പൃഥ്വിയെയും ഇന്ദ്രനെയും രക്ഷിച്ചത് വിനയൻ; മല്ലിക സുകുമാരൻ

വിനയന്‍ കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരന്‍. തന്റെ ഭര്‍ത്താവ് സുകുമാരനെ സിനിമയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചവര്‍ മക്കളേയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്‍റെ പൂജാവേളയിലായിരുന്നു മല്ലിക മനസ് തുറന്നത്.

ചടങ്ങില്‍ സംവിധായകന്‍ ജോസ് തോമസും മനസ് തുറന്നു. വിനയന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ടുചേര്‍ന്നതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ജോസ് തോമസ് പറഞ്ഞു. ഇത് തെറ്റായ തീരുമാനമായി എന്ന് തിരിച്ചറിയാന്‍ വൈകിയെന്നും ജോസ് തോമസ് പറഞ്ഞു. പൂജാ ചടങ്ങില്‍ സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.ഇ ഇസ്മായില്‍, ബൈജു കൊട്ടാരക്കര തുടങ്ങിയവരും പങ്കെടുത്തു. 

തൊടുപുഴയില്‍ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ പങ്കെടുക്കില്ലെന്ന് മമ്മൂട്ടി വിനയനെ അറിയിച്ചിരുന്നു. ‘എന്റെ രണ്ട് ചിത്രത്തില്‍ നായകനായ മമ്മൂട്ടിയെ സിനിമയിലെ സീനിയര്‍ എന്ന നിലയിലും അമ്മയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയിലയിലുമാണ് ഒരാഴ്ച മുമ്പ് ചടങ്ങിന് ക്ഷണിച്ചത്. തൊടുപുഴയില്‍ ഷൂട്ടിങ് ആണെന്നും അതിനാല്‍ എറണാകുളത്ത് കാണുമെന്നും പറഞ്ഞിരുന്നു. ഇടക്ക് വിട്ടുപോയ പഴയകാല സൗഹൃദം പുതുക്കാന്‍ ഇതൊരവസരമാവുമെന്നും കരുതിയിരുന്നു. എന്റെ നിരോധനം നീക്കിയെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അറിയിച്ചതും അദ്ദേഹമായിരുന്നു. ആരോടും പരിഭവമില്ല.’ വിനയൻ പറഞ്ഞു.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖമായ രാജാമണിയാണ് നായകനാകുന്നത്. ഹണിറോസ് ആണ് നായിക. മണിയുടെ ജീവിതം അതേപടി പകര്‍ത്തുന്ന ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് വിനയന്‍ പറഞ്ഞു. ‘മണിയുടെ നിറം അദ്ദേഹത്തെ സിനിമയില്‍ മാറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ട്. കറുപ്പിനെക്കുറിച്ചും ദളിതരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ നാം സംസാരിക്കാറുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍. അത്തരം കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.’– വിനയന്‍ പറഞ്ഞു. 

ഈ മാസം 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. 2018 മാര്‍ച്ച് അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ജോയ് മാത്യു, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റോണ്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഉമര്‍ മുഹമ്മദാണ് തിരക്കഥ തയാറാക്കുന്നത്​.