ് വിംഗ്ലീഷിൽ’ ശ്രീദേവിയുടെ ഭർത്താവായി അഭിനയിച്ച അങ്ങേരെ കണ്ടു. പുള്ളി കൂടിയാട്ടത്തിന്റെ വേണുജീയെ കാണാൻ കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു. അപ്പോൾ വേണു ജിയുടെ മകൾ കപില എന്റെ സുഹൃത്താണെന്നു പറഞ്ഞു. അങ്ങനെ പിന്നെ കൂടിയാട്ടത്തെ കുറിച്ച് ആയി ഞങ്ങളുടെ ചർച്ച. കൂടിയാട്ടത്തിൽ ബ്രീത്തിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ കത്തിക്കയറി. പുള്ളി ഓർത്തു കാണും ഇവൾക്ക് ഇതേക്കുറിച്ചൊക്കെ വളരെ അറിവുണ്ടാകുമെന്ന്... എവിടെ.. നമ്മുടെ തള്ളല്ലേ... നങ്ങ്യാർ കൂത്തും കൂടിയാട്ടവും ഭരതനാട്യവും ഒക്കെ പഠിച്ചിട്ടുണ്ട് എന്നു കൂടി ഞാൻ പറഞ്ഞതോടെ അയാൾക്ക് എന്നോടു ഭയങ്കര ബഹുമാനം. രാത്രി ഡിന്നറിന് നിരവധിപേർ ഉണ്ടായിരുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുപാട് പേരെ പരിചയപ്പെട്ടു.

നോക്കുമ്പോ അതാ നിൽക്കുന്നു വൺ ആന്റ് ഒൺലി പീറ്റർഹെയ്ൻ. നേരേ വച്ചു പിടിച്ചു. പുലിമുരുകനായിരുന്നു ടോപിക്. പുള്ളിക്ക് ബോറടിച്ചു കാണും എന്നുറപ്പ്. ആ രാത്രി ഒരിക്കലും മറക്കാൻ പറ്റില്ല. അന്ന് ഞങ്ങൾ ഇന്ത്യ ഗെയിറ്റിലൊക്കെ കറങ്ങി. അവിടെ നിന്ന് ഒരു ഫെയ്സ്ബുക്ക് ലൈവും ചെയ്തു. റൂമിലെത്തി പിറ്റേന്ന് അവാർഡ് വാങ്ങാൻ പോകുമ്പോ അണിഞ്ഞൊരുങ്ങേണ്ടതെല്ലാം എടുത്ത് വയ്ക്കലും സെൽഫികൾ അയക്കലും ഒക്കെയായിരുന്നു. അന്ന് ഉറങ്ങാനേ കഴിഞ്ഞില്ല. എന്താ പറയ്യ, സിനിമയിലേക്ക് കൊണ്ട്വന്നവരെയും ഗുരുക്കന്മാരെയും അവാർഡ് വാങ്ങി തന്ന സിനിമാ പിന്നണിയിലുള്ള എല്ലാവരെയും വീട്ടുകാരെയും സുഹൃത്തുക്കളെയും എല്ലാവരെയും സ്മരിച്ച് കൊണ്ടിരുന്നു. ദൈവങ്ങളോടൊപ്പമുള്ള രാത്രി.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം