നന്ദി അമ്മ, സൂര്യയെന്ന രാജകുമാരനെ തന്നതിന്

തമിഴ് സൂപ്പര്‍താരം സൂര്യയുടെ പ്രിയതമയും പ്രേക്ഷകരുടെ പ്രിയതാരവുമാണ് ജ്യോതിക. ഒരിടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തിയ ചിത്രമായിരുന്നു മുപ്പത്തിയാറ് വയതിനിലെ. പിന്നീട് മഗളിര്‍ മട്ടും എന്ന ചിത്രത്തിലൂടെ നടി വീണ്ടും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. 

സൂര്യയുടെ പിന്തുണകൊണ്ട് മാത്രമാണ് താൻ വീണ്ടും അഭിനയരംഗത്തെത്തിയതെന്ന് ജ്യോതിക പറഞ്ഞിരുന്നു. മറ്റുളളവർക്കും പ്രചോദനമാകുന്ന ദാമ്പത്യജീവിതമാണ് ജ്യോതികയുടെയും സൂര്യയുടെയും. 

‘ജസ്റ്റ് ഫോര്‍ വിമണ്‍' മാസികയുടെ പുരസ്‌കാരവേദിയില്‍ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സംസാരവിഷയമാകുന്നത്. സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത്.

‘എന്റെ ജീവിതത്തിന് പിന്നിലും ഒരുപാട് സ്ത്രീകൾ ഉണ്ട്. ആദ്യത്തേത്, എന്റെ പതിനേഴാം വയസ്സിൽ അമ്മ. അമ്മ നല്ല കാര്‍ക്കശ്യക്കാരിയായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു ' ജോ, നീ ആളുകളെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കണം അങ്ങനെ ലോകത്തെ നേരിടണം. നിന്റെ ബാങ്ക് എക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം, നിനയ്ക്ക് ചേരുന്ന ആളെ അല്ല നീ കണ്ടെത്തുന്നതെങ്കിൽ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോകണം.' അമ്മയുടെ ആ ഉപദേശത്തിന് നന്ദി. സ്വാഭിമാനം എന്താണെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. –ജ്യോതിക പറഞ്ഞു.

ജ്യോതികയുടെ അമ്മ സീമ സാധന ആദ്യം വിവാഹം കഴിക്കുന്നത് വ്യവസായി അരവിന്ദ് മൊറാര്‍ജിയെയാണ്. ആ ബന്ധത്തിലെ മകളാണ് നടി നഗ്മ. പിന്നീട് അരവിന്ദുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് ചന്ദര്‍ സാധനയെ വിവാഹം കഴിച്ചു. ഇവരുടെ മകളാണ് ജ്യോതിക. 

‘സൂര്യയുടെ അമ്മ ലക്ഷ്മി ശിവകുമാറിനും ജ്യോതിക നന്ദി പറഞ്ഞു. കുടുംബത്തിന്റെ നിലനിൽപും ജീവിതമൂല്യവും കൂടുതലറായി പറഞ്ഞുതന്നത് അവരാണ്. ലക്ഷ്മി അമ്മ ഒരു രാഞ്ജിയാണ്. കാരണം അവർ ഒരു രാജകുമാരനെയാണ് വളർത്തിയെടുത്തത്. ഒരു രാഞ്ജിക്ക് മാത്രമേ രാജകുമാരനെ വളർത്തിയെടുക്കാൻ കഴിയൂ. ഇന്നത്തെ സമൂഹത്തിൽ ഭാര്യയാണ് ഭർത്താക്കന്മാരെ നേർവഴിക്ക് നടത്തി കുട്ടികളെയും വളർത്തി നേരെയാക്കേണ്ടത്.’ –ജ്യോതിക പറഞ്ഞു.

‘അമ്മ അവരുടെ മകനെ എന്റെ രാജകുമാരനായി വളർത്തി വലുതാക്കി. ഞാനിവിടെ നിൽക്കാൻ കാരണവും അതുതന്നെ. ഞാൻ ചെയ്യുന്ന എന്ത് കാര്യത്തിനും എല്ലാപിന്തുണയുമായി സൂര്യ ഉണ്ടാകും. അത്  ആ അമ്മ കാരണമാണ്.’–ജ്യോതിക പറഞ്ഞു.