ഒടിയൻ, പ്രഭയായി മഞ്ജു; അവസാന ഷെഡ്യൂള്‍ മാര്‍ച്ച് അഞ്ചിന്

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. ശ്രീകുമാര്‍ മേനോൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

‘ഒടിയൻ മൂന്നാം ഷെഡ്യൂൾ മാർച്ച് 5ന് ആരംഭിക്കുന്നു. മാണിക്ക്യന്റെ തിളയ്ക്കുന്ന യൗവ്വനകാലം അവതരിപ്പിക്കുവാൻ ലാലേട്ടൻ വീണ്ടും തേങ്കുറിശ്ശിയിൽ എത്തുന്നു. ഇനി 60 നാൾ നീണ്ടു നിൽക്കുന്ന ത്രില്ലിങ് ചിത്രീകരണം. പ്രഭയായി മഞ്ജു വാരിയരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും. പ്രാർത്ഥനകളും, ആശംസകളും, അനുഗ്രഹങ്ങളും നൽകി തുടർന്നും ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു.’–ശ്രീകുമാര്‍ മേനോൻ പറഞ്ഞു.

വി.എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ ആണ്. വിവിധ ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുക. സിനിമയ്ക്കായി താരം ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാര്‍ത്തയായിരുന്നു.