ബ്രസീൽ തോറ്റതിന് ചങ്കു തകർന്ന കുട്ടി, സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകൻ

'അർജന്റീന തോറ്റു, ഞാൻ എന്തെങ്കിലും പറ‍ഞ്ഞോ..? ബ്രസീല്‍ തോറ്റതിന് എല്ലാവരും അവനെ കുറ്റപ്പെടുത്തിയപ്പോൾ തകർന്നുപോയി ബ്രസീലിന്റെ ഈ ചങ്ക് ആരാധകൻ. സഹിക്കാൻ പറ്റിയില്ല. സൈക്കിൾ മറിച്ചിട്ടാണ് കുറ്റപ്പെടുത്തുന്നവരോടുള്ള പ്രതിഷേധം. ബ്രസീൽ തോറ്റതു മാത്രമല്ല കാര്യം, മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുന്നത് താനാണ്.

''ബ്രസീൽ തോറ്റതിന് നിങ്ങൾ എന്നെയല്ലേ കുറ്റപ്പെടുത്തുന്നത്?'' പയ്യൻറെ ചോദ്യം. ''നീ ബ്രസീൽ ആരാധകനല്ലേ'' എന്ന് മറുചോദ്യം. അപ്പോഴാണ് അർജന്റീന തോറ്റപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞോ എന്ന ഉത്തരം.

വിഡിയോ പലരിലും ചിരി പടർ‌ത്തിയെങ്കിലും സംവിധായകൻ അനീഷ് ഉപാസന ഒരു പടി കൂടി കടന്ന് അവനെ സിനിമയിൽ അഭിനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ''ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ?? പുതിയ ചിത്രമായ ‘മധുരക്കിനാവ്’ ലേക്കാണ്'' എന്ന അന്വേഷണം സംവിധായകൻ അറിയിച്ചത് ഫെയ്സ്ബുക്കിലൂടെയാണ്. ഏതായാലും വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.