ജിഎസ്ടി; സിനിമാ ടിക്കറ്റ് നിരക്ക് ഉയരുന്നു

പൊതു നികുതിഭാരം മൂന്നിലൊന്നു കുറയ്ക്കാനുതകിയ വ്യവസ്ഥകളോടെ ചരക്കു സേവന നികുതി (ജിഎസ്ടി) ജൂലൈ ഒന്നുമുതൽ നടപ്പാകുന്നു. ഇതോടെ സിനിമാ ടിക്കറ്റ് നിരക്കിലും വർധനവ് ഉണ്ടാകും. ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കുകയും കേന്ദ്രസമിതി സിനിമ ടിക്കറ്റിന്മേലുള്ള ജിഎസ്ടി 28 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. രാജ്യത്താകമാനം ടിക്കറ്റിന്മേല്‍ 28 ശതമാനമായിരിക്കും ജിഎസ്ടി.

ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതോടെ തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിവര്‍ഷം 130നടുത്ത് മലയാള സിനിമകളാണ് റിലീസ് ചെയ്യുന്നത്.

നിലവില്‍ 100 രൂപ നിരക്കിലുള്ള സിനിമാ ടിക്കറ്റിന് 25 ശതമാനം എന്റര്‍ടെയ്ന്‍മെന്റ് നികുതിയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കേരള സ്റ്റേറ്റ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് കള്‍ച്ചറല്‍ വര്‍ക്കേഴ്‌സിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ മൂന്ന് രൂപ സെസ്സായി ഈടാക്കുന്നു.

സര്‍വീസ് ടാക്‌സ് സര്‍ക്കാര്‍ 18 ശതമാനമായി ഉയര്‍ത്തുന്നതോടെ ഒരു ടിക്കറ്റിനുള്ള നികുതി 43 ശതമാനം വര്‍ധിക്കും. ഈ നികുതി ഭാരം പ്രേക്ഷകരിലേക്കെത്തുന്നതോടെ സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കും.

ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം- സിനിമാ ടിക്കറ്റിന്മേൽ ചുമത്തുന്ന ജി എസ്‌ റ്റി 28% ആയി ഇന്ന് കേന്ദ്രസമിതി നിശ്ചയിച്ചു. അതായത്‌ നിലവിൽ കോപ്പറേഷനുകളിൽ റ്റിക്കറ്റിന്മേലീടാക്കുന്ന 25%, മുൻസിപ്പാലിറ്റികളിൽ ഈടാക്കുന്ന 20%, പഞ്ചായത്തുകളിൽ ഈടാക്കുന്ന 15% വിനോദനികുതിയ്ക്ക്‌ പുറമേയാണിത്‌. അതായത്‌, ജൂലായ്‌ ഒന്നുമുതൽ കോപ്പറേഷനുകളിൽ 53%, മുൻസിപ്പാലിറ്റികളിൽ 48%, പഞ്ചായത്തുകളിൽ 43% എന്നീ നിരക്കുകളിലായിരിക്കും സിനിമാ ടിക്കറ്റിൻമേലുള്ള നികുതി നിരക്ക്‌. ഇത്‌ ചലച്ചിത്രവ്യവസായത്തെ ഉന്മൂലനം ചെയ്യുന്നതിന്‌ സമമാണ്‌. ഇതിനെതിരെ ചലച്ചിത്രരംഗത്ത്‌ പ്രവർത്തിക്കുന്ന സംഘടനകൾ മാത്രമല്ല, സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ചേർന്ന് പ്രക്ഷോഭം ആരംഭിക്കേണ്ടതാണ്‌.