മാപ്പ് ചോദിക്കുന്നു .....മാപ്പർഹിക്കാത്ത ഈ തെറ്റിന്; കുഞ്ചാക്കോ ബോബൻ

കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചിരുന്നു. കൊച്ചി മെട്രോയിലെ ‘പാമ്പ്’ എന്ന തലക്കെട്ടോടെയാണ് സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

എന്നാല്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ടതിന്റെ മനോവിഷമംകൊണ്ടാണ് എല്‍ദോ മെട്രോയില്‍ കിടന്നുപോയതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ രംഗത്തെത്തി. മാപ്പർഹിക്കാത്ത തെറ്റിന് മാപ്പുചോദിക്കുന്നുവെന്നും ചാക്കോച്ചൻ കുറിച്ചു.

ചാക്കോച്ചന്റെ കുറിപ്പ് വായിക്കാം

ഇത് എൽദോ ....

സംസാരിക്കാനും കേൾക്കാനും ഉള്ള കഴിവ് ഇദ്ദേഹത്തിനില്ല."മെട്രോ" എന്ന മഹാ സംഭവത്തിൽ അറിയാതെ തളർന്നു വീണു പോയ ഒരു സഹോദരൻ!

ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ,അയാളുടെ ശാരീരിക-മാനസിക അവസ്ഥ അറിയാതെ ....മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുമ്പോൾ,ഒന്നാലോചിക്കുക....

നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നു കൂടായ്കയില്ല !!നിങ്ങളോടു ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യൻറെ ജീവിതവും കുടുംബവും ആയിരിക്കാം തകർന്നത് ..അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം ഇല്ലാതായത് ...എന്തിനു വേണ്ടി,എന്തു നേടി അത് കൊണ്ടു ???

പ്രിയപ്പെട്ട എൽദോ ....സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത തങ്ങൾ ഇതൊന്നും കേൾക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലത് ....പക്ഷെ നിങ്ങൾ ഇതറിയും,നിങ്ങൾ വിഷമിക്കും ,നിങ്ങളുടെ കുടുംബം വേദനിക്കും ......

മാപ്പ് ചോദിക്കുന്നു .....മാപ്പർഹിക്കാത്ത ഈ തെറ്റിന് .....ഞാൻ ഉൾപ്പടെയുള്ള ,സാമൂഹ്യ ബോധം ഉണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹം മുഴുവനും.’–ചാക്കോച്ചൻ പറഞ്ഞു.

അതേ സമയം എൽദോ അപമാനിക്കപ്പെട്ട കേസില്‍ ഭിന്നശേഷി കമ്മിഷണറുടെ ഇടപെടല്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാർ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കി. ‘മനോരമ ന്യൂസ്’ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി.