ബിലാൽ വീണ്ടുമെത്തുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കൽ വീണ്ടും എത്തുന്നു. ബിലാൽ എന്നാണ് സിനിമയുടെ പേര്. അമൽ നീരദ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. അടുത്തവർഷം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. 

രാം ഗോപാൽ വർമ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡിൽ തിളങ്ങിയ അമൽ 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്.  ആക്‌ഷൻ ത്രില്ലറായ ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററിൽ നിന്ന് ലഭിച്ചതും. അല്‍ഫോൻസ് സംഗീതം നൽകിയ ചിത്രത്തിന് ഗോപി സുന്ദറായിരുന്നു പശ്ചാത്തലസംഗീതം. ഛായാഗ്രഹണം –സമീർ താഹിർ, സംഭാഷണം– ഉണ്ണി ആർ.

എന്നാൽ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തി. ടോറന്റിലും മറ്റും ഹിറ്റായ ബിഗ് ബി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്. 

ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽക്കർ എത്തുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല. ബിഗ് ബി സിനിമ അവസാനിക്കുമ്പോൾ  തെരുവിൽ നിന്നും ബിലാൽ വീട്ടിലേക്ക് കൂട്ടുന്ന കുട്ടിയുടെ പിൽക്കാലമാണ് ദുൽക്കർ അവതരിപ്പിക്കുന്നതെന്നാണ് സൂചന.