എന്തുകൊണ്ട് തൊണ്ടിമുതലും ദൃക്സാക്ഷിയും

നിങ്ങള് വൈക്കത്തിനടുത്താണല്ലേ? ഞാനവിടെ അഷ്ടമിക്ക് വന്നിട്ടുണ്ട്.

ആണാ...എന്തിന്? 

ഈ രണ്ടു സംഭാഷണവും അൽപം കള്ളത്തരവും നിറഞ്ഞൊരു സംഗീതവും ചേർന്ന ഒരു മിനുട്ട് ദൈർഘ്യമുള്ളൊരു ടീസറും പിന്നെയൊരു ചന്തമുള്ളൊരു പാട്ടുമാണ് ഈ സിനിമയെ കുറിച്ച് പ്രേക്ഷകനു കിട്ടിയ മുഖവുര. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നതിനെ കുറിച്ചാണു പറഞ്ഞു വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ മലയാളം ഏറെ നാളായി കാത്തിരിക്കുന്നൊരു റിലീസ് ആണിത്. എന്താണ് ഏതാണെന്ന് ഒട്ടുമേ മനസിലാക്കാത്ത ടീസറും സുരാജിന്റെ പ്രണയം കാണിക്കുന്ന പാട്ടും കണ്ട പ്രേക്ഷകർക്ക് ആ പ്രതീക്ഷ നൽകുന്നത് അതൊരു ദിലീഷ് പോത്തൻ ചിത്രമാണ് എന്നതാണ്. സിനിമയുടെ സ്വാഭാവിക ഭംഗിയെന്തെന്ന് ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകനു കാണിച്ചു തന്ന സംവിധായകന്റെ രണ്ടാം ചിത്രത്തെ കാത്തിരിക്കാന്‍ കാരണങ്ങൾ ഏറെയാണ്. 

ആ കുടംപുളിയ്ക്കു പോലും എന്താ ചന്തം !

എന്തുകൊണ്ട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം കാണണം എന്നു ചോദിച്ചാൽ അതിനു മഹേഷിന്റെ പ്രതികാരം എന്ന ചി‌ത്രത്തിനോടുള്ള ബന്ധമാണ് ഉത്തരം. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തുടക്കം നായകന്റെ കുളിയോടെയാണ്. നാട്ടുമ്പുറത്തെ തോട്ടിലും കുളക്കരയിലുമൊക്കെ നിന്ന് കുളിച്ചിട്ടുള്ളവർക്ക് ആ കാലത്തിന്റെ സുഖം പകരുന്ന ഒരു ഒന്നൊന്നര കുളി. തന്റെ സ്ലിപ്പർ ചെരുപ്പ് സോപ്പും ചകിരിയും വച്ച് തേച്ചു മിനുക്കി പിന്നെ കാലൊക്കെ ഉരച്ച് നരസിംഹത്തിലെ പാട്ടും പാടിയുള്ള ആ കുളിയിൽ കാണാം ഫഹദ് ഫാസിൽ അഭിനയത്തിന്റെ ഭംഗി. ആ തോട്ടിലേക്കു ഒഴുകിവരുന്ന കുടുംപുളിയ്ക്കു പോലുമുണ്ടൊരു പ്രത്യേക ഭംഗി. പെർഫക്ഷന്റെ മാസ്റ്ററാണ് ദിലീഷ് പോത്തൻ എന്ന് തെളിയിക്കുന്നു ആദ്യ സീൻ. ഇത്തരത്തിലുള്ള അനേകം രംഗങ്ങൾ സിനിമയിൽ ഉടനീളമുണ്ട്. ഇങ്ങനെയുള്ള രംഗങ്ങൾ ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. 

