ഒടുവിൽ രണ്ടും കൽപിച്ച് ധ്യാൻ നയൻതാരയെ വിളിച്ചു!

വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ, നിവിൻ, നയൻതാര

മലയാള സിനിമാ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിവച്ചൊരു പേര്–മെറിലാൻഡ് സിനിമാസ്. മുരുകനും മയിലും ചേർന്ന മെറിലാൻഡ് സിനിമയുടെ ലോഗോ മലയാളികൾക്ക് മികച്ച കലാസൃഷ്ടികളിലേക്കുള്ള ക്ഷണം കൂടിയായിരുന്നു. മധു നായകനായി 1979ൽ പുറത്തിറങ്ങിയ ‘ഹൃദയത്തിന്റെ നിറങ്ങളായിരുന്നു’ മെറിലാൻഡിന്റെ അവസാന സിനിമ.

പിന്നീട് മെറിലാൻഡ് മലയാള സിനിമാ തിരശീലയിൽ നിന്നു പതുക്കെ മാഞ്ഞു. നാലു പതിറ്റാണ്ടിനു ശേഷം മെറിലാൻഡ് സിനിമ തിരിച്ചുവരുന്നു. മെറിലാൻഡ് സ്ഥാപകൻ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകൻ വിശാഖ് സുബ്രഹ്മണ്യമാണ് രണ്ടാംവരവിനു നേതൃത്വം നൽകുന്നത്. വിശാഖ് സുബ്രഹ്മണ്യവും നടൻ അജു വർഗീസും ചേർന്നു നിർമിക്കുന്ന ആദ്യസിനിമ ‘ലൗ ആക്‌ഷൻ ഡ്രാമ’യുടെ ഷൂട്ടിങ് ഉടൻ തുടങ്ങും. നടനും തിരക്കഥാകൃത്തുമായ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. നിവിൻ പോളി നായകനായ ചിത്രത്തിലൂടെ നയൻതാര വീണ്ടും മലയാളത്തിലെത്തുന്നു. 

സിനിമ കൊണ്ടൊരു റോഡ് 

പുതിയ തലമുറയ്ക്ക് ഒരുപക്ഷേ, മെറിലാൻഡ് സിനിമാസിനെയും അതിനു തുടക്കമിട്ട പി. സുബ്രഹ്മണ്യം എന്ന സംവിധായകനും നിർമാതാവുമായിരുന്ന കലാകാരനെയും അത്ര പരിചയമുണ്ടാകില്ല. ഒരുകാലത്ത് ഉദയാ എന്ന ബാനറിനൊപ്പം തലയുയർത്തി നിന്ന സിനിമാക്കമ്പനിയായിരുന്നു മെറിലാൻഡും. 1951ലാണ് മെറിലാൻഡിന്റെ ഉദയം. 1979ൽ മരിക്കുന്നതിനു മുൻപ് 69 സിനിമകളാണ് മെറിലാൻഡ് നിർമിച്ചത്. ഇതിൽ 59 എണ്ണത്തിന്റെയും സംവിധായകൻ സുബ്രഹ്മണ്യം തന്നെയായിരുന്നു. 

ഭൂരിഭാഗവും വൻ വിജയങ്ങളായി. കലാപരമായും മികച്ച നിലവാരം പുലർത്തിയിരുന്നു മെറിലാൻഡ് സിനിമകൾ. ചെയ്ത സിനിമകളേക്കാൾ വലിയൊരു സംഭാവനയും അദ്ദേഹം കേരളത്തിനു നൽകിയിട്ടുണ്ട്. പമ്പയിൽ നിന്ന് ശബരിമല സന്നിധാനത്തേക്കുള്ള കാട്ടുപാതയ്ക്കു സമാന്തരമായി സ്വാമി അയ്യപ്പൻ റോഡ് നിർമിച്ചത് പി. സുബ്രഹ്മണ്യമായിരുന്നു.

മെറിലാൻഡ് സിനിമാസിന്റെ സ്വാമി അയ്യപ്പൻ എന്ന സിനിമ അന്നുവരെയുള്ള കലക്‌ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ചു വൻ വിജയമായപ്പോൾ സിനിമയുടെ ലാഭം മുഴുവൻ ഉപയോഗിച്ച് സന്നിധാനത്തേക്കുള്ള റോഡ് നിർമിക്കുകയായിരുന്നു അയ്യപ്പഭക്തൻ കൂടിയായ പി. സുബ്രഹ്മണ്യം. നേമത്ത് അദ്ദേഹം നിർമിച്ച മെറിലാൻഡ് സ്റ്റുഡിയോ ഒട്ടേറെ മലയാള സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു. 

രണ്ടാം തലമുറയിലൂടെ മടക്കം 

പി. സുബ്രഹ്മണ്യത്തിന്റെ മരണത്തോടെ സിനിമാ സംവിധാന, നിർമാണരംഗത്തു നിന്ന് മെറിലാൻഡ് പതുക്കെ പിൻവലിഞ്ഞു. 25 കൊല്ലങ്ങൾക്കു ശേഷം മെറിലാൻഡ് തിരിച്ചെത്തിയെങ്കിലും മിനി സ്ക്രീനിലേക്കായിരുന്നു വരവ്. സ്വാമി അയ്യപ്പൻ, മഹാഭാഗവതം, കൃഷ്ണകൃപാസാഗരം, അമ്മ ഉൾപ്പെടെ ഇരുപതോളം സീരിയലുകൾ മെറിലാൻഡിന്റേതായി ടിവി സ്ക്രീനിലെത്തി. സിനിമാ സംവിധാന, നിർമാണരംഗത്തു നിന്നു മാറിനിന്നെങ്കിലും തിരുവനന്തപുരത്ത് മെറിലാൻഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ, ശ്രീപത്മനാഭ, ശ്രീകാർത്തികേയ തിയറ്ററുകൾ വിജയ സിനിമാചരിത്രത്തിലെ വമ്പൻ വിജയങ്ങളുടെ ചരിത്രരേഖകളിൽ നിറഞ്ഞു. 

സുബ്രഹ്മണ്യത്തിന്റെ മകനായ എസ്. മുരുകന്റ മകനാണ് വിശാഖ് സുബ്രഹ്മണ്യം. പഠിച്ചത് എൻജിനീയറിങ് ആണെങ്കിലും വിശാഖിന്റെ രക്തത്തിൽ സിനിമയുണ്ടായിരുന്നു. എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളുടെ നടത്തിപ്പിൽ മുരുകനെ സഹായിച്ചാണ് വിശാഖ് സിനിമാരംഗത്തെത്തിയത്.

അഞ്ചുകൊല്ലത്തിലേറെ സമയമെടുത്ത് സിനിമാ മേഖലയെക്കുറിച്ചു വിശദമായി പഠിച്ച ശേഷമാണ് നിർമാണ രംഗത്തേക്കു കടക്കുന്നത്. അതിനു നിമിത്തമായത് ഉറ്റ സുഹൃത്തുക്കളായ വിനീത് ശ്രീനിവാസനും അജു വർഗീസും ധ്യാൻ ശ്രീനിവാസനും. വിശാഖും അജുവും ചേർന്നുള്ള നിർമാണക്കമ്പനിയുടെ പേര് ഫന്റാസ്റ്റിക് ഫിലിംസ് എന്നാണെങ്കിലും ശ്രീവിശാഖ് മെറിലാൻഡ് സിനിമാസ് റിലീസ് എന്ന പേരും സിനിമയുടെ ടൈറ്റിൽ കാർഡിൽ തെളിയും.

ലൗ ആക്‌ഷൻ ഡ്രാമ

പുതിയ തലമുറയുടെ വടക്കുനോക്കിയന്ത്രമായിരിക്കും ലൗ ആക്‌ഷൻ ഡ്രാമ–വിശാഖ് പുതിയ സിനിമയെക്കുറിച്ചു പറയുന്നു. ധ്യാൻ ശ്രീനിവാസൻ മനസ്സിലുള്ള കഥ പറഞ്ഞപ്പോൾ തന്നെ വിശാഖും അജുവും തങ്ങളുടെ ആദ്യ സിനിമ ഇതായിരിക്കണമെന്ന് ഉറപ്പിച്ചു. നിവിനും കഥ കേട്ടതോടെ കൈ കൊടുത്തു. നായികയായി നയൻതാരയാണ് ഏറ്റവും നല്ലത് എന്ന അഭിപ്രായം നിർമാതാക്കളും സംവിധായകനും നായകനും തലകുലുക്കി സമ്മതിച്ചെങ്കിലും നടക്കുമോ അളിയാ എന്ന ചോദ്യം അശരീരിയായി ഉയർന്നു. ഒടുവിൽ രണ്ടും കൽപിച്ച് ധ്യാൻ നയൻതാരയെ വിളിച്ചു. 30 മിനിറ്റ് സമയമേയുള്ളൂ, കഥ ഇഷ്ടമായില്ലെങ്കിൽ നോ പറയും–നയൻതാര നയം വ്യക്തമാക്കി. 

ആദ്യ 10 മിനിറ്റ് ഗൗരവത്തോടെ കഥ കേട്ടിരുന്ന നയൻതാര പിന്നീട് ചിരിച്ചുചിരിച്ചു മടുത്തു. അതോടെ സിനിമ ടേക്ക് ഓഫ് ആയി. ഷാൻ റഹ്മാനും വിവേക് ഹർഷനും ഉൾപ്പെടെയുള്ള മുൻനിര കലാകാരന്മാരെ അണിനിരത്തി വലിയ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ചെന്നൈ ആണ് സിനിമയുടെ ലൊക്കേഷൻ. സിനിമയ്ക്കു വേണ്ടി നിവിൻ പോളി തടി കുറയ്ക്കുകയാണ് ഇപ്പോൾ. മേയിൽ ഷൂട്ടിങ് തുടങ്ങി ഈ വർഷം അവസാനം സിനിമ തിയറ്ററിലെത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു വിശാഖും അജു വർഗീസും.