ബേസിൽ ജോസഫിന് മമ്മൂട്ടിയുടെയും ഉണ്ണി ആറിന്റെയും വിവാഹസമ്മാനം

ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ബേസിൽ ജോസഫ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വേണ്ടി സിനിമ ഒരുക്കുന്നു. സൂപ്പർഹിറ്റ് തിരക്കഥാകൃത്തായ ഉണ്ണി ആർ ആണ് സിനിമയുടെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. ടൊവിനോ തോമസ് ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. എഴുപത്തിയഞ്ച് ശതമാനവും വിദേശത്താകും സിനിമയുടെ ചിത്രീകരണം. ബിഗ്ബഡ്റ്റ് ചിത്രമായാകും സിനിമ ഒരുങ്ങുക.

മറ്റൊരു പ്രത്യേകത ഇന്ന് ബേസിലിന്റെ വിവാഹദിവസം കൂടിയാണെന്നുള്ളതാണ്. മമ്മൂട്ടിയുടെയും ഉണ്ണി ആറിന്റെയും വിവാഹസമ്മാനം കൂടിയാണ് ഈ സിനിമ.

ചിത്രത്തെക്കുറിച്ച് ബേസിൽ–

നമസ്കാരം. ഇന്ന് ചിങ്ങം ഒന്ന്. എന്റെ കല്യാണം ആണ്. ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). 

നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ എവിഎ പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം.

കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ..