sections
MORE

ഈ പ്രവണത ഏറ്റവുമധികം ബാധിക്കുക യുവതാരങ്ങളെ: ഷറഫുദ്ദീൻ

sharafuddin
SHARE

ചെറു ബജറ്റിലൊരുക്കുന്ന സിനിമകൾ എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാനാകുന്നില്ലെന്നതാണ് ഇന്നത്തെ പ്രധാന വെല്ലുവിളിയെന്ന് നീയും ഞാനും എന്ന സിനിമയിലൂടെ നായകനിരയിലേക്കുയർന്ന ഷറഫുദ്ദീൻ. ഈ പ്രവണത ചെറിയ സിനിമകൾ ചെയ്യുന്നതിൽ നിന്ന് സംവിധായകർ പിന്നോട്ട് പോകുന്നതിന് കാരണമാകും. മലയാളത്തിൽ ഉയർന്നു വരുന്ന യുവതാരങ്ങളെ ആയിരിക്കും ഇത് ഏറ്റവും ബാധിക്കുകയെന്നും ഷറഫുദ്ദീൻ ചൂണ്ടിക്കാട്ടി

ലോകത്തിൽ എല്ലാ ഭാഷകളിലുമിറങ്ങുന്ന സിനിമകളോട് മൽസരിക്കേണ്ട അവസ്ഥയാണ് മലയാളത്തിലിറങ്ങുന്ന സിനിമകൾക്കെന്ന് സംവിധായകൻ എ.കെ.സാജൻ അഭിപ്രായപ്പെട്ടു. ചെറിയ സിനിമകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ വലിയ വെല്ലുവിളികൾ നേരിടുന്നതായി നിർമാതാവ് സിയാദ് കോക്കർ പറയുന്നു. നീയും ഞാനും  എന്ന സിനിമയുടെ പ്രചാരണാർഥം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മലയാളത്തിലെ ചെറു ബജറ്റ് സിനിമകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അണിയറ പ്രവർത്തകർ മനസ്സു തുറന്നത്.

നൂറും അഞ്ഞൂറും കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രങ്ങളോട് മൽസരിക്കേണ്ട മലയാള സിനിമയുടെ അവസ്ഥയെ കുറിച്ചാണ് സംവിധായകൻ എ.കെ.സാജൻ പറയുന്നത്. ഇത്തരം വമ്പൻ സിനിമകളോട് മൽസരിക്കുമ്പോൾ പല ചിത്രങ്ങളും വേണ്ടപോലെ പ്രേക്ഷരിലേക്കെത്തുന്നില്ല. എന്നാൽ വമ്പൻ ബജറ്റ് സിനിമകളുടെ തള്ളിക്കയറ്റത്തിലും ചെറു സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത മലയാളി പ്രേക്ഷകരുടെ വിജയമാണെന്നും എ.കെ.സാജൻ പറഞ്ഞു.

ഒരു സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തുന്നതിനു മുമ്പ് അടുത്ത റിലീസ് വരുന്നതാണ് ഇപ്പോൾ സിനിമ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് നിർമാതാവ് സിയാദ് കോക്കർ അഭിപ്രായപ്പെടുന്നു. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന കൊമേഴ്സ്യൽ ചിത്രങ്ങളോടുള്ള എക്സിബിറ്റേഴ്സിന്റെ സമീപനം ഇത്തരം ചിത്രമെടുക്കണോ എന്നു പോലും ചിന്തിപ്പിക്കുന്ന വിധത്തിലുള്ളതാണ്. സിനിമയുടെ മേൻമയല്ല, പെട്ടിയിൽ വീഴുന്ന പണമാണ് ഒരു വിഭാഗം നോക്കുന്നത്. അതേ സമയം മറ്റൊരു വിഭാഗം തിയേറ്ററുകൾ നല്ല പിന്തുണയാണ് നൽകുന്നത് എന്ന്  അദ്ദേഹം പറഞ്ഞു. 

‘ഞാനൊരു ഒരു പ്രദർശകൻ കൂടി ആയിരുന്നതു കൊണ്ടാണ് ഇതു കാണുമ്പോൾ വേദന തോന്നുന്നത്. ആദ്യ ദിവസങ്ങളിൽ തിയറ്ററിൽ അധികം ആളു കയറിയില്ലെങ്കിലും പിന്നീട് അഭിപ്രായം കേട്ടറിഞ്ഞ് അവർ ആ സിനിമ കാണാൻ എത്തുമ്പോഴേയ്ക്കും അടുത്ത സിനിമയ്ക്കു അത് വഴി  മാറുന്നതാണ് ഇപ്പോൾ കാണുന്നത്. നേരത്തെ എക്സിബിറ്റേഴ്സ് തന്നെ ആഗ്രഹിച്ചിരുന്നത് ഒരു പുതിയ ചിത്രം വരുമ്പോൾ ഇതൊരു അമ്പതു ദിവസം ഓടണേ എന്നായിരുന്നു. ഇത്തരത്തിൽ നിരവധി നല്ല സിനിമകളാണ് ആളുകളിൽ എത്തിയിട്ടുള്ളത്. നന്ദനം ഒക്കെ അതിന് ഉദാഹരണമാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് അതിന് കലക്‌ഷൻ കിട്ടിയത്.’–സിയാദ് കോക്കർ പറഞ്ഞു.

‘കഴിഞ്ഞ ദിവസം ഞാനും നീയും എന്ന സിനിമ പ്രദർശിപ്പിക്കുന്ന ഒരു തീയറ്ററിൽ 30 പേർ ഒരുമിച്ച് സിനിമ കാണാൻ ചെന്നിട്ടും സമയം കഴിഞ്ഞു, ഇന്നിനി ഷോ ഇല്ല എന്നു പറഞ്ഞു തിരിച്ചു വിട്ടു എന്നറിഞ്ഞു. ഇത് ശരിയായ പ്രവണതയല്ല, ഈ കാഴ്ചപ്പാട് മാറ്റണം. പ്രദർശകരുടെ ഈ ഒരു കാഴ്ചപ്പാടിനെതിരെ എല്ലാ സംഘടനകളുമായും സംസാരിക്കുന്നുണ്ട്. 35 വർഷമായി സിനിമാ രംഗത്തുള്ളയാളാണ് താൻ. ഇത്രയും നല്ല അഭിപ്രായമുള്ള ഒരു സിനിമ എന്തുകൊണ്ടാണ് മാറ്റി മറ്റൊരു സിനിമ പ്രദർശിപ്പിക്കാത്തത് എന്നറിയില്ല. ഞങ്ങളുടെ സിനിമ മാറ്റി മറ്റൊരു സിനിമ റിലീസ് ചെയ്യുമ്പോൾ അതും എത്രത്തോളം ആളുകൾ എത്തും എന്ന് വിലയിരുത്താതെയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ജോസഫ് എന്ന സിനിമ ആദ്യം മാറ്റിയിട്ട് പിന്നെ തിയേറ്ററുകളിലേയ്ക്ക് തിരിച്ചു കൊണ്ടുവരേണ്ടി വന്നത്. – സിയാദ് കോക്കർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA