നരഗസൂരനിലൂടെ നായകനായി ഇന്ദ്രജിത്ത് തമിഴില്‍

ധ്രുവങ്ങൾ പതിനാറ് എന്ന ആദ്യ ചിത്രം കൊണ്ട് സിനിമാപ്രേക്ഷകരെ ഞെട്ടിച്ച 22 കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളി താരം ഇന്ദ്രജിത്ത് നായകവേഷത്തിലെത്തുന്നു. അരവിന്ദ് സാമിക്കൊപ്പം നായകാപ്രാധാന്യമുള്ള വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുക. ചിത്രത്തിൽ മറ്റൊരു യുവതാരം കൂടി എത്തുന്നുണ്ട്.

2009ൽ പുറത്തിറങ്ങിയ സർവം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്ത് അഭിനിക്കുന്ന തമിഴ് സിനിമ കൂടിയാണിത്. മലയാളത്തിൽ യുവതാരനിരയിൽ ശ്രദ്ധേയനായ ഇന്ദ്രജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്റ്റൈലിഷ് വേഷമായിരിക്കും ഈ ചിത്രത്തിലേത്.

നരഗസൂരന്‍ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ആക്​ഷന് പ്രാധാന്യമുള്ള ഗാങ്സ്റ്റർ സിനിമയുമായാണ് ഇത്തവണ കാർത്തിക് എത്തുന്നത്. ശ്രേയ സരൺ ആണ് നായിക.

‘2016ലെ ഏറ്റവും മികച്ച തമിഴ് ക്രൈം ത്രില്ലർ’ എന്നാണു കാർത്തികിന്റെ ആദ്യ ചിത്രമായ ധ്രുവങ്ങൾ പതിനാറെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന പ്രശംസ. സാൾട് ആൻഡ് പെപ്പർ ലുക്കിലെത്തിയ റഹ്മാന്റെ അഭിനയപ്രകടനവും ചിത്രത്തെ വേറിട്ട് നിർത്തി. ജെയ്ക്സ് ബിജോയ്‌ ആണു പശ്ചാത്തലസംഗീതം ഒരുക്കിയത്. സുജിത് സാരംഗിന്റേതാണു ക്യാമറ, ശ്രീജിത് സാരംഗ്-എഡിറ്റിങ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമകൂടിയാണ് ധ്രുവങ്ങൾ പതിനാറ്.