‘ആരെയും പിന്തിപ്പിക്കാൻ ശ്രമിച്ചിട്ടില്ല’: പത്മപ്രിയയ്ക്ക് മറുപടിയുമായി ഇടവേള ബാബു

കൊച്ചി∙ അമ്മയിൽ ജനാധിപത്യമില്ലെന്നും ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിക്കുന്ന രീതിയാണെന്നും നടി പത്മപ്രിയ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ച പാർവതി തിരുവോത്തിനെ പിന്തിരിപ്പിച്ചത് ഇടവേള ബാബുവാണെന്നും പത്മപ്രിയ പറഞ്ഞിരുന്നു. എന്നാൽ പാർവതിയെ താൻ പിന്തിരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. പാർവതിയെ പാനലിൽ ഉൾപ്പെടുത്തി ഭാരവാഹിയാക്കാനാണു താൻ ശ്രമിച്ചതെന്നും ഡബ്ല്യുസിസി കൂട്ടായ്മയിലെ മറ്റൊരു പ്രമുഖ നടിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിക്കാൻ ശ്രമിച്ചെന്നും ബാബു പറഞ്ഞു.

‘പാർവതിയെ മാത്രമല്ല, ആരെയും പിന്തിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ആർക്കു വേണമെങ്കിലും അമ്മ ഓഫിസിൽനിന്ന് നാമനിർദേശ പത്രിക ലഭിക്കുമായിരുന്നു. പാനലിനു പുറത്തുനിന്ന് ഉണ്ണി ശിവപാൽ ഇങ്ങനെ പത്രിക നൽകിയിരുന്നു. നിർവാഹക സമിതിയിൽ ഉൾപ്പെടുത്താനായി അമ്മ ഷോയ്ക്കിടെ പാർവതിയോടു താൻ സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരിക്കുമെന്നായിരുന്നു മറുപടി.

ഡബ്ല്യുസിസി കൂട്ടായ്മയിലെ പ്രമുഖ നടിയോടു വൈസ് പ്രസിഡന്റാവണമെന്നു പറഞ്ഞപ്പോൾ എല്ലാ പിന്തുണയുമുണ്ടാവുമെന്നും ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു’’– ബാബു പറഞ്ഞു.

അമ്മ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം മോഹൻലാൽ നടത്തിയ വാർത്ത സമ്മേളനത്തോട് പ്രതികരിക്കുന്നതിനിടെയാണ് പത്മപ്രിയ ഇക്കാര്യങ്ങൾ െവളിപ്പെടുത്തിയത്.

‘‘അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ച പാർവതി തിരുവോത്തിനെ അമ്മ സെക്രട്ടറിയാണു പിന്തിരിപ്പിച്ചത്. ഭാവനയ്ക്കും രമ്യ നമ്പീശനും പുറമേ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരും അമ്മയ്ക്കു രാജിക്കത്ത് നൽകിയിട്ടുണ്ട്. ഇ- മെയിൽ വഴിയാണ് രാജി സമർപ്പിച്ചത്. ഇവരുടെ രാജിക്കത്ത് കിട്ടിയില്ലെന്നു മോഹൻലാൽ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല.’–പത്മപ്രിയ പറയുന്നു.

ജനറൽബോഡി അജൻഡയിൽ ദിലീപിനെ പുറത്താക്കിയ വിഷയം ഉണ്ടായിരുന്നില്ല. അമ്മയുടെ സ്റ്റേജ് ഷോയിലെ വിവാദ സ്കിറ്റ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അതിനെ തമാശയായി കാണണമെന്ന അഭിപ്രായം അംഗീകരിക്കാനാവില്ല’’– പത്മപ്രിയ വ്യക്തമാക്കി.