മഹേഷിന്റെ പ്രതികാരമെന്ന ചെറു വിപ്ലവം

നാട്ടുമ്പുറത്തെ ഒരു സാധാരണ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം. ഒരു പ്രണയം, പ്രണയ നഷ്ടം, ചെറിയൊരു അടി, പ്രതികാരം, അപ്രതീക്ഷിതമായൊരു കിടിലൻ സ്നാപ്. അത്രയൊക്കെയേ കാണാന്‍ വഴിയുള്ളൂ. അങ്ങനെയുള്ളൊരു ഫോട്ടോഗ്രാഫറുടെ ജീവിതം പ്രമേയമാക്കിയൊരു ചിത്രമെത്തുമ്പോൾ അതിന് ഭംഗി വരണമെങ്കിൽ ആ ഫോട്ടോഗ്രാഫർ പകര്‍ത്തുന്ന ഒരു സാധാരണ പാസ്പോർട്ട് സൈസ് ഫോട്ടോയുടെയത്രയും സാധാരണത്വം വരണം. അല്ലേ? തീർച്ചയായും വേണം. മഹേഷിന്റെ പ്രതികാരം എന്ന ചിത്രം സിനിമ ചരിത്രത്തിൽ അടയാളപ്പെടുന്നതും അങ്ങനെയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ കാത്തിരിക്കുന്നതിന് മറ്റൊരു കാരണം മഹേഷിന്റെ പ്രതികാരത്തിലൂടെ അനുഭവിച്ച ലാളിത്യ ഭംഗിയാണ്. ചെറു പ്രമേയത്തെ ലാളിത്യത്തോടെ ചിത്രീകരിച്ച് സിനിമയെന്ന മാധ്യമത്തിന്റെ തലം എത്രമാത്രം വലുതാണെന്ന് കാണിച്ചു തന്നെ മാസ്റ്റർ ടച്ച്. ആ മാസ്റ്റർ ടച്ച് കാണാനാകും എന്ന പ്രതീക്ഷയാണ് ഈ ചിത്രത്തിലേക്കു പ്രേക്ഷകരെയെത്തിക്കുന്ന മറ്റൊരു ഘടകം

റിയലിസ്റ്റിക്കിനെ ജനകീയമാക്കിയപ്പോള്‍

റിയലിസ്റ്റിക് സിനിമ എന്ന തലത്തിൽ നിർത്തുമ്പോൾ ആ ചിത്രം സാധാരണക്കാരന്റെ ആസ്വാദന രീതിയ്ക്ക് ഇണങ്ങുന്നതല്ലെന്ന ധാരണയെ തിരുത്തിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മലനാടിന്റെ പശ്ചാത്തല ഭംഗിയിൽ സാധാരണക്കാരന്റെ ജീവിതം പകർത്തിയ ചിത്രം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരമാണു നേടിയത്. റിയലിസ്റ്റിക് സിനിമയെന്നാൽ സാധാരണക്കാരന്റെ ആസ്വാദന തലത്തോട് പുറംതിരിഞ്ഞു നിൽക്കുന്നതെന്ന ധാരണയെ അപ്പാടെ തിരുത്തുകയായിരുന്നു മഹേഷിന്റെ പ്രതികാരം. അത്രയ്ക്കു വലിയ പ്രതികരണമാണ് തീയറ്ററുകളിൽ നിന്ന് ഈ ചിത്രം നേടിയെടുത്തത്. 

ദേശീയ പുരസ്കാരത്തിന്റെ തിളക്കം

പോയവര്‍ഷത്തെ ദേശീയ പുരസ്കാരത്തിൽ മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. അതിനു ശേഷം ഈ സംഘം ഒന്നിക്കുന്നത് തൊണ്ടിമുതലിലും ദൃക്സാക്ഷിയിലൂടെയുമാണ്. മഹേഷിന്റെ പ്രതികാരത്തിനു തിരക്കഥയെഴുതിയ ശ്യാം പുഷ്കറാണ് ഈ സിനിമയുടെ ക്രിയേറ്റിവ് ഡയറക്ടർ. തനിക്കു ചുറ്റും കണ്ടറിഞ്ഞ കാര്യങ്ങളെയാണ് തിരക്കഥയാക്കിയതെന്ന് ശ്യാം പുഷ്കർ പറഞ്ഞിട്ടുണ്ട്. എത്രമാത്രം സൂക്ഷ്മ നിരീക്ഷണമാണ് ശ്യാം തിരക്കഥ രചനയിൽ പുലർത്തിയതെന്ന് മഹേഷിന്റെ പ്രതികാരം തന്നെ തെളിവ്. ഒരു ത്രില്ലർ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ആ സൂക്ഷ്മതയുടെ ഭംഗിയാണ് തൊണ്ടിമുതലിലും ദൃക്സാക്ഷിയിലും പ്രതീക്ഷിക്കുന്നത്.. രാഷ്ട്രം ആദരിച്ച സിനിമ പ്രവർത്തകരുടെ രണ്ടാം ചിത്രത്തിനോട് നല്ല പ്രതീക്ഷയുണ്ട് പ്രേക്ഷകര്‍ക്ക്.

സ്വാഭാവിക അഭിനയത്തിന്റെ ഉസ്താദുമാര്‍....

അഭിനേതാക്കളുടെ കണ്ണിൽ നോക്കിയാൽ അറിയാനാകാണം അഭിനയത്തിന്റെ ഭംഗി. അവരുടെ ഓരോ ചലനത്തിലും വല്ലാത്ത സൂക്ഷ്മതയുമായിരിക്കും. അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് നമുക്കു തോന്നുന്ന പ്രകടനം. ഈ അഭിനയ ശൈലി ഓർത്താൽ ആദ്യം ഓർമ വരുന്ന പേരുകളിൽ ഫഹദും സുരാജുമുണ്ടാകും. ഒറ്റ സീനില്‍ വന്നു പോയാൽ പോലും നെഞ്ചിൽ ആഞ്ഞു തറയ്ക്കുന്ന പ്രകടനമായിരിക്കും അവർ ചെയ്യുക. ഈ രണ്ട് അഭിനേതാക്കളുമാണ് ചിത്രത്തിലെ നായകൻമാർ എന്നതാണ് മറ്റൊരു കാര്യം. ട്രെയിലറിലും ടീസറിലും കണ്ടറിഞ്ഞ കഥാപാത്രങ്ങളുടെ നോട്ടത്തിൽ വീണുപോകും പ്രേക്ഷകർ. അത്രയേറെ സ്വാഭാവികത. ടീസറിൽ സുരാജിന്റെ മുഖത്ത് വീണു കിടക്കുന്ന ജനാലക്കമ്പികളുടെ നിഴൽ പോലും പ്രേക്ഷകരുടെ മനസിൽ നിന്നു മായില്ല. 

ബിജിബാലിന്റെ പാട്ടും റഫീഖ് അഹമ്മദിന്റെ വരികളും

മണ്ണിന്റെ മണവും മഴത്തുള്ളിയുടെ വിശുദ്ധിയുമുള്ള പാട്ടുകളെ എന്നും ജനമനസുകൾ ചിര പ്രതിഷ്ഠ നേടുകയുള്ളൂ. പുതിയ കാലത്തെ ചലച്ചിത്ര സംഗീത ലോകത്ത് ഇങ്ങനെ ആത്മാംശമുള്ള പാട്ടുകളൊരുക്കുന്ന സംഗീത സംവിധായകനാണ് ബിജിബാൽ. ഈ ചിത്രത്തിന്റെ ടീസറിലും ആദ്യ ഗാനത്തിലും ആ ആത്മസ്പർശമുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ ബിജിബാൽ സംഗീതം ചെയ്ത ഇടുക്കി പാട്ട്, മലയിടങ്ങളിൽ നിന്ന് പതിയെ ഇറങ്ങി വന്നൊരു കുളിർകാറ്റിന്റെ സുഖം പകർന്ന് ഇന്നും മനസിലുണ്ട്. റഫീഖ് അഹമ്മദ് കുറിച്ച വരികൾക്കപ്പുറം മറ്റൊരു ഇടുക്കിയുമില്ല. ഇടുക്കി പശ്ചാത്തലമാക്കി വന്ന സിനിമയോട് അങ്ങേയറ്റം നീതിപൂർവകമായി ആ പാട്ടും പശ്ചാത്തല സംഗീതവും ചേർന്നു നിൽക്കുകയും ചെയ്തു. അതുപോലുള്ള സംഗീത സൃഷ്ടിയാണ് ഈ ചിത്രത്തിലുമുള്ളതെന്നു പറയുന്നു ആദ്യ ഗാനം പോലും. 

