നടിയുടെ അറിവില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചതായി കണ്ടെത്തി

സംവിധായകൻ ജീൻപോൾ ലാലിനെതിരായ പുതുമുഖ നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. നടിയുടെ അറിവില്ലാതെ ബോഡിഡ്യൂപ്പിനെ ഉപയോഗിച്ചതായി സിനിമയുടെ സിഡി പരിശോധിച്ച അന്വേഷണ സംഘം കണ്ടെത്തി. ലൈംഗികച്ചുവയോടെ സംസാരിച്ചു, പ്രതിഫലം നൽകിയില്ല തുടങ്ങിയ പരാതികളും പൊലീസ് പരിശോധിച്ചുവരികയാണ്. 

ഹണി ബീ ടു സിനിമയുടെ അണിയറക്കാരായ ചിലരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ എത്തിയ നടിക്ക് സെറ്റിൽ എന്തെല്ലാമോ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണു സിനിമയിൽ സഹകരിച്ച മേക്കപ്മാന്റെ മൊഴി. അത് എന്തായിരുന്നുവെന്ന കൃത്യമായ വിവരം അറിയില്ലെങ്കിലും തുടർന്ന് നടി മടങ്ങിപ്പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിനു ശേഷം മറ്റാരെയോ ഉപയോഗിച്ച് ചില ശരീരഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. അവ നടിയുടേതെന്ന മട്ടിൽ സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 

ഈ കാര്യങ്ങൾ സിനിമയുടെ സിഡി പരിശോധിച്ച് പൊലീസ് മനസ്സിലാക്കി. ഇതേത്തുടർന്നാണു നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ എത്തിയത്. സ്ഥിരീകരണത്തിനായി സെൻസർ ബോർഡിൽ നിന്നു പകർപ്പ് വാങ്ങി പരിശോധിക്കേണ്ടിവരും. കോടതിയിൽ തെളിവാക്കാൻ ഇത് ആവശ്യമാണ്. 

ബോഡിഡ്യൂപ്പിനെ ഉപയോഗിച്ചതിനുള്ള വകുപ്പുകൾ കൂടി ഇനി കേസിൽ ചേർക്കും. ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവർത്തകനായ അനൂപ്, സഹസംവിധായകൻ അനിരുദ്ധ് എന്നിവരെ പ്രതികളാക്കി കേസ് റജിസ്റ്റർ ചെയ്ത് ഒരാഴ്ചയായെങ്കിലും ഇതുവരെ ഇവരെ ചോദ്യം ചെയ്തിട്ടില്ല.