അകിര മിയാവാക്കിയും ചാക്കോച്ചനും

പ്രണയവും പ്രകൃതിയും ബന്ധങ്ങളും ചേർന്ന സിനിമയിൽ ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി കടന്നുവരുന്നതെങ്ങനെയാണ്?. ചോദ്യം കേട്ടപ്പോൾ സംവിധായകൻ രഞ്ജിത് ശങ്കർ അകിര മിയാവാക്കിയെ കുറിച്ചു പറഞ്ഞു. ‘ രാമന്റെ ഏദൻതോട്ടം ’ എന്ന സിനിമയെ കുറിച്ചും നായകൻ രാമനെ കുറിച്ചും പറഞ്ഞു. 

‘ കാട് ചോർന്ന് ഇല്ലാതാകുന്ന കാലത്തു ലോകത്തോട് കാടിന്റെ മഹത്വം വിളിച്ചറിയിച്ച ബോട്ടണിസ്റ്റാണ് ജപ്പാൻകാരനായ അകിര മിയാവാക്കി. നഗരത്തിൽ കാടൊരുക്കുന്ന ( അർബൻ ഫോറസ്ട്രി) പദ്ധതിയുടെ പ്രചാരകൻ. കാടില്ലാതാവുകയും ചൂടേറുകയും ചെളിയും കുളവും നല്ല പച്ചവെള്ളവും നഷ്ടപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ചിത്രത്തിലെ നായകൻ രാമൻ അകിരയുടെ ആശയത്തോടടുക്കുകയാണ്. പ്രസക്തമായ വിഷയത്തെ സിനിമയിലേക്ക് പകർത്താൻ അകിരയെ കൂട്ടുപിടിച്ചുവെന്നുമാത്രം’, രഞ്ജിത് ശങ്കർ പറഞ്ഞു. 

പതിനഞ്ചു വർഷം മുൻപ് ജോലിയുമായി ബന്ധപ്പെട്ടു ലോകം ചുറ്റിയ ആളാണു രാമൻ.  ഒട്ടേറെ ജീവിതം കണ്ടയാൾ. ജോലിയും ലോകസഞ്ചാരവും ഉപേക്ഷിച്ച് കാട്ടിലെ കൊച്ചു റിസോർട്ടിൽ മരംകയറിയും ചെളിയിലിറങ്ങിയും ജീവിക്കുകയാണയാൾ. മൊബൈൽ ഫോണും പത്രങ്ങളും ടിവിയുമില്ലാത്ത കാട്ടിലെ കൊച്ചു റിസോർട്ടിൽ നിന്നാണു രാമൻ ഈ സിനിമയുടെ കഥ വളർത്തുന്നത്. 

‘ മൂന്നു മാസത്തെ തയാറെടുപ്പു നടത്തിയാണു കുഞ്ചാക്കോ ബോബൻ രാമന്റെ വേഷം ചെയ്യാനെത്തിയത്. ചാക്കോച്ചനിൽ ഒരു രാമനുണ്ട്. തെല്ലു തെറ്റിപ്പോയാൽ അസ്വാഭാവികമായിപ്പോകുന്ന സത്യസന്ധതയെ കരുതലോടെ അവതരിപ്പിക്കാൻ ചാക്കോച്ചനു വല്ലാത്ത കഴിവുണ്ട് . ചെളിയിലിറങ്ങാനും മരംകയറാനും ചാക്കോച്ചനും വലിയ കമ്പമാണ്. ചാക്കോച്ചനിൽ ഒരു കർഷകനുണ്ട്. അതുകൊണ്ടുതന്നെ ‘ രാമൻ’ ചാക്കോച്ചനിൽ ഭദ്രമായിരുന്നു. ഒരു നാൽപതുകാരന്റെ പ്രണയമാണിതിൽ. ബന്ധങ്ങളുടെ ദീപ്തമായ പശ്ചാത്തലത്തിലാണു പ്രണയവും പ്രകൃതിയുമെല്ലാം രാമന്റെ ഏദൻതോട്ടത്തിലെത്തുന്നത്’. രഞ്ജിത് പറഞ്ഞു. 

ഇനി ചാക്കോച്ചൻ പറയുന്നതു കൂടി കേൾക്കൂ: രാമൻ ഒരു പച്ച മനുഷ്യനാണ്. വളരെ ഫോക്കസ്ഡ് ആയ പരിശ്രമശാലി.   എന്റെ സ്വഭാവത്തിന്റെ വിശാലമായ രൂപമാണു രാമന്റേത്. പ്രകൃതിയോടു ചേർന്നു ജീവിക്കാനും പോസിറ്റീവായി ചിന്തിക്കാനുമെല്ലാം രാമനെ പോലെ ഞാനും കൊതിക്കാറുണ്ട്. ചേറുപുരണ്ടും കുളത്തിൽ കുളിച്ചും പച്ചമരത്തിൽ പിടിച്ചു കയറിയും ജീവിക്കുന്നതിന്റെ രസം ചെറുതല്ല. രാമന്റെ ജീവിതശീലങ്ങളിൽ ചിലതൊക്കെ ഞാനിപ്പോൾ പകർത്തിക്കൊണ്ടിരിക്കുകയുമാണ്.

രാമന്റെ നായിക മാലിനിയാവുന്നതു വയനാട്ടുകാരി അനു സിത്താരയാണ്. അജു വർഗീസ്, ജോജു ജോർജ്, രമേഷ് പിഷാരടി, ശ്രീജിത് രവി, മുത്തുമണി തുടങ്ങിയതാണു താരനിര. സന്തോഷ് വർമ്മയുടെ വരികൾക്കു ബിജിപാലിന്റെ സംഗീതം. മധു നീലകണ്ഠന്റെ ക്യാമറ.