എതിരാളിയില്ലാതെ ഇന്ദ്രൻസ്; വിനീതയോടു മൽസരിച്ച് പാർവതി

തിരുവനന്തപുരം∙ മികച്ച നടനാകാനുള്ള മത്സരത്തിൽ ഇന്ദ്രൻസിന് എതിരാളിയില്ല. ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം വിസ്മയത്തോടെയാണു ജൂറി കണ്ടത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘ടേക്ക് ഓഫ്’ എന്നീ സിനിമകളിൽ മികച്ച അഭിനയം കാഴ്ചവച്ച ഫഹദ് ഫാസിൽ, ‘തൊണ്ടിമുതൽ’, ‘സവാരി’ എന്നീ സിനിമകളിൽ അഭിനയിച്ച സുരാജ് വെഞ്ഞാറമൂട് എന്നിവരും ജൂറിയുടെ ശ്രദ്ധ നേടി. മികച്ച നടിക്കുള്ള മത്സരത്തിൽ പാർവതിക്കു വെല്ലുവിളിയായതു പുതുമുഖം വിനീത കോശി. ‘ഒറ്റമുറി വെളിച്ച’ത്തിലെ നായികയെ ഏറെ മികവോടെയാണ് അവർ അവതരിപ്പിച്ചത്. ‘ഉദാഹരണം സുജാത’,‘കെയർ ഓഫ് സൈറാ ബാനു’ എന്നീ സിനിമകളുമായി തൊട്ടുപിന്നിൽ മഞ്ജു വാരിയർ ഉണ്ടായിരുന്നുവെങ്കിലും മഞ്ജുവിന്റെ വേഷം വെല്ലുവിളി ഉയർത്തുന്നതാണെന്നു ജൂറിക്കു തോന്നിയില്ല.

അഞ്ചു സിനിമകളാണു മികച്ച ചിത്രത്തിനുള്ള അവാർഡിന്റെ അവസാന റൗണ്ടിൽ എത്തിയത്. ‘ഒറ്റമുറി വെളിച്ചം’,‘ഏദൻ’, ‘ഈ.മ.യൗ’,‘ടേക്ക് ഓഫ്’, ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്നിവ. ഇതിൽ മികച്ചത് ‘ഒറ്റമുറി വെളിച്ച’മാണെന്ന കാര്യത്തിൽ ജൂറിക്കു രണ്ടഭിപ്രായമില്ലായിരുന്നു. എന്നാൽ ഏദന്റെ കാര്യത്തിൽ ചില അംഗങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സാവധാനത്തിലുള്ള അവതരണമാണു ചിലരെ മടുപ്പിച്ചത്. എങ്കിലും ഭൂരിപക്ഷ തീരുമാനപ്രകാരം‘ഏദൻ’ മികച്ച രണ്ടാമത്തെ ചിത്രമായി.

മികച്ച സംവിധായകനുള്ള മത്സരത്തിൽ മൂന്നു പേരുകളാണുണ്ടായിരുന്നത്. ലിജോ ജോസ് പെല്ലിശേരി, മഹേഷ് നാരായണൻ, ദിലീഷ് പോത്തൻ എന്നിവർ. ‘ഈ.മ.യൗ’ എന്ന ചിത്രത്തിൽ മരണവീടിന്റെ അന്തരീക്ഷവും കനത്ത മഴയും ഞെട്ടിപ്പിക്കുന്ന കഥാസന്ദർഭങ്ങളുമെല്ലാം അതിഗംഭീരമായി അവതരിപ്പിച്ചതാണു ലിജോ ജോസിനെ മുന്നിലെത്തിച്ചത്. ലിജോയ്ക്കു പിന്തുണയുമായി പൗളി വത്സൻ തകർത്ത് അഭിനയിച്ചു.

മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരത്തിനു പൗളിയുമായി മത്സരിക്കാൻ ആരുമില്ലായിരുന്നു. ‘ഈ.മ.യൗ’വിൽ മരിച്ചയാളിന്റെ ഭാര്യയായ പൗളിയെ ‘ഒറ്റമുറി വെളിച്ച’ത്തിൽ നല്ല അമ്മയായി കണ്ടതോടെ അവരുടെ അഭിനയത്തിന്റെ റേഞ്ച് ജൂറിക്കു ബോധ്യപ്പെട്ടു. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിൽ മാല മോഷണത്തിന്റെ എഫ്ഐആർ തയാറാക്കുന്ന രംഗമാണു മറ്റെല്ലാവരെയും പിന്തള്ളി മികച്ച സ്വഭാവ നടനാകാൻ അലൻസിയറിനു വഴിയൊരുക്കിയത്. അലൻസിയർ പൊലീസുകാരനായി ജീവിച്ചുവെന്നു ജൂറി വിലയിരുത്തി. ‘ഹേയ് ജൂഡി’ലെ വിജയ് മേനോൻ, സിദ്ദീഖ് എന്നിവരാണു സ്വഭാവ നടനുള്ള മത്സര രംഗത്തുണ്ടായിരുന്നത്. മറ്റു പല സിനിമകളിലും അച്ഛനും മുത്തച്ഛനുമായി മികച്ച പ്രകടനം കാഴ്ചവച്ചത് അലൻസിയറിനു പ്രയോജനപ്പെട്ടു. വിജയ് മേനോനു പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

രണ്ടാം ലോകയുദ്ധകാലത്തെ കുട്ടനാടിന്റെ കഥ പറഞ്ഞ ‘ഭയാനകം’ എന്ന സിനിമയിൽ അക്കാലത്തെ സംഗീതം ആവിഷ്കരിച്ചതിനാണ് എം.കെ.അർജുനന് അവാർഡ് ലഭിച്ചത്. അന്നത്തെ കാലഘട്ടവും കൊയ്ത്തുപാട്ടും ആവിഷ്കരിച്ച അദ്ദേഹത്തിനു വെല്ലുവിളി ഉയർത്താൻ ആരുമില്ലായിരുന്നു. മികച്ച ചിത്രത്തിനായി അവസാന റൗണ്ടിലെത്തിയ അഞ്ചു സിനിമകളുടെയും തിരക്കഥ മികച്ചതായിരുന്നു. വെറുമൊരു മാലമോഷണത്തെ ബോറടിപ്പിക്കാത്ത സിനിമയാക്കി വികസിപ്പിച്ചതാണു ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കു സജീവ് പാഴൂരിനെ ജേതാവാക്കിയത്.