ഒന്നിച്ചുപോകാൻ ശ്രമിച്ചു, പിന്നെയാണ് ആ തീരുമാനമെടുത്തത്.’ മനോജ് കെ. ജയൻ

ഫോട്ടോ; ശ്യാം ബാബു

അഭിനയ ജീവിതത്തിനു മൂന്നു പതിറ്റാണ്ട് പൂർത്തിയാകുന്ന സന്തോഷത്തിലാണ് മനോജ് കെ. ജയൻ. സിനിമയിലും ജീവിതത്തിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് മനോജ് കെ ജയൻ.

‘‘എന്റെ അമ്മ മരിച്ച ശേഷമുള്ള മൂന്നുനാലു മാസം വലിയ പ്രശ്നമായിരുന്നു. സിനിമകളുടെ തിരക്കു കാരണം വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. സെക്കൻഡ് ടേമിൽ മോളെ ചോയ്സിൽ ചേർത്തു, തൽക്കാലത്തേക്ക് ഹോസ്റ്റലിലും നിർത്തേണ്ടി വന്നു. അന്നുവരെ എന്റെ നെഞ്ചിൽ കിടത്തിയായിരുന്നു കുഞ്ഞാറ്റയെ ഉറക്കിയിരുന്നത്. മോളെ കൊണ്ടുവിട്ട് പോരും വഴി വണ്ടിയിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു. മോൾ പിന്നീട് ഓക്കെയായെങ്കിലും എനിക്ക് സമാധാനമില്ലായിരുന്നു. രണ്ടാംവിവാഹം ചെയ്യാമെന്ന തീരുമാനത്തിൽ വേഗമെത്തിയത് അങ്ങനെയാണ്. ഒരു ദിവസം രാത്രി ഞാൻ മോളോടു ചോദിച്ചു, ‘അച്ഛന്റെ ജീവിതത്തിലേക്ക് അമ്മയെ പോലെ ഒരാളെ കൊണ്ടുവന്നാൽ വിഷമമാകുമോ.’ ‘അച്ഛനെന്താ കൊണ്ടുവരാത്തെ’ എന്നായിരുന്നു മോളുടെ മറുപടി.

വിവാഹജീവിതത്തിൽ നമ്മൾ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യും. ആറു വർഷത്തോളം പൊരുത്തപ്പെടാൻ പല രീതിയിൽ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാൻ പറ്റില്ല എന്ന് എനിക്ക് തോന്നിയത്. 11 വർഷത്തോളം ഇങ്ങനെ കഴിഞ്ഞ ശേഷമാണ് ആശ വിവാഹമോചനത്തിനു തയാറായത്. ആ അനുഭവങ്ങളിലൂടെ ജീവിതത്തെ പച്ചയായി തിരിച്ചറിഞ്ഞതു കൊണ്ട് അവയെ ഒഴിവാക്കി ജീവിക്കാൻ പഠിച്ചു എന്നതാണ് ഇപ്പോഴത്തെ വലിയ കാര്യം.’’ മനോജ് കെ ജയൻ പറയുന്നു.

കൽപനയുടെ മകൾ ശ്രീമയിയെക്കുറിച്ച് മനോജ് കെ ജയൻ 

"ശ്രീമയിയും കുഞ്ഞാറ്റയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ചിഞ്ചിക്ക് (ശ്രീമയി) ഉർവശിയുടെ സ്വഭാവമാണ്, ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. കൽപന മരിച്ച ദിവസം ഇതൊന്നുമറിയാതെ ചിഞ്ചി സ്കൂളിലേക്ക് പോയിരുന്നു. ‘മോളെ വീട്ടിലേക്ക് വിടട്ടേ’ എന്നുചോദിച്ച് ടീച്ചർ ആശയെയാണ് വിളിച്ചത്. കൽപനയുടെ മൃതദേഹം ഹൈദരാബാദിൽ നിന്നു കൊണ്ടുവന്നപ്പോൾ ‘പബ്ലിക്കിനു മുന്നിൽ കരയാൻ ഇഷ്ടമില്ല, ഒരു റൂമിൽ വച്ച് അമ്മയെ കാണണം’ എന്നവൾ ആശയോടു പറഞ്ഞു. ആശയും ചിഞ്ചിയും മാത്രമേ ആ മുറിയിൽ കയറിയുള്ളൂ. അപ്പോഴാണ് ചിഞ്ചി കരഞ്ഞത്.


ഇവിടെ പ്ലസ്ടുവിന്റെ സർട്ടിഫിക്കറ്റിൽ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാൽ ചിഞ്ചി ആശയോടു വിളിച്ചു ചോദിച്ചു, ‘എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.’ ‘എനിക്ക് മൂന്നു പെൺമക്കളാണ്’ എന്നുപറഞ്ഞ് ആശ കരഞ്ഞു. ആശയുടെ ആദ്യ വിവാഹത്തിലെ മോൾ യുകെയിലാണ്. അവിടെ പത്താംക്ലാസിലാണ് ശ്രീയ. അവളെക്കുറിച്ചു മാത്രമേ ആശയ്ക്ക് സങ്കടമുള്ളൂ. വർഷത്തിൽ രണ്ടു പ്രാവശ്യം ആശ അങ്ങോട്ടുപോയി മോളെ കാണും.’’ മനോജ് കെ. ജയൻ പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം