ഇതാ നമ്പർ, ഒന്നു വിളിക്കൂ: വിഡിയോയിലൂടെ ആര്യയുടെ വിവാഹാഭ്യർഥന

വിവാഹക്കാര്യത്തില്‍ ഇതുപോലൊരു തീരുമാനം ഒരു നടനും എടുത്തിട്ടുണ്ടാകില്ല. പൊതുവെ സിനിമാക്കാരെല്ലാം വിവാഹക്കാര്യം  ഉറപ്പിച്ചതിന് ശേഷമാണ് വിവരങ്ങൾ പുറത്തുവിടുക. എന്നാൽ ആര്യ ഇതിൽ നിന്നൊക്കെ വ്യത്യസ്തനാണ്.

ജീവിതസഖിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ് ആര്യ. തനിക്ക് ചേരുന്ന വധുവിനെ കണ്ടെത്താൻ സ്വയം ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അദ്ദേഹം. ഇതിനായി സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് ആര്യ സംസാരിക്കുന്ന വിഡിയോ ലീക്ക് ചെയ്ത് പുറത്തുവന്നിരുന്നു. ജിമ്മിൽ ആയിരുന്ന സമയത്ത് കൂട്ടുകാരോട് സംസാരിക്കുന്ന വിഡിയോ ആണ് ലീക്ക് ആയി പുറത്തുവന്നത്.

താൻ അറിയാതെയാണ് ആ വിഡിയോ ലീക്ക് ആയതെങ്കിലും അതിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്ന് ആര്യ പുതിയ വിഡിയോയിൽ പറഞ്ഞു. ‘പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാർ, ബന്ധുക്കൾ അല്ലെങ്കിൽ മാട്രിമോണിയൽ സൈറ്റ് എന്നിവയിലൂടെയൊക്കെയാവും കണ്ടെത്താൻ ശ്രമിക്കുക.  എന്നാൽ ഞാൻ അങ്ങനെയല്ല. വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കൂ. ഇതൊരു പ്രാങ്ക് വിഡിയോ അല്ല, ആരെയും പറ്റിക്കാനും ചെയ്യുന്നതല്ല. ഇതെന്റെ ജീവിതപ്രശ്നമാണ്. നിങ്ങളുടെ വിളിക്കായി ഞാൻ കാത്തിരിക്കുന്നു.–ആര്യവിഡിയോയിലൂടെ പറഞ്ഞു.