‘കൈനീട്ട’ പരിഹാസം: ഖേദം പ്രകടിപ്പിച്ച് കമല്‍

അമ്മയുടെ കൈനീട്ടത്തെ പരിഹസിച്ചതിന് ഖേദം പ്രകടിപ്പിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല പ്രതികരിച്ചതെന്നും  അദ്ദേഹം വിശദീകരിച്ചു. രാജിവച്ച നടിമാര്‍ക്ക് പിന്തുണ നല്‍കുന്നു. പക്ഷേ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതികരിക്കുന്നില്ലെന്നും കമല്‍ പറഞ്ഞു. 

മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്‍ദനന്‍ എന്നിവരാണ് കമലിനെതിരെ രംഗത്തെത്തിയത്.  'അമ്മ'യുടെ കൈനീട്ടംവാങ്ങുന്നതിനെ പരിഹസിച്ചതിനെതിരെയായിരുന്നു നിലപാട്. ഒൗദാര്യത്തിനായി കൈനീട്ടി നില്‍കുന്നവരെന്നായിരുന്നു കമലിന്‍റെ പരാമര്‍ശം. കൈനീട്ടം ഒൗദാര്യമല്ല സ്നേഹസ്പര്‍ശമെന്ന് പരാതിക്കാര്‍ മന്ത്രി എകെ ബാലനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. അവകാശത്തെ ഒൗദാര്യമായി കാണുന്നയാള്‍ അക്കാദമി തലപ്പത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നുവെന്നും അവര്‍ കത്തില്‍ വ്യക്തമാക്കി. 

ദശാബ്ദങ്ങളായി മലയാള സിനിമയിൽ അഭിനേതാക്കളായി പ്രവർത്തിക്കുന്നവരാണ്‌ ഞങ്ങൾ. എത്രയോ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിച്ചു. ആ വേഷപകർച്ചകളിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക ജീവിതത്തിൽ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്‌. ആ നിലയിൽ തന്നെയാണ്‌ കേരളത്തിലെ ജനങ്ങൾ ഞങ്ങളെ കാണുന്നതും സ്നേഹിക്കുന്നതും. 

ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങൾക്ക്‌ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങൾ കാണുന്നത്‌. അത്‌ ഒരു സ്നേഹസ്പർശ്ശമാണ്‌. തുകയുടെ വലിപ്പത്തേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ ഞങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌– അവര്‍ കത്തില്‍ പറഞ്ഞു.