24 വർഷമെടുത്തു, ആ അവാർഡ് ‌അടൂരിലെത്താൻ

ജെ.സി.ഡാനിയൽ അവാർഡിന്റെ രജത ജൂബിലി വർഷത്തിൽ ആ ബഹുമതി തേടിയെത്തുമ്പോൾ അടൂർ ഗോപാലകൃഷ്ണന് എന്തു തോന്നി?

‘അപ്രതീക്ഷിതം’– അടൂർ പറയുന്നു.  

ആ വാചകത്തിൽ പലതും ഉൾക്കൊണ്ടിട്ടുണ്ട്. അർഹിക്കുന്നതിലും നേരത്തേ ഇത്തരം അവാർഡുകൾ കിട്ടുമ്പോഴാണല്ലൊ അപ്രതീക്ഷിതം എന്നൊക്കെ പ‌റയാറ്?! 24–ാമത്തെ ജെ.സി.ഡാനിയൽ അവാർഡ് അ‌ടൂരിനു കിട്ടിയപ്പോൾ, ‘അടൂരിനിത് ഇതുവരെ കിട്ടിയിരുന്നില്ലേ?’ എന്നാണു പലരും ചോദിച്ചത്. 

അതിനുത്തരം അടൂർ തന്നെ പറയും: ‘കേരളത്തിൽ  അവാർഡ് കിട്ടുക എന്നു പറഞ്ഞാൽ വലിയ വിഷമമാണ്. ആദ്യ സിനിമ മുതൽ ഞാനതു തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഒരുപാടു മുൻവിധികൾക്കിടയിലാണു നമ്മൾ സിനിമ എടുക്കുന്നത്’. 

അടൂരിന്റെ ഏറ്റവും നല്ല സിനിമകളിലൊന്നായ ‘മതിലുകൾ’ സംസ്ഥാന സിനിമാ അവാർഡിൽ അമ്പേ തള്ളപ്പെട്ടപ്പോൾ ജൂറി ചെയർമാൻ എം.എസ്.സത്യു പത്രസമ്മേളനത്തിൽ പറഞ്ഞു: ‘ആ കഥയോളം ആ സിനിമ നന്നായിട്ടില്ല. അതാണു കാരണം’. 

‘അപ്പോൾ അങ്ങ് ആ കഥ വായിച്ചിട്ടുണ്ടോ?’–പത്രക്കാരിലൊരാൾ ചോദിച്ചു. 

‘ഇല്ല’ എന്ന മറുപടിയുടെ പ്രതികരണം വലിയൊരു ചിരിയായിരുന്നു. അതുപോലൊരു ചിരി ഇപ്പോൾ അടൂരിന്റെ ചുണ്ടിലുമുണ്ടാകണം. 

ഫ്ലാഷ്ബാക്ക്– ജെ.സി.ഡാനിയൽ അവാർഡ് ഏർപ്പെടുത്തുന്നതിനു കുറേക്കാലം മുൻപാണ്. ജെ.സി.ഡാനിയലിനെ മലയാള സിനിമയുടെ ആചാര്യനായി അംഗീകരിപ്പിക്കാൻ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ പേനയിലെ മഷി ഒരുപാട് ഒഴുക്കുന്ന കാലം. ജെ.സി.ഡാനിയലിന്റെ ‘വിഗതകുമാരൻ’ മലയാളം ‘സംസാരിച്ചിട്ടില്ല’ എന്നു പറഞ്ഞു പലരും പരിഹസിച്ചപ്പോൾ മറുശബ്ദമുയർത്തി അന്നു ചേലങ്ങാടന്റെ വാദങ്ങളെ ബലപ്പെടുത്തിയത് അടൂരായിരുന്നു. അങ്ങനെയെങ്കിൽ ‘രാജാ ഹരിശ്ചന്ദ്ര’ ഇന്ത്യൻ സിനിമയാകുന്നതെങ്ങനെ എന്ന് അടൂർ എഴുതിയപ്പോൾ പലരുടെയും വായടഞ്ഞു.  

‘ഞാനും ചേലങ്ങാട്ട് ഗോപാലകൃഷ്ണനും ചർച്ച ചെയ്തു നടത്തിയ നീക്കമൊന്നുമായിരുന്നില്ല അത്. ആത്മാർഥവും സത്യസന്ധവുമായ കണ്ടെത്തലിന്റെ കൂടെ നിൽക്കണമെന്നു തോന്നി’–അടൂർ പറയുന്നു. 

ഓർമകളുടെ തിരക്കഥയിൽനിന്ന് ഇരുപത്തിനാലാമത്തെ ജെ.സി.ഡാനിയൽ അവാർഡിന്റെ ടൈറ്റിൽ കാർഡിൽ അടൂരിന്റെ പേര് എഴുതിച്ചേർക്കുമ്പോൾ, ഈ ക്ലൈമാക്സിനെന്തൊരു പഞ്ച്!!