തേൻകുറിശിയിൽ നിന്നും മാണിക്യൻ; ഒടിയൻ രണ്ടാം ടീസർ

മലയാളത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. പാലക്കാട് തേൻകുറിശിലെത്തിയ ഒടിയൻ മാണിക്യനെക്കുറിച്ചാണ് ഈ വിഡിയോയിലൂടെ മോഹൻലാൽ പങ്കുവക്കുന്നത്. രണ്ട് മണിക്കൂറുകൾകൊണ്ട് രണ്ട് ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.

മോഹൻലാലിന്റെ വാക്കുകളിലേയ്ക്ക്–

‘അന്ന് കാശിയിൽവച്ച് ഞാൻ പറഞ്ഞിരുന്നല്ലോ, ഇനിയുള്ള എന്റെ യാത്ര തേൻകുറിശിയിലേക്ക് ആണെന്ന്. ഞാൻ അവിടെ എത്തിക്കഴിഞ്ഞു. എന്റെ ഈ ഒടിയൻ മാണിക്യന്റെ തേൻകുറിശിയിൽ.

കേട്ടില്ലെ, കരിമ്പനക്കാറ്റ് അടിക്കുന്നത്. എന്റെ ഭൂതകാലത്തിന്റെ ഓർമകളുണ്ട് ആ കാറ്റിന്റെ ഇരമ്പലിൽ. എത്രയെത്ര ഓർമകൾ. ചിരിപ്പിച്ച, കരയിപ്പിച്ച, മോഹിപ്പിച്ച, മരവിപ്പിച്ച എത്രയെത്ര ഓര്‍മകൾ.

തിരിച്ചെത്തിയപ്പോഴാണ് ഞാൻ അറിഞ്ഞത്. എനിക്കൊപ്പം എന്റെ കഥയിലെ കഥാപാത്രങ്ങൾക്കെല്ലാവർക്കും വയസ്സായി കഴിഞ്ഞിരിക്കുന്നു. പക്ഷെ തേൻകുറിശിക്ക് മാത്രം എന്തൊരു ചെറുപ്പമാണ്.

ഞാൻ അന്ന് ഇവിടെ നിന്ന് യാത്ര പറഞ്ഞ് പോയപ്പോൾ ഇവിടെ ബാക്കിവച്ച പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനും ഒന്നും വയസ്സായിട്ടേ ഇല്ല. ഞാൻ എന്റെ ഓർമകളിലേക്ക് മടങ്ങട്ടെ, വീണ്ടും കാണാം തേജസ്സും ഓജസ്സുമുള്ള ആ പഴയ മാണിക്യനായി.’

വാരണാസിയും പാലക്കാടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായെത്തും. പ്രകാശ് രാജ് ആണ് വില്ലൻ. ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ്, സന അൽത്താഫ് എന്നിവരാണ് മറ്റുതാരങ്ങൾ. ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. 

പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. പുലിമുരുകന്‍ ഛായാഗ്രാഹകൻ ഷാജി കുമാർ ആണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.