സന്തോഷ് പണ്ഡിറ്റിനോട് ബഹുമാനം; അജു വർഗീസ്

വികസനത്തിലും തൊഴിലിലും അയിത്തം നിലനിൽക്കുന്ന ഗോവിന്ദാപുരം കോളനിയില്‍ രക്ഷകനായി സന്തോഷ് പണ്ഡിറ്റ് എത്തിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. തന്റെ രണ്ടു പുതിയ സിനിമകളിലെ പ്രതിഫലത്തിന്റെ ഒരു വിഹിതം അദ്ദേഹം കോളനിക്കാർക്ക് നൽകി. 

ഈ പ്രവർത്തിയിൽ താരത്തെ പിന്തുണച്ച് അജു വർഗീസ് രംഗത്തെത്തി. അദ്ദേഹത്തിനോട് ഒരുപാട് ബഹുമാനം തോന്നുന്നുവെന്നും ഇതാണ് യഥാർത്ഥ പ്രചോദനമെന്നും അജു പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് കോളനി സന്ദർശിക്കുന്ന വിഡിയോയും അജു പോസ്റ്റ് ചെയ്തു. 

കോളനിയ്ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കാനാണ് എത്തിയതെന്നും ഭാവിയിലും സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും സന്ദര്‍ശനത്തിന് ശേഷം സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘ഇവിടെയുള്ള ജനങ്ങൾ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചോർച്ചയുള്ള വീടുകളിൽ ജീവിക്കുന്നു. എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാൻ പറ്റിയില്ല...കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പുസ്തകവും കുറച്ച് ഫീസും സഹായവും കൊടുക്കുവാൻ ചെയ്യുവാൻ കഴിഞ്ഞു.. ഇവിടുത്തെ കുട്ടികളെ പഠിപ്പിക്കുവാൻ സ്പോൺസേർസിനെ കണ്ടെത്താമെന്ന് വാക്കു കൊടുത്തു.....കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതൽ സഹായങ്ങളുമായ് ചെല്ലുവാൻ ആലോചിക്കുന്നു.’

രണ്ട് സിനിമകളുടെ ഷൂട്ടിങ് മാറ്റിവച്ചാണ് ഇവിടം സന്ദർശിച്ചത്. ഒരാൾ പറയുന്നത് കേട്ട് അഭിപ്രായം പറയാന്‍ താൽപര്യമില്ലാത്തതു കൊണ്ടാണ് നേരിട്ട് വന്നത്. വീടുകളുടെ അവസ്ഥ വളരെ ദയനീയമാണ്. എന്റെ കാര്യത്തിൽ തന്നെ എനിക്ക് പരിമിതകളുണ്ട്. എനിക്ക് ചെയ്യുവാൻ പറ്റുന്ന എല്ലാ സഹായവും ഞാൻ നൽകും.–സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.‌‌

മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായി പരാതി പറഞ്ഞിരുന്നു. ഉറങ്ങാൻ അടച്ചുറപ്പുള്ള വീടില്ല, പഠിച്ചാൽ ജോലി കിട്ടില്ല. കോളനിയിലെ ഹോട്ടലുകളില്‍ ചക്ലിയ സമുദായക്കാര്‍ക്ക് പ്രത്യേക ഗ്ലാസുകളിലാണ് ചായയും മറ്റും നൽകുന്നുവെന്നും പരാതിയുണ്ട്. ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയ സമുദായാംഗങ്ങളുടെ സങ്കടം പ്രതിഷേധത്തീയായി പടരുന്നതിനു കാരണം അവരുടെ ദാരിദ്ര്യം കൂടിയാണ്