അമ്പതു കോടി ക്ലബിലേയ്ക്ക് രാമലീല

ബോക്സ്ഓഫീസിൽ റെക്കോർഡ് നേട്ടവുമായി രാമലീല മുന്നേറുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് വരെ ഇതൊന്നുമല്ലായിരുന്നു ദിലീപ് നായകനായ ഈ ചിത്രത്തിന്റെ അവസ്ഥ. ദിലീപ് എന്ന താരത്തിനു നേരയുളള പൊലീസ് കേസും ജയിൽവാസവും രാമലീലയെ പ്രതിസന്ധിയിലേയ്ക്ക് തളളി വിട്ടിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് തീയറ്റുകളിലെത്തിയ ചിത്രത്തിന് അണിയറപ്രവർത്തകരെ പോലും അമ്പരപ്പിക്കുന്ന സ്വീകരണമാണ് ബോക്സ് ഓഫീസിൽ ലഭിച്ചത്.  

പതിനാലു കോടി രൂപ മുടക്കി നിർമ്മിച്ച രാമലീല സംസ്ഥാനത്ത് തീയറ്ററുകളിൽ നിന്ന് ലഭിച്ച കോടികളുടെ ഇനീഷ്യൽ കലക്ഷന് അപ്പുറം രാജ്യത്തിനു പുറത്തുളള റിലീസിങ്ങിൽ കൂടിയും ഏറ്റവും കുറഞ്ഞത് അമ്പതു കോടി നേടുമെന്ന് ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. രാമലീലയുടെ അമ്പരിപ്പിക്കുന്ന വിജയത്തിനു പിന്നിൽ  താരമാകുന്നത് നിർമ്മാതാവായ ടോമിച്ചൻ മുളകുപാടമാണ്. ചിത്രത്തിനെതിരെയുളള പ്രതിഷേധങ്ങൾ ആദ്യ പ്രദർശനത്തോടെ ഇല്ലാതാകുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ടോമിച്ചൻ മുളകുപാടം പറയുന്നു. നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ സ്വീകരിക്കുക തന്നെ ചെയ്യും. മോശം പടം താൻ ചെയ്യുകയില്ലെന്ന വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നുവെന്നും ടോമിച്ചൻ പറയുന്നു. 

സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സമീപകാലത്ത് ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച ജനപ്രീതിയും രാമലീലയ്ക്ക് ലഭിച്ചു. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. രാമനുണ്ണി എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്.