ഈ കശ്മലന്മാരെ ആരാണ് ഒതുക്കുന്നത് ?

86 പുതുമുഖങ്ങളുമായി എത്തി മലയാളസിനിമയെയും പ്രേക്ഷകരെയും ഞെട്ടിച്ച ചിത്രമാണ് അങ്കമാലി ഡയറീസ്. ഇവിടെ 56 പുതുമുഖങ്ങളുമായി എത്തിയ മറ്റൊരു മലയാളസിനിമ തിയറ്റർ പോലും കിട്ടാതെ കിതയ്ക്കുകയാണ്. പുതുമുഖങ്ങളുടെ വലിയ നിരയുള്ള ഹിമാലയത്തിലെ കശ്മലൻ ചിത്രത്തിന് ഇടംകൊടുക്കാൻ തിയറ്റർ ഉടമകൾ തയ്യാറാകാത്തതാണ് പ്രശ്നം. പ്രദർശനത്തിന് ആകെ കിട്ടിയിത് 38 തിയറ്റർ. അതിൽ നാലു ഷോ തികച്ചുള്ളത് വെറും രണ്ടു തിയറ്ററുകളിൽ മാത്രം.

സിനിമ തരക്കേടില്ലാത്ത അഭിപ്രായം നേടുമ്പോഴും തിയറ്റർ ഉടമകൾക്ക് ആവശ്യം സൂപ്പർതാരങ്ങളുടെ തലയും യുവതാരനിരയുടെ ചിത്രങ്ങളുമാണ്. ഹോൾഡ്ഓവർ ഭീഷണി നേരിടുന്ന മറ്റുപല ചിത്രങ്ങളും കാലിയായി ഓടുമ്പോഴും ഈ സിനിമയെ പരിഗണിക്കാൻ ആരും തയ്യാറാകുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന വസ്തുത.

ഇതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളിലും അസോസിയേഷനിലുമൊക്കെ നിർമാതാവ് പരാതിയുമായി പോെയങ്കിലും യാതൊരു ഫലവും കണ്ടില്ല. ‘സ്വപ്നം പോലെ പൂർത്തിയാക്കി ഒരു വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന സംവിധായകന്റെ സിനിമയ്ക്ക് ഷോ പോലും തീരുമാനിക്കുന്നത് തിയറ്റർ ഉടമകളാണ്. ഇവിടെ ഒരു സൂപ്പർതാരചിത്രത്തിന്റെ ഷോ മുടങ്ങിയാലോ ഇടക്കൊന്ന് കറണ്ട് പോയാലോ എന്തൊക്കെ പ്രശ്നങ്ങളാകും ഉണ്ടാകുക. ഇവിടെ നമ്മുടെ സിനിമയുടെ ഷോ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മനഃപൂർവം മുടക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.’–സിനിമയോട് അടുത്തവൃത്തങ്ങൾ പറയുന്നു.

‘സിനിമ ഇഷ്ടപ്പെടുന്ന പുതുതലമുറയെ പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്നില്ല, എന്നാൽ ദ്രോഹിക്കരുതെന്ന അപേക്ഷ മാത്രമേ ഒള്ളൂ. രണ്ട് കോടി രൂപയുടെ സിനിമയാണ്. ഒരുകൂട്ടം ചെറുപ്പക്കാരുടെ അധ്വാനമാണ് അതിനെ ഇല്ലാതക്കരുത്.–സിനിമയുടെ നിർമാതാവ് നന്ദുമോഹൻ പറയുന്നു.

സിനിമയുടെ സ്ക്രീനിലും പിന്നിലും എല്ലാം പുതുമുഖങ്ങളാണ്. സ്ക്രിപ്റ്റും നിർമ്മാണവും എല്ലാം സുഹൃത്തുക്കൾ. രേവതി കലാമന്ദിറിന്റെ ഇൻസ്റ്റിട്യൂട്ടിൽ പഠനം കഴിഞ്ഞ് ഇറങ്ങിയ ൈധര്യത്തിലാണ് ഇവർ ഈ സിനിമ എടുക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായിരുന്ന അഭിരാം സുരേഷ് ഉണ്ണിത്താൻ ആണ് സംവിധാനം. സിനിമയുടെ നിർമാണം ആദ്യം മറ്റൊരാളായിരുന്നു ഏറ്റെടുത്തിരുന്നത്. പിന്നീട് ചില പ്രശ്നങ്ങളാൽ അവർ പിന്മാറിയതോടെ സിനിമയ്ക്ക് തിരക്കഥ എഴുതിയ നന്ദു മോഹനും സംവിധായകനും ചേർന്ന് നിർമാണം ഏറ്റെടുക്കുകയായിരുന്നു. 

‘മോർണിങ്, മാറ്റിനി ഷോ എന്നിവ മാത്രമേ ഈ ചിത്രത്തിന് തിയറ്റർ ഉടമകൾ നൽകുന്നത്. മോർണിങ് ഷോയ്ക്ക് 9000 രൂപ കലക്ഷൻ ഈ ചിത്രത്തിന് വന്നപ്പോൾ തൊട്ടടുത്ത ഷോയിൽ കളിക്കുന്ന മറ്റൊരു മലയാളസിനിമയ്ക്ക് 5000 രൂപ മാത്രമാണ് ലഭിച്ചത്. എന്നിട്ടും ഇവർ ആ സിനിമ മാത്രമാണ് പ്രദർശിപ്പിക്കാന്‍ തയ്യാറാകുന്നത്. നമ്മുടെ സിനിമ അവഗണിക്കുന്നു’.–സിനിമയോട് അടുത്തവൃത്തങ്ങൾ പറയുന്നു. 

ഈ വെള്ളിയാഴ്ച തിയറ്ററുകളിൽ നിന്ന് കശ്മലന്മാരെ ഇറക്കി വിടും. ഹോൾഡ് ഓവർ ബാധകമല്ലാത്ത ചില യുവതാരചിത്രങ്ങൾ അപ്പോഴും തുടരും. നല്ല സിനിമയെ എന്നും പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളിപ്രേക്ഷകർ. എന്നാൽ തിയറ്ററുകളുടെ ഭാഗത്തുനിന്നുള്ള പക്ഷപാതപരമായ പെരുമാറ്റം കൊച്ചുസിനിമകളെ പ്രേക്ഷകരിൽ നിന്നും അകറ്റുകയാണ്. സൂപ്പർതാരനിരയോ പ്രമുഖ നിർമാണ കമ്പനികളോ ഒപ്പമില്ലെങ്കിൽ ഒരു ചിത്രം എന്താണ് നേരിടേണ്ടിവരുന്നതെന്ന ദുഃഖകരമായ ഓർമപ്പെടുത്തൽ കൂടിയാണ് ഈ സംഭവം.