അങ്ങനെ തോന്നിയതിന്റെ ദുരന്തമാണ് ഇന്ന് മലയാളസിനിമയ്ക്ക് സംഭവിച്ചത്; സ്പീക്കർ

സിനിമാനടന്‍മാര്‍ വിണ്ണിലെ താരങ്ങളാകാതെ മണ്ണിലെ ചെടികളാവണമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മലയാളത്തില്‍ ഉയര്‍ന്ന നിലവാരമുള്ള സിനിമകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും നല്ല  സിനിമാസംസ്‌കാരമില്ലെന്നും നല്ല സിനിമാ സംസ്‌കാരത്തിനായുള്ള സമരം കേരളം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചര്‍ സെന്ററിന്റെ ഏഴാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡുകള്‍  ഇന്ദ്രന്‍സിനും സുരഭി ലക്ഷ്മിക്കും സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമകളില്‍ കാണുന്നതുപോലെ വിസ്മയിപ്പിക്കുന്നതാണ് യഥാര്‍ഥ ജീവിതമെന്ന് തോന്നരുത്. ഇങ്ങനെ തോന്നിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ മലയാള സിനിമാലോകത്ത് നാം കാണുന്നത്. അദ്ദേഹം വ്യക്തമാക്കി. 

മലയാള നാടക-സിനിമ രംഗങ്ങളില്‍ മറക്കാനാവാത്ത സംഭാവന ചെയ്ത നടനാണ് മുരളി. കഥാപാത്രങ്ങളായി അദ്ദേഹം അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്ന് തിരിച്ചറിയാനാവാത്തവിധമായിരുന്നു മുരളിയുടെ അഭിനയ ശേഷി. -അദ്ദേഹം പറഞ്ഞു. 

പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി ലക്ഷ്മി മികച്ച നടിയായി.