ആളിത്തിരി പിശകാണ്; മാസ്റ്റർപീസ് മാസ് ടീസർ

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാസ്റ്റർപീസ് ടീസർ പുറത്തിറങ്ങി. ആരാധകരെ ആവേശംകൊള്ളിക്കുന്ന ടീസറിൽ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പ് ആണ് പ്രധാനആകർഷണം.

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. മമ്മൂട്ടിയുടെ എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡി കാമ്പസിലെത്തുന്നത് പക്ഷേ അതിലും വലിയ ഗുണ്ടായിസവുമായാണ്. രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്.

വലിയ താരനിരയാണ് ചിത്രത്തില്‍. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്‌‌വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു. വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.

മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി ക്രിസ്മസിന് തൊട്ടുമുന്‍പായി തീയേറ്ററിലെത്തിക്കാനാണ് ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തും ഫാന്‍സ് ഷോകള്‍ക്കുള്ള ഒരുക്കങ്ങളുമുണ്ട്.