അഞ്ജലി മേനോൻ–പൃഥ്വി ചിത്രത്തിന്റെ പ്രമേയം

ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. 2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

നസ്രിയയും പാർവതിയുമാണ് ചിത്രത്തിലെ നായികമാര്‍. അഞ്ജലി മേനോന്റെ എല്ലാ സിനിമകളിലേതും പോലെ വ്യക്തിബന്ധങ്ങളുടെ പ്രാധാന്യമാണ് ഈ ചിത്രത്തിന്റെയും പ്രമേയം. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഊട്ടിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ദുബായ് നഗരവും മറ്റൊരു പ്രധാന ലൊക്കേഷനായിരിക്കും. സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന് എം. ജയചന്ദ്രൻ. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്.