അച്ഛൻ പേടിച്ച് വീട്ടിലിരിപ്പുണ്ട്: ശ്രാവൺ മുകേഷ്

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന കല്ല്യാണം തിയറ്ററുകളിലെത്തി. ശ്രാവൺ ആദ്യമായി നായകനായി എത്തുന്ന സിനിമ കൂടിയായിരുന്നു കല്യാണം. മകന്റെ സിനിമ തിയറ്ററുകളിലെത്തിയപ്പോൾ ടെൻഷൻ കൂടി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു മുകേഷ്. ശ്രാവൺ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സിനിമയുടെ പ്രതികരണം അറിയാനായി പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ് അച്ഛനെന്ന് ശ്രാവണ്‍ പറഞ്ഞു.

തനിക്കും കുറച്ച് പേടിയുണ്ടെന്നും എന്നാൽ സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്നും ശ്രാവൺ പറഞ്ഞു. അഭിനയത്തിൽ അമ്മയുടെ സംഭാവന ഉണ്ടെന്നും അമ്മ പറഞ്ഞുതന്ന പോലെ അഭിനയിച്ചിട്ടുണ്ടെന്നും ശ്രാവൺ പറഞ്ഞു.

രാജേഷട്ടൻ കഥയുമായി വന്നപ്പോള്‍ ആദ്യം കേട്ടത് അച്ഛനും അമ്മയുമാണ് അവർക്ക് ഇഷ്ടമായതിന് ശേഷമാണ് കഥ കേട്ടതെന്നും ശ്രാവൺ പറഞ്ഞു.

ശരത്തിന്റേയും ശാരിയുടേയും കല്യാണവും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമാണ് കല്യാണം സിനിമയുടെ ഇതിവൃത്തം. നടനും എംഎല്‍എയുമായ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് ആണ് ശരത്തായി വേഷമിടുന്നത്. വര്‍ഷയാണ് സിനിമയിലെ നായിക. മുകേഷ്, ശ്രീനീവാസന്‍, മാലാ പാര്‍വതി തുടങ്ങിയ പ്രമുഖ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു.