മോഹൻലാലിന്റെ മഹാഭാരതം ചിത്രത്തിന് ഭീഷണിയുമായി ശശികല

എം.ടിയുടെ രണ്ടാമൂഴം 'മഹാഭാരതം' എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന്  ശശികല പറഞ്ഞു. ‘മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. ആ പേരില്‍ തന്നെ സിനിമയും മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല.’ ശശികല പറഞ്ഞു.

വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു.  അരനാഴിക നേരം, ചെമ്മിന്‍, ഓടയില്‍ നിന്ന് എന്നീ നോവലുകള്‍ എല്ലാം സിനിമയാക്കിയത് അതേ പേരിലാണ്. അതുകൊണ്ട് രണ്ടാമൂഴവും അതേ പേരില്‍ തന്നെ മതിയെന്നും അവര്‍ പറഞ്ഞു

വി എ ശ്രീകുമാര്‍ മേനോനാണ് എംടി വാസുദേവന്‍ നായരുടെ രചനയിലുള്ള രണ്ടാമൂഴം സിനിമയാക്കുന്നത് .ഭീമസേനനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ബി ആര്‍ ഷെട്ടിയുടെ നിര്‍മിക്കുന്ന ചിത്രത്തിന്റെ മുതൽമുടക്ക് 1000 കോടിയാണ്.