നായികയുടെ ചിരിയും ആ നോട്ടവും

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ നായികയെ പാട്ടിലൂടെ കണ്ടറിഞ്ഞപ്പോൾ പറഞ്ഞതാണ് എന്തൊരു ചന്തമാണ് ആ ചിരിയിക്കെന്ന്. സിനിമയിലെ പുതിയ മുഖങ്ങളെ കാണാനും ആ അഭിനയം അറിയാനും വല്ലാത്ത കൗതുകമാണു നമുക്ക്. മഹേഷിന്റെ പ്രതികാരത്തിലെ അപർണ ബാലമുരളിയെ പോലെ ചന്തമുള്ളൊരു നായികയെയാണ് തൊണ്ടിമുതലിലും ദൃക്സാക്ഷിയിലും ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്. നിമിഷ സജയൻ. പാട്ടിനിടയിൽ തന്റെ പ്രണയനായകനെ നായിക നോക്കുന്ന രംഗമുണ്ട്. ആ നോട്ടത്തിന്റെ കള്ളത്തരവും ഭംഗിയും ഒരു കണിക പോലും ചോരാതെ അവതരിപ്പിക്കുകയും ചെയ്തു. ഇനിയും മനസിൽ നിന്നു മാഞ്ഞിട്ടില്ല ആ ചിരി.

രാജീവ് രവിയുടെ കാമറ

സിനിമയുടെ ചില ഫ്രെയിമുകൾ കഥാപാത്രങ്ങളുടെ നോട്ടങ്ങൾ ചിലപ്പോൾ അവർ ഇമവെട്ടുന്നതു പോലും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കും. അത് സംവിധായകന്റെയെന്ന പോലെ കാമറാമാന്റെയും മികവാണ്. റിയലിസ്റ്റിക് പ്രമേയങ്ങളെ സാധാരണക്കാരനു കാണാൻ പാകത്തിൽ ചമയിച്ചൊരുക്കുന്ന പുതിയ കാലത്തെ പ്രതിഭാധനരായ സംവിധായകരിലൊരാളാണ് രാജീവ് രവി. സംവിധായകൻ എന്ന പോലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച കാമറാമാൻമാരിലൊരാളും അദ്ദേഹമാണ്. ഈ രണ്ടു ഗുണങ്ങളും ഒന്നു ചേർന്നൊരാളാണ് സ്വാഭാവിക ഭംഗിയോടെ സിനിമ ചെയ്യുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ച സംവിധായകന്റെ ചിത്രത്തിനു കാമറയൊരുക്കുന്നത്. രാജീവ് രവി ബ്രില്യൻസ് നായികയുടെ ചിരിയിലും നോട്ടത്തിലും നമ്മൾ അറിഞ്ഞതാണല്ലോ. 

ടൈമിങ് കോമഡി

മഹേഷിന്റെ പ്രതികാരത്തിൽ കേട്ട ഏതെങ്കിലുമൊരു ഹാസ്യ രംഗം മറന്നുപോയിട്ടുണ്ടോ? സൗബിനും അലൻസിയറും സംവിധായകൻ തന്നെ അവതരിപ്പിച്ച ചെറിയൊരു കഥാപാത്രവും പറഞ്ഞ കോമഡികൾ ഇനിയും മറന്നിട്ടില്ല.  വളരെ ഗൗരവതരമായ നിമിഷങ്ങളിൽ പോലും കോമഡി പരീക്ഷിക്കാൻ ധൈര്യം കാണിച്ച സംഘമാണ് ദിലീഷ് പോത്തനും-ശ്യാം പുഷ്കരനും. അതേ ധൈര്യം ഇവിടെയും പ്രതീക്ഷിക്കുന്നു. 

പോത്തേട്ടൻസ് ബ്രില്യൻസ്

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ അതിനെ കുറിച്ചു പറഞ്ഞത് പോത്തേട്ടൻസ് ബ്രില്യൻസ് എന്ന ഹാഷ് ടാഗോടെയാണ്. ഒരു സംവിധായകന് ഇതിലും വലിയൊരു അംഗീകാരം കിട്ടാനില്ലല്ലോ. അവർ പറഞ്ഞ ആ പോത്തേട്ടൻസ് ബ്രില്യൻസ് മഹേഷിന്റെ പ്രതികാരത്തിൽ കണ്ടതിനും അപ്പുറം സ‍ഞ്ചരിച്ചോ എന്നറിയാനുള്ള കൗതുകമാണ് മറ്റൊന്ന്.