ഈ മലയാളസിനിമയുടെ ചിലവ് 25000 രൂപ; ‘പോരാട്ടം’ വരുന്നു

ബിലഹരി, ശ്രീരാജ് രവീന്ദ്രന്‍ , ശാലിൻ

കോടികള്‍ മുടക്കിയും ലക്ഷങ്ങൾ പ്രചരണത്തിനിറക്കിയുമാണ് മലയാളത്തിൽ ഒരു സിനിമ റിലീസിനെത്തുന്നത്. ഇപ്പോഴിതാ മലയാളസിനിമാ ചരിത്രത്തിൽ തന്നെ ഇതാദ്യമായി വെറും ഇരുപത്തിയയ്യായിരം രൂപ മുടക്കിൽ ഒരുമുഴുനീള സിനിമ വരുന്നു. പോരാട്ടം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിലഹരിയാണ്.

ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ എന്നാണ് പോരാട്ടത്തെക്കുറിച്ച് അണിയറപ്രവർത്തകർ പറയുന്നത്. സുഹൃത്തുക്കളുടെ കുഞ്ഞു സഹായങ്ങള്‍ സ്വരൂപിച്ച് പ്ലാൻ ബി ഇൻഫോടെയ്ൻമെന്റിന്‍റെ ബാനറില്‍ വെറും ഇരുപത്തയ്യായിരം രൂപയ്ക്കാണ് സംവിധായകന്‍ ബിലഹരിയും സംഖവും ചിത്രം 

പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

സിനിമയുടെ ചിത്രീകരണവും മറ്റുമല്ലാം അതീവരഹസ്യമായിരുന്നു. ഒരു ഗ്രാമത്തിനുള്ളില്‍ 15  ദിവസം കൊണ്ട് ഷൂട്ട്‌ പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ 

ഒരു വാര്‍ത്തയും പുറത്തു വിട്ടിരുന്നില്ല. ദിവസവും വൈകീട്ട് ആറര വരെയായിരുന്നു ഷൂട്ടിങ്. ബിലഹരിയുടെയടക്കം , അയല്‍ക്കാരുടെയും ബന്ധുക്കളുടെയും 

വീടുകള്‍  ആയിരുന്നു ലൊക്കേഷന്‍. ശാലിന്‍ സോയ ആദ്യമായി നായികയാവുന്ന മലയാളചിത്രം എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പുതുമുഖങ്ങള്‍ ആണ് 

അഭിനയിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രം തിയറ്റര്‍ ആർടിസ്റ്റായ നവജിത് നാരായണന്‍ ആണ്. ബാക്കിയുള്ള കഥാപാത്രങ്ങള്‍ എല്ലാം സംവിധായകന്‍റെയും കാമറാമാന്‍റെയും രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ്.

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും വേണ്ടി വന്നാല്‍ അല്‍പ്പം പട്ടിണി കിടന്നും ഉച്ചയ്ക്ക് രസികന്‍ ഉറക്കവും പാസാക്കി ഏറെ രസകരമാക്കി ആയിരുന്നു ഷൂട്ടിങ് ദിനങ്ങളെന്ന് സംവിധായകൻ പറയുന്നു. കൃത്യമായ പദ്ധതിയിലൂടെ ചിത്രീകരിച്ച സിനിമ വ്യക്തമായ തിരക്കഥയില്ലാതെ പൂർത്തിയാക്കിയിരിക്കുന്നു. പലപ്പോഴും ഷോട്ടിന് മുമ്പെയായിരുന്നു സീനുകളുടെ പിറവി. തിരക്കഥയില്ലാതെ ലൊക്കേഷനില്‍ കഥാപാത്രങ്ങളില്‍ നിന്ന് കഥയുടെ തുടര്‍ച്ച പൂരിപ്പിക്കുന്ന സ്ട്രാറ്റജി ആണ് മേക്കേര്‍സ് അവലംബിച്ചത്.

ചലച്ചിത്രമേളകളിലേക്ക് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ചര്‍ച്ച ചെയ്യുന്നത് കേരളത്തിലൂടെ സാമൂഹികപ്രശ്നങ്ങൾ തന്നെ. ചലച്ചിത്ര നടിക്ക് സംഭവിച്ചതും , കാമുകന്‍റെ പ്രണയം നിഷേധിച്ചതിനു പെൺകുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം മുതൽ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ  നിരവധി വിഷയങ്ങളില്‍ അധികരിച്ചാണ് 'പോരാട്ടം ' എന്ന ചിത്രം തയ്യാറായിരിക്കുന്നത്.  ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളില്‍ കാമറ ചലിപ്പിച്ച   

ശ്രീരാജ് രവീന്ദ്രന്‍ കാമറ ചെയ്യുന്നതിനോടൊപ്പം , നിര്‍മാതാക്കളില്‍ ഒരാള്‍ ആകുന്നു. ശ്രീരാജ് ആ സമയം വാങ്ങിയ മാര്‍ക്ക്‌ 4 ല്‍ ഫോർകെ ക്വാളിറ്റിയില്‍ ആണ് ചിത്രം ഷൂട്ട്‌ ചെയ്തത്.

‘ടെക്നിക്കല്‍ ക്രൂവില്‍ എല്ലാവരും തന്നെ ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിനൊപ്പം സഹകരിച്ചത്. മാസങ്ങളായി ചിത്രത്തിന്‍റെ എഡിറ്റിങ്, കളറിങ് എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആകാശ് ജോസഫ് വര്‍ഗീസ് , സംഗീത സംവിധായകന്‍ മുജീബ് മജീദ്‌, മഹേഷിന്‍റെ പ്രതികാരം , റാണി പദ്മിനി തുടങ്ങിയ ചിത്രങ്ങളില്‍ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച രജീഷ് കെ രമണന്‍  , വിദേശത്തിരുന്നു  സബ്ടൈറ്റിൽസ് പൂര്‍ത്തിയാക്കിയ ശ്യാം നാരായണ്‍ എന്നിവരടക്കമുള്ള സിനിമ സ്വപ്നം കാണുന്ന സുഹൃത്തുക്കളുടെ ഊര്‍ജമാണ് ഇത്തരമൊരു പ്രയത്നത്തിനു ഏറെ ശക്തി നല്‍കിയതെന്ന് സംവിധായകൻ ബിലഹരി പറഞ്ഞു. 

പ്ലാന്‍ ബിയുടെ മൂവര്‍ സംഘത്തിലെ വിനീത് വാസുദേവ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 'ലക്ഷങ്ങള്‍ മുടക്കി താനൊക്കെ എന്ന സിനിമ ചെയ്യാനാണ് 'എന്ന അസ്ഥിത്വ ദുഃഖവും പേറി യുവാക്കള്‍ ഇനി ചുറ്റും വിഷമിച്ചു നിൽക്കരുത്‌ , ഈ ചിത്രം അതിനൊരു പ്രചോദനം ആകട്ടെ 

എന്നു കൂടി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു നിര്‍ത്തുന്നു..