ചെമന്നപെട്ടിയും ഇനി ഒാർമയാകുമോ?

ആദ്യമായൊരു കത്ത് നിങ്ങളെ തേടിയെത്തിയ നിമിഷം ഒാർമയുണ്ടോ? അല്ലെങ്കിൽ, പ്രിയപ്പെട്ടൊരാൾക്കുള്ള കത്ത് തപാൽപ്പെട്ടിയിലിടാൻ പോയ നിമിഷം? കത്തിട്ട് സ്നേഹപൂർവം തപാൽപെട്ടിയെ സ്നേഹത്തോടെ തലോടിയ നിമിഷം. അങ്ങനെയൊരു കാലം പുതുതലമുറയ്ക്ക് ഒരുപക്ഷേ അന്യമാണെങ്കിലും പഴയ തലമുറയ്ക്ക് കത്തുകൾ നൽകിയത് കാത്തിരിപ്പിന്റെ സുഖമാണ്; മേൽവിലാസക്കാരനെ തേടിയെത്തുന്ന പോസ്റ്റുമാൻ വീട്ടിലെത്തുന്ന അതിഥിയും. ആശയവിനിമയത്തിന്റെയും ജീവിതസംസ്കാരത്തിന്റെയും ഭാഗമായിരുന്ന കത്തുകളും പോസ്റ്റുമാനും ചെമന്നപെട്ടിയും ഇനി ഒാർമയാകുമോ? ഇൗ ചോദ്യമാണ് സന്ദേശ് ക്രിയേഷൻസിന്റെ ബാനറിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ പയസ് സ്കറിയ പൊട്ടങ്കുളം തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ചെമന്ന പെട്ടി'യെന്ന ഡോക്യുമെന്ററി കാഴ്ചക്കാരോടു ചോദിക്കുന്നത്. 

തിരുവിതാംകൂറിലെ ആദ്യ അഞ്ചലാപ്പീസായ, ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തിലെ ആർ ബ്ലോക്കിൽ 1972–ൽ തുടങ്ങിയ വേമ്പനാട്ടുകായൽ പോസ്റ്റ് ഓഫിസിലെ താത്കാലിക ജീവനക്കാരി, കഴിഞ്ഞ 27 വർഷമായി ഒറ്റയ്ക്കു ജോലി ചെയ്യുന്ന വി.പി.സീതാമണിയുടെ ഒരു ദിവസത്തെ ജോലിയാണ് ഡോക്യുമെന്ററിയുടെ കാതൽ. ഒപ്പം, പതിമൂന്നര മിനിറ്റ് കൊണ്ട് തപാൽ വകുപ്പിനെക്കുറിച്ചൊരു സമഗ്രചിത്രവും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യയുടെ വികസനത്തോടെ മരണാസന്നമായ കത്തെഴുത്തിനെക്കുറിച്ചുള്ള ആശങ്കകളും ചിത്രം പങ്കുവയ്ക്കുന്നു. 38 വർഷത്തോളമായി റബർ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന പയസ് ഡോക്യുമെന്ററി പൂർത്തിയാക്കിയത് ഒരു വർഷത്തെ പരിശ്രമം കൊണ്ടാണ്. 

കുട്ടനാടിന്റെ ദൃശ്യഭംഗി തനിമയോടെ ഒപ്പിയെടുത്ത ഡോക്യുമെന്റി ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞു. കഴിഞ്ഞ വർഷം മുംബൈ, ഡൽഹി രാജ്യാന്തര ചലച്ചിത്രമേളകളിൽ എക്സലൻസി അവാർഡും പ്രത്യേക പരാമർശവും നേടിയ ഡോക്യുമെന്ററിക്ക് ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിലേക്കും ക്ഷണം ലഭിച്ചു. പ്രമുഖ നർത്തകൻ ഉദയ് ശങ്കറിന്റെ മകൻ ആനന്ദ് ശങ്കറാണു ഡോക്യുമെന്ററിയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത്. ഡോക്യുമെന്ററിക്ക് ശബ്ദം നല്കിയിരിക്കുന്നത് പ്രഫസർ അലിയാർ. സന്തോഷ് അനിമയാണ് ഛായാഗ്രഹണവും എഡിറ്റിങ്ങും. കഴിഞ്ഞ മാസം അലഹാബാദിൽ നടന്ന, ഇന്ത്യ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ഉയർന്ന ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. പയസ് സ്കറിയയുടെ അധ്വാനത്തെ അംഗീകരിച്ച് പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് അനുമോദന കത്തും നൽകി.. മറ്റൊരു ലോക തപാൽ ദിനം കൂടി കടന്നു പോകുമ്പോൾ ചെമന്നപെട്ടിയെന്ന ഡോക്യുമെന്ററി ആ ചോദ്യം വീണ്ടും ആവർത്തിക്കുന്നു – 

കത്തുകളിലൂടെ സ്നേഹവും വിശേഷങ്ങളുമെല്ലാം കൈമാറിയിരുന്ന ആ നല്ല കാലം മടങ്ങി വരുമോ?