ആ യുവതാരം ഇന്ന് മോഹൻലാലിന്റെ ലൊക്കേഷൻ തപ്പി നടക്കുന്നു: വിനയൻ

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത സംഭവത്തിൽ ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പു പറയണമെന്ന് സംവിധായകൻ വിനയൻ. ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം ബുദ്ധിശൂന്യമാണെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെപ്പോയെന്നും വിനയന്‍ ചോദിക്കുന്നു. ‘കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാർ ഉണ്ടായിരുന്നു. അതിൽ ഒരാളെ പുതിയ കമ്മിറ്റിയിൽ എടുത്തു. വേറൊരാള്‍ ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹം എവിടെപ്പോയി. ഞാൻ അറിഞ്ഞത് അദ്ദേഹം മോഹൻലാലിനെവെച്ച് ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷൻ തപ്പി നടക്കുകയാണെന്നാണ്. ഇവർക്കൊക്കെ സ്വന്തം കാര്യങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയാണ്. കലാകാരന്മാരുടെ അവസ്ഥ ഇതാണ്.’–വിനയൻ പറയുന്നു.

വിനയന്റെ വാക്കുകൾ–

രാജിവെച്ച നടിമാർ കാണിച്ച തന്റേടത്തെ അഭിനന്ദിക്കുന്നു. അവർക്ക് അതേ ചെയ്യാൻ കഴിയൂ. കാരണം നമുക്ക് അറിയാം, അമ്മ എന്ന സംഘടന സൂപ്പർതാരങ്ങൾക്ക് പുറകെ ചുറ്റിത്തിരിയുന്ന സംഘടനയാണ്. ഭിക്ഷാന്ദേഹികൾ അപ്പകഷ്ണത്തിന് കാത്തുനിൽക്കുന്നതുപോലെ അവസരത്തിന് കാത്തുനിൽക്കുന്ന കുറച്ച് ആളുകൾ. അവരുടെ കൂടാരമാണ് അമ്മ. അത് ഇപ്പോഴും അങ്ങനെതന്നെയാണ്. കാരണം ഇത്രയും മണ്ടത്തരംപിടിച്ച തീരുമാനം എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല.

ദിലീപിനെ തിരിച്ചെടുത്തതിൽ ഞാൻ തർക്കിക്കാനില്ല. ഇങ്ങനെയൊരു തീരുമാനം അവർ അങ്ങനെ ഒരുമിച്ച് എടുക്കുമ്പോൾ ആ പെൺകുട്ടിയെ ഇവർ മറന്നുപോയി. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംസാരിക്കാന്‍ ആരും എന്തുകൊണ്ട് മുതിര്‍ന്നില്ല. ഞങ്ങൾ ആ കുട്ടിക്കൊപ്പം ഉണ്ടെന്നെങ്കിലും പറയാനുള്ള ബുദ്ധിയോ മാന്യതയോ ഇല്ലാത്ത ഇവരെ എങ്ങനെയൊരു സാംസ്കാരിക കൂട്ടായ്മ എന്നുവിളിക്കാൻ പറയും.

ഇത്ര ധൃതിപിടിച്ച് ദിലീപിനെ തിരിച്ചെടുത്തത് കൊണ്ട് അദ്ദേഹത്തിന് ഗുണമുണ്ടോ? ഇത് ആരോടോ വാശി കാണിക്കുന്നതുപോലെ ചെയ്തതാണ്. കഴിഞ്ഞ യോഗത്തില്‍ മോശമായി പ്രതികരിച്ച ചില നടന്‍മാര്‍ ഉണ്ടായിരുന്നു എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ അവരാണ് അതിനു പിന്നിലെന്ന് എനിക്ക് തോന്നുന്നു. ഇത്തവണത്തെ യോഗത്തില്‍ ഒരാളെ കൊണ്ട് ചോദിപ്പിച്ചാണ് നടനെ തിരിച്ചെടുത്തത്. മോഹന്‍ലാല്‍ അമരത്തിരിക്കുന്ന ഈ സംഘടന എന്തു മണ്ടത്തരമാണ് കാണിച്ചത്? മോഹൻലാലിനെപ്പോലുള്ള ഒരാളെ പുകമറയിൽ നിർത്തി തീരുമാനം നടപ്പാക്കുകയായിരുന്നു. ‌‌‌

ആ പെൺകുട്ടിക്ക് വേണ്ടി ഒരു വെറും വാക്ക് പോലും പറയാത്ത ഇവർ വെറും മന്ദബുദ്ധികളാണെന്നാണ് എന്റെ അഭിപ്രായം. ഇത് കേരളത്തിലെ സാക്ഷരസമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ഇവരൊക്കെയാണ് നമ്മുടെ സാംസ്കാരിക നായകന്മാർ. ആ സംഘടനയ്ക്ക് അകത്ത് തന്റേടത്തുകൂടി പറയാനോ പ്രവർത്തിക്കാനോ ആരും തന്നെ ഇല്ല.

കഴിഞ്ഞ തവണ ഈ പ്രശ്നം വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച രണ്ട് മൂന്ന് യുവനടന്മാർ ഉണ്ടായിരുന്നു. അതിൽ ഒരാളെ പുതിയ കമ്മിറ്റിയിൽ എടുത്തു. വേറൊരാള്‍ ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹം എവിടെപ്പോയി. ഞാൻ അറിഞ്ഞത് അദ്ദേഹം മോഹൻലാലിനെവെച്ച് ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷൻ തപ്പി നടക്കുകയാണെന്നാണ്. ഇവർക്കൊക്കെ സ്വന്തം കാര്യങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയാണ്. കലാകാരന്മാരുടെ അവസ്ഥ ഇതാണ്. പ്രമുഖ സംവിധായകർ ആണെങ്കിലും നടന്മാരാണെങ്കിലും സിനിമയിൽ കാണിക്കുന്ന ആദർശം ജീവിതത്തിൽ കാണിക്കാൻ കഴിയില്ല.

അമ്മ ആദ്യം കാലഘട്ടം മുതലേ എടുത്ത നിലപാടുകളില്‍ പ്രശ്‌നം ഉണ്ടെന്ന് ഞാന്‍ അന്നത്തെ ഭാരവാഹികളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. തിലകന്‍ ചേട്ടനെ വിലക്കിയത്, അദ്ദേഹത്തെ സിനിമയില്‍ അഭിനയിപ്പിച്ചതിന്റെ പേരില്‍ എന്നെ വിലക്കിയത്, അതൊക്കെ പഴയകാലം. പക്ഷേ ഇനിയും ഈ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?

ഇത്രയം പേരെ എതിർത്ത് നിന്നപ്പോൾ അന്ന് എന്റെ ഭാഗത്താണ് തെറ്റെന്ന് ചിന്തിച്ചവരാണ് ഇവിടെയുളള ജനങ്ങൾ. അത് തെറ്റാണെന്ന് സ്ഥാപിച്ചെടുക്കാന്‍ വർഷങ്ങൾ വേണ്ടിവന്നു. അമ്മ വെറും കോടാലിയാണെന്ന് പറഞ്ഞതിന്റെ കാരണത്താലാണ് അദ്ദേഹത്തെ ഇവർ വിലക്കിയത്. ഇപ്പോൾ പല സംവിധായകരും തിലകൻ ചേട്ടനെപ്പറ്റി പറയുന്നുണ്ട്. അന്നൊരു നാല് സംവിധായകർ എങ്കിലും തിലകൻ ചേട്ടന്റെ കൂടെനിന്നിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു.

‘അമ്മ’ എന്നത് ഗ്ലാമറിന്റെയും പൈസയുടെയും പുറകെയാണ്. അതുകൊണ്ടാണ് സൂപ്പർതാരങ്ങൾ തന്നെ വീണ്ടും വീണ്ടും നേതാക്കന്മാരായി തിരഞ്ഞെടുക്കുന്നത്. രാജവാഴ്ച കഴിഞ്ഞിട്ട് എത്രയോ വർഷമായി, കുറച്ച് കൂടി ജനാധിപത്യപരമാകണം ഈ സംഘടന. പണ്ട് തിലകൻ ചേട്ടനെ വിലക്കിയപ്പോൾ ഈ വിഷയം ചര്‍ച്ച ചെയ്യാൻ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബിയുടെ അടുത്ത് പോയിരുന്നു. സമയമായിട്ടില്ല മിസ്റ്റർ വിനയൻ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്ത് സമയം, പിന്നീട് തിലകൻ ചേട്ടൻ മരിച്ച് കഴിഞ്ഞപ്പോൾ പറഞ്ഞു, സമയം കഴിഞ്ഞുപോയെന്ന്. സിപിഎംമ്മിന് അവരുടേതായ അ‍ജണ്ടകൾ ഉണ്ട്.

അല്ലെങ്കിൽ മുകേഷ് എന്ന നടൻ ഇത്രവൃത്തികേടുകൾക്ക് കൂട്ടുനിന്നിട്ട് എന്തേ ഇവർക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല. ഇപ്പോൾ ഈ എടുത്ത തീരുമാനത്തിന് പിന്നിലും അദ്ദേഹം തന്നെ. ഇതൊക്കെ കയ്യടിച്ച് പാസാക്കി, ഇനിയൊന്നും ചർച്ച ചെയ്യേണ്ടെന്ന് അദ്ദേഹം തന്നെയാണ് കമ്മിറ്റിയിൽ പറഞ്ഞത്. സ്ക്രീനിൽ കാണിക്കുന്ന ചട്ടമ്പിത്തരങ്ങൾ മാറ്റിവെച്ച് ജീവിതത്തിൽ കുറച്ച് മാന്യന്മാർ ആകുക.