മൈഥിലിയും മംമ്തയും പത്മപ്രിയയും; ക്രോസ് റോഡ് ട്രെയിലർ

വ്യത്യസ്ത പശ്ചാത്തലത്തിലുള്ള പത്തു സ്ത്രീകളുടെ ജീവിതം പറയുന്ന പത്തു കഥകൾ അവ പതിനഞ്ചു മിനിറ്റ നീളുന്ന ഹ്രസ്വചിത്രങ്ങളാക്കി കോർത്തിണക്കി പ്രേക്ഷകനു മുന്നിൽ എത്തുകയാണ് ക്രോസ് റോഡ് എന്ന പേരിൽ. സിനിമയുടെ ട്രെയിലർ പുറത്ത്.

സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവർ എങ്ങനെ ആ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കുന്നു എന്നതുമാണ് ഒരോ ചിത്രങ്ങളിലും പറയുന്നത്.സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ കഥ പറയുന്ന ഇത്തരമൊരു കലാസൃഷ്ടി മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും.  ബദർ, ചെരിവ്, കാവൽ,കൊടേഷ്യൻ, ലേക്ക് ഹൗസ്, മൗനം, ഒരുരാത്രിയുടെ കൂലി, പക്ഷികളുടെ മണം, മുദ്ര, പിൻപേ നടപ്പവൾ എന്നിവയാണ് ആ പത്തു സിനിമകൾ. 

സ്ത്രീയുടെ മാതൃത്വം, സ്വപ്നങ്ങൾ, ഏകാന്തത, സാമൂഹിക ഉത്തരവാദിത്തം, സുരക്ഷ, സ്വാതന്ത്ര്യം, ത്യാഗം തുടങ്ങി  ഒാരോ കഥയും  ഒാരോന്നും ഒരോ വിഷയത്തെ അവതരിപ്പിക്കുന്നു. കഥകളിൽ പലതും യഥാർഥസംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയതാണ്. മംമ്ത മോഹൻദാസ്, പദ്മപ്രിയ, മൈഥിലി, ഇഷാ തൽവാർ, പ്രിയങ്കാ നായർ, ശ്രിന്ധ തുടങ്ങി മലയാളത്തിലെ പ്രമുഖ നടിമാരാണ് ചിത്രങ്ങളിൽ നായികമാരായി എത്തുന്നത്. 

പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ നേതൃത്വം നൽകുന്ന സംവിധായക കൂട്ടായ്മയായ ഫോറം ഫോർ ബെറ്റർ ഫിലിംസാണ് ‘ക്രോസ് റോഡ്.’ എന്ന ചലച്ചിത്ര സമാഹാരത്തിനു പിന്നിൽ.  പുതിയ കാലത്തെ സ്ത്രീ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള പത്തു ചിത്രങ്ങളുടെ ഈ സമാഹാരം ലെനിൻ രാജേന്ദ്രൻ, മധുപാൽ, പ്രദീപ് നായർ, അശോക് ആർ. നാഥ്‌, അവിര റെബേക്ക, ബാബു തിരുവല്ല, നേമം പുഷ്പരാജ്, ശശി പരവൂർ, ആൽബർട്, നയന സൂര്യൻ എന്നിവർ സംവിധാനം ചെയ്യുന്നു.

പ്രശസ്ത സംവിധായകൻ ജയരാജ്, ലെനിൻ രാജേന്ദ്രൻ, പി. എഫ്. മാത്യൂസ് എന്നിവർ തിരക്കഥയെഴുതുന്ന ചിത്രങ്ങൾക്ക് മധു അമ്പാട്ട്, എം.ജെ. രാധാകൃഷ്ണൻ, അളഗപ്പൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. എം. ജയചന്ദ്രൻ, ബിജിപാൽ, സൂരജ് എസ്. കുറുപ്പ്, നേഹാ നായർ, യാക്സൺ ഗാരി പെരേര എന്നിവരുടേതാണ് സംഗീതം. ദേശീയ അവാർഡ് ജേതാവായ രാജ മുഹമ്മദ്, മഹേഷ് നാരായണൻ എന്നിവരാണു ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.

റിച്ച പനായി, പുന്നശ്ശേരി കാഞ്ചന, മാനസ, അഞ്ജന ചന്ദ്രൻ, അഞ്ജലി ഉപാസന, സീമാ ജി. നായർ, ശോഭാ മോഹൻ, ചിന്നു കുരുവിള, റോസ്‌ലിൻ, ബേബി നന്ദന, വിജയ് ബാബു, മനോജ് കെ. ജയൻ, ജോയ് മാത്യു, സിദ്ധാർഥ് ശിവ, രാഹുൽ മാധവ്, ചേതൻ, കൈലാഷ്, അനു മോഹൻ, സംവിധായകൻ ജോഷി മാത്യു, കൊച്ചുപ്രേമൻ, സി.കെ. ബാബു, വി.കെ. ബൈജു, പൂജപ്പുര രാധാകൃഷ്ണൻ, ഗോപു കേശവ്, ശിവൻ കൃഷ്ണൻകുട്ടി നായർ, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.