മമ്മൂട്ടി ആണോ അടുത്ത ചിത്രത്തിൽ; ദിലീഷ് പോത്തൻ പറയുന്നു

ദിലീഷ് പോത്തന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.  ശ്യാം പുഷ്കരനാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നതെന്നും പറഞ്ഞിരുന്നു. വാർത്തയിൽ വിശദീകരണവുമായി ദിലീഷ് പോത്തൻ രംഗത്തെത്തി. അഭ്യൂഹങ്ങളില്‍, അല്‍പം സത്യവും ചില പ്രശ്നങ്ങളും ഉണ്ടെന്നാണ് ദിലീഷ് പോത്തന്റെ മറുപടി.  

മമ്മൂട്ടിയെ നായകനാക്കി ഒരു കഥ ഒരുങ്ങുന്നുണ്ടെന്നും വേറെയും ചില പ്രോജക്ടുകൾ ആലോചനയിലുണ്ടെന്നും ദിലീഷ് പോത്തൻ പറഞ്ഞു. സ്ഥിരീകരിക്കാറാവുന്ന സ്ഥിതിയല്ല ഈ പ്രോജക്ടുകളെന്നും ഇങ്ങനെയൊരു കാര്യം മമ്മൂക്ക പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിലീസിനൊരുങ്ങുന്ന പുള്ളിക്കാരന്‍ സ്റ്റാറാ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളില്‍ ദിലീഷ് പോത്തന്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ ഐഡിയ ആയിപ്പോയെന്ന ബേബിച്ചായന്‍ സ്റ്റൈലില്‍ ഒരു മറുപടി. 

കര്‍ണാടക ചലച്ചിത്ര അക്കാദമിയുടെ മലയാളം ഫിലിം ഫെസ്റ്റിവലില്‍ അതിഥിയായാണ് ദിലീഷ് പോത്തന്‍ ബെംഗളൂരുവില്‍ എത്തിയത്. എട്ട് മലയാളചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.