ഒരു പെണ്ണിന്റെ മോഹവും രാമന്റെ കൂട്ടും

മനസിന്റെ ചില്ലയിൽ ഒരുപാട് പേർ ആരും കാണാതെ ഒളിപ്പിച്ച ഒരായിരം കൊതികളുടെ കൂട് ഇളക്കിവിടുകയായിരുന്നു രാമന്റെ ഏദൻതോട്ടം. പലരുടെയും കൊതികളുടെ കൂട്ടത്തിലെ ഏറ്റവും വലിയ കൊതി രാമനെപ്പോലെയൊരു സുഹൃത്തിനെ കിട്ടാനായിരുന്നു. 

ലോകത്ത് ഒരു സ്ത്രീക്കും പുരുഷനും സുഹൃത്തുക്കൾ ആയിരിക്കാൻ പറ്റില്ലെന്ന് ആദ്യം കേട്ടത് ചാക്കോച്ചന്റെ സിനിമയിൽ തന്നെയായിരുന്നു. അന്നുതൊട്ടേ മനസിൽ സ്വയം ചോദിച്ച ചോദ്യങ്ങളായിരുന്നു. എന്തുകൊണ്ടു പറ്റില്ല? എന്തുകൊണ്ട് ആയിക്കൂടാ? സ്ത്രീയും പുരുഷനും നല്ല സുഹൃത്തുക്കളായാൽ എന്താണ് കുഴപ്പം? അങ്ങനെ അങ്ങനെ മനസിലിട്ട് കുഴപ്പിച്ച ഒരായിരം ചോദ്യങ്ങളുടെ ഉത്തരമായിരുന്നു രാമന്റെ ഏദൻതോട്ടം. 

മാലിനിയെപ്പോലെ ഒരുപാട് പേർ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ  ഏദൻതോട്ടത്തിൽ രാമനോടൊപ്പം അപ്രത്യക്ഷമായിട്ട് അവിടെ തന്നെ ജീവിക്കാൻ. ബാധ്യതകളൊന്നുമില്ലാതെ സൗഹൃദത്തിന്റെ പട്ടുനൂലിഴകൾപൊട്ടാതെ കൈകോർത്തു നടക്കാൻ, അയാളോടൊപ്പം ബുൾബുളിനെകാണാൻ മരത്തിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിൽ കയറാൻ, ഏറുമാടത്തിന്റെ പടവുകൾ ഒന്നൊന്നായി ഓടിക്കയറി കാട്ടിലെ കാറ്റിനെ തൊടാൻ, സങ്കടം തോന്നുമ്പോൾ ആ സൗഹൃദത്തിന്റെ പുതപ്പിൽ ഒളിക്കാൻ, തളർന്നുവെന്ന് തോന്നുമ്പോൾ തനിക്ക് പറ്റും ധൈര്യമായിട്ട് ചെയ്യടോ എന്നുപറഞ്ഞ് കൈതൊടാൻ ഒരു സുഹൃത്ത്. അത്രയൊക്കെ പോരെ ജീവിതം സന്തോഷകരമാകാൻ. തനിച്ചായിപ്പോകുന്നു എന്ന് തോന്നുന്ന നിമിഷങ്ങളിൽ കാമത്തിന്റെയോ പ്രണയത്തിന്റെയോ നിറമില്ലാതെ അങ്ങനെയൊരു സൗഹൃദം ഉണ്ടായിരുന്നെങ്കില്ലെന്ന് ആഗ്രഹിക്കാത്തവർ ആരാണ്? അങ്ങനെയൊക്കെ സൗഹൃദം സൂക്ഷിക്കുന്ന ഒരുപാട് പേർ ഉണ്ടാകില്ലേ? 

ഇടയ്ക്ക് എങ്കിലും ആഗ്രഹിച്ചുപോയിട്ടുണ്ട് രാമൻ മാലിനിയോട് പ്രണയം പറഞ്ഞിരുന്നെങ്കില്ലെന്ന്? രാമൻ മാലിനിയെ പ്രണയപൂർവ്വം ചുംബിച്ചിരുന്നെങ്കില്ലെന്ന്? പിന്നീട് ചിന്തിച്ചപ്പോൾ അത് അല്ല അതിന്റെ ശരി, രാമൻ ചെയ്തതാണ് ശരി. രാമനെ കാണാൻ മാലിനി എത്തിയത് സൗഹൃദത്തിലുള്ള വിശ്വാസം കൊണ്ടായിരുന്നില്ലേ? അവളെ നോട്ടം കൊണ്ടുപോലും ചതിക്കില്ല എന്നുള്ള വിശ്വാസം കൊണ്ട്. നിങ്ങൾ എന്ത് ഡിച്ചാഡ് ആണ്? നിങ്ങൾക്കിതൊന്നും പറഞ്ഞാൽ മനസിലാകില്ല? എന്ന് മാലിനി പൊട്ടിത്തെറിക്കുമ്പോൾ എനിക്ക്  ഇങ്ങനെ ആകാനല്ലേ സാധിക്കൂ മാലിനി? എന്ന് രാമന് ചോദിക്കുന്നത് സൗഹൃദത്തിന് അത്രമേൽ വിലകൽപ്പിക്കുന്നത് കൊണ്ട് അല്ലേ? പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്...നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻകൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നുചേർത്തുപിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളംവരില്ല ഒരു പ്രണയവും. 

അവിടെ ആണും പെണ്ണുമില്ല സൗഹൃദം മാത്രമേയുള്ളൂ. ആ സൗഹൃദം നൽകിയ ഊർജമായിരുന്നു മാലിനിയുടെ ചിലങ്കയുടെ താളം. അവളിലെ അവളെ തിരിച്ചറിയാൻ ദാമ്പത്യത്തേക്കാൾ സഹായിച്ചതും സൗഹൃദമായിരുന്നു. എന്നിട്ടും ആ നേട്ടത്തിന്റെ പങ്കുപോലും പറ്റാത്ത എത്ര നിസ്വാർഥമായിട്ടാണ് രാമന്റെ സൗഹൃദം അവൾക്കുമുകളിൽ തണലൊരുക്കുന്നത്. തനിച്ചായിപ്പോയപ്പോൾ ഒരുവാക്കുപോലും പറയാതെ വെറുതെ ഒന്നു കാണാൻ വന്ന രാമൻ മാലിനിയ്ക്ക് നൽകിയത് തനിച്ചല്ല എന്ന തോന്നലായിരുന്നു.  ഓടി തളരുമ്പോൾ പോകാൻ ഏദൻതോട്ടമുണ്ട്, അവിടെ രാമനുണ്ട്, അയാളുടെ കരുതൽ നിറഞ്ഞ സൗഹൃമുണ്ടെന്ന തോന്നൽ അവൾക്ക് നൽകുന്നത് എത്ര വലിയ ആശ്വാസമായിരുന്നു. എത്രപേർ ആഗ്രഹിച്ചിട്ടുണ്ടാകും ഓടി തളരുമ്പോൾ ചായാൻ അതുപോലെയൊരു സൗഹൃദത്തിന്റെ തോൾ. എന്നിട്ടും എന്തേ നമുക്കത് കഴിയുന്നില്ല?

സ്ത്രീയും പുരുഷനും സുഹൃത്തുക്കളായാൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതിൽ കാമം കലരുമെന്ന അകാരണമായ പേടിയല്ലേ ഇതുപോലെയൊരു സൗഹൃദത്തിൽ നിന്നും പിൻതിരിപ്പിക്കുന്നത്? യഥാർഥ സൗഹൃദമാണെങ്കിൽ സാഹചര്യം ലഭിച്ചാലും രാമനേപ്പോലെയൊരു സുഹൃത്ത് അറിയാതെ പോലും മോശമായി പെരുമാറില്ലെന്ന ഉറപ്പ് എന്തുകൊണ്ടാണാണ് ഇല്ലാത്തത്. സൗഹൃദത്തിലുമൊരു ധാർമികതയുണ്ട്. 

മേഘമൽഹാറിൽ രാജീവന്റെ പ്രണയം കലർന്ന സൗഹൃദത്തിൽ നിന്നും നന്ദിത ഭയന്ന് ഓടിപ്പോയപ്പോൾ മനസിൽ എവിടെയോ ഒരു നിരാശബോധം തോന്നിയിരുന്നു. എന്തിനായിരുന്നു ഇത്ര നല്ല സുഹൃത്തിനെ നന്ദിത അയാൾ ഇഷ്ടം തുറന്നുപറഞ്ഞതിന്റെ പേരിൽ ഒഴിവാക്കിയതെന്ന്. ഒരുപക്ഷെ രാമൻ മാലിനിയോട് പുലർത്തിയ സൗഹൃദത്തിലെ ധാർമികത രാജീവന് ഒരു നിമിഷം നഷ്ടമായതു കൊണ്ടാവാം നന്ദിതയുടെ കണ്ണുകളിൽ ഭയം കണ്ടത്.   അവസരം കിട്ടിയാലും വിനിയോഗിക്കുന്നത് ശരിയല്ല ഇവൾ എന്റെ സുഹൃത്താണ് എന്ന ധാർമികത മനസിൽ സൂക്ഷിക്കുന്നവരാണ് ആൺ സുഹൃത്തെങ്കിൽ എന്തിനാണ് ആ സൗഹൃദത്തിനോട് നോ പറയുന്നത്. മാലിനിയെപ്പോലെ I Wish I disappear and remain here എന്ന് ധൈര്യമായി പറഞ്ഞുകൂടേ?