‘അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ്’; ഗണേഷ്കുമാർ വിവാദത്തിൽ ജോയ് മാത്യു

കൊല്ലം ∙ യുവാവിനെയും അമ്മയെയും നടുറോഡിൽ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കേസിൽ മാപ്പുപറഞ്ഞു കെ.ബി.ഗണേഷ്കുമാർ എംഎൽഎ തടിയൂരിയിരുന്നു. നിരപരാധിയാണെന്നു നിയമസഭയിൽപോലും ആണയിട്ട എംഎൽഎ കേസിലെ ഗുരുതര വകുപ്പുകൾ ഭയന്ന് ഒത്തുതീർപ്പിനു തയാറാകുകയായിരുന്നു. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ, സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾപ്രകാരം കേസെടുത്തിരുന്നെങ്കിൽ എംഎൽഎ സ്ഥാനത്തിനുപോലും ഭീഷണി ഉയരുമായിരുന്നു. ഒന്നുമുതൽ അഞ്ചു വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണിത്. 

വിഷയത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ലോകത്തിനുതന്നെ മാതൃകയാകുന്നത്‌ ഇത്തരം സംഭവങ്ങളിലൂടെയാണെന്ന് ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പ്–

അഴിച്ചുപണി എന്ന് പറഞ്ഞാൽ ഇതാണ്. എത്രവേഗമാണ് എംഎൽഎ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കൺമുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എംഎൽ എ ക്കെതിയുള്ള പരാതി പിൻവലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുൻകൈയെടുത്ത കേരളാ പൊലീസിന്റ മാതൃകാപരമായ പ്രവർത്തനം ശ്ലാഘനീയം തന്നെ.

ഉയർന്ന ഉദ്യോഗസ്‌ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പൊലീസുകാരൻ ഗവാസ്കറുടെ കാര്യത്തിലും കേരളാപൊലീസ്‌ ഇങ്ങനെ ഉണർന്ന് പ്രവർത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം-അതിനാൽ ടിവിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന അമ്മമാർക്കും തല്ലുകൊള്ളികളായ മക്കൾക്കും "നീതി കൊടുക്കൂ "എന്ന് പറഞ്ഞ് പ്രതികരിക്കാൻ ആരും മിനക്കെടേണ്ട,വെയ്സ്റ്റുകൾക്കു വേണ്ടിയുള്ള വെയിസ്റ് ആണത് .

പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ലോകത്തിനുതന്നെ മാതൃകയാകുന്നത്‌.’–ജോയ് മാത്യു പറഞ്ഞു.

പുനലൂരിലെ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ഓഫിസിലായിരുന്നു ഒത്തുതീർപ്പു ചർച്ച. പരാതിക്കാരി അഗസ്ത്യക്കോട് പുലിയത്ത് ഷീനയ്ക്കൊപ്പം ബന്ധുക്കളും എത്തിയിരുന്നു. ഗണേഷ്കുമാർ അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയ്ക്കും എൻഎസ്എസ് പ്രാദേശിക നേതാക്കൾക്കും ഒപ്പമാണെത്തിയത്. ഷീനയുടെ മകൻ, മർദനമേറ്റ അനന്തകൃഷ്ണൻ (22) എത്തിയില്ല. കേസ് ഒത്തുതീർന്നതിൽ സന്തോഷമുണ്ടെന്നും തുടർനടപടികൾക്കു ബാലകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തിയെന്നും ഷീന പറഞ്ഞു. ‘സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചത്’ എന്നു പറഞ്ഞു ഗണേഷ് കുടുംബത്തോടു മാപ്പുചോദിച്ചതായാണ് അറിവ്.

‘ചെയ്തതു തെറ്റായിപ്പോയി’ എന്ന ഒറ്റവാചകത്തിൽ ബാലകൃഷ്ണപിള്ള ചർച്ചയ്ക്കുശേഷമുള്ള പ്രതികരണം ഒതുക്കി. ഗണേഷ് തിടുക്കത്തിൽ നടന്നുപോയി. കേസ് പിൻവലിക്കാൻ അടുത്ത ദിവസംതന്നെ ഷീനയും മകനും കോടതിയിലും പൊലീസിലും അപേക്ഷ നൽകും. ഷീനയുടെ ചെങ്ങന്നൂരിലുള്ള അടുത്ത ബന്ധുക്കളുടെ ഇടപെടലാണ് ഒത്തുതീർപ്പിനു കളമൊരുക്കിയതെന്നു സൂചനയുണ്ട്. 13ന് ഉച്ചയോടെ അഞ്ചൽ അഗസ്ത്യക്കോട് പ്രദേശത്തെ ഇടുങ്ങിയ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം.

ഗണേഷിന്റെ കാറിന് എതിർദിശയിൽ കാറിലെത്തിയ അനന്തകൃഷ്ണൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം. അനന്തകൃഷ്ണനെ കാറിൽനിന്നു പിടിച്ചിറക്കി തല്ലിയെന്നാണു കേസ്. മകനെ തല്ലുന്നതു കണ്ടു കാറിൽനിന്നിറങ്ങി തടസ്സംപിടിച്ച തന്നെ ഗണേഷ് കയ്യിൽ കടന്നുപിടിച്ചു തള്ളിയെന്നു ഷീന പരാതി നൽകിയെങ്കിലും പൊലീസ് ദുർബല വകുപ്പുകളാണു ചുമത്തിയത്. എന്നാൽ, ഷീന കോടതിയിൽ രഹസ്യമൊഴി നൽകിയതോടെ എങ്ങനെയും പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമമായി. 

പിന്മാറാം, പക്ഷേ... 

സ്ത്രീത്വത്തെ അപമാനിച്ചെന്ന 354 വകുപ്പു പ്രകാരം കോടതിയിൽ രഹസ്യമൊഴി (164 സ്റ്റേറ്റ്മെന്റ്) കൊടുത്താലും പരാതിക്കാരിക്കു കേസിൽനിന്നു പിന്മാറാം. ആദ്യം പറഞ്ഞതു നുണയാണെന്നു ചൂണ്ടിക്കാട്ടി ഐപിസി 195 വകുപ്പുപ്രകാരം പരാതിക്കാരിക്കെതിരെ കോടതിക്കു വേണമെങ്കിൽ കേസെടുക്കാം. എന്നാൽ, ഇങ്ങനെ പാടില്ലെന്ന വിധിന്യായങ്ങൾ പിന്നീടുണ്ടായിട്ടുണ്ട